Asianet News MalayalamAsianet News Malayalam

'ഐഎസ്ആര്‍ഒയില്‍ നിന്ന് തുടര്‍ച്ചയായി അഭിമാന നേട്ടങ്ങള്‍'; ആദിത്യ എല്‍1 വിക്ഷേപണ വിജയത്തില്‍ മുഖ്യമന്ത്രി 

വിജയകരമായ ചന്ദ്രയാന്‍-3 ദൗത്യത്തിനു ശേഷം ഇന്ത്യയുടെ ബഹിരാകാശ പര്യവേഷണ രംഗത്ത് പുതിയ മുന്നേറ്റം കുറിച്ചാണ് ആദിത്യ എല്‍1 യാത്ര തുടങ്ങുന്നതെന്ന് മുഖ്യമന്ത്രി. 

kerala cm congratulates ISRO on Aditya L1 Successful Launch joy
Author
First Published Sep 2, 2023, 7:38 PM IST | Last Updated Sep 2, 2023, 7:38 PM IST

തിരുവനന്തപുരം: രാജ്യത്തിന്റെ ആദ്യ സൗരപര്യവേഷണ ഉപഗ്രഹമായ ആദിത്യ എല്‍1 വിജയകരമായി വിക്ഷേപിച്ച ഐഎസ്ആര്‍ഒയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തിന് അഭിമാനകരമായ നേട്ടങ്ങളാണ് തുടര്‍ച്ചയായി ഐഎസ്ആര്‍ഒയില്‍ നിന്നുണ്ടാവുന്നത്. വിജയകരമായ ചന്ദ്രയാന്‍-3 ദൗത്യത്തിനുശേഷം ഇന്ത്യയുടെ ബഹിരാകാശ പര്യവേഷണ രംഗത്ത് പുതിയ മുന്നേറ്റം കുറിച്ചാണ് ആദിത്യ എല്‍1 യാത്ര തുടങ്ങുന്നത്. ദൗത്യത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നു. ബഹിരാകാശ രംഗത്ത് തുടര്‍ന്നും അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ ഐഎസ്ആര്‍ഒയ്ക്ക് കഴിയട്ടെ എന്ന് മുഖ്യമന്ത്രി ആശംസിച്ചു. 

ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പര്‍ ലോഞ്ച് പാഡില്‍ നിന്ന് രാവിലെ 11.50 യോടെയാണ് ആദിത്യ എല്‍ ഒന്നിന്റെ വിക്ഷേപണം നടന്നത്. ഇനി നാലു മാസം നീളുന്ന യാത്രയാണ് ആദിത്യ എല്‍ ഒന്നിന്റെ മുന്നിലുള്ളത്. ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെ ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കാണ് പേടകത്തെ അയക്കുന്നത്. എല്‍ വണ്ണിന് ചുറ്റുമുള്ള ഹാലോ ഓര്‍ബിറ്റില്‍ പേടകത്തെ സ്ഥാപിക്കുകയാണ് ലക്ഷ്യം. ആദിത്യയുടെ ആദ്യ മൂന്നു ഘട്ടങ്ങള്‍ വിജയകരമായി പിന്നിട്ടു. പേലോഡുകള്‍ വിജയകരമായി വേര്‍പെട്ടതായി ഐഎസ്ആര്‍ഒ അറിയിച്ചു.

ചന്ദ്രനെ തൊട്ട് പത്ത് നാള്‍ തികയും മുമ്പ് മറ്റൊരു സുപ്രധാന ദൗത്യം നടത്തിയിരിക്കുകയാണ് ഐഎസ്ആര്‍ഒ. സൂര്യനെ പഠിക്കാനുള്ള ആദിത്യ എല്‍ 1, ഇസ്രോയുടെ മറ്റ് ദൗത്യങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ്. ഇസ്രൊയ്ക്കപ്പുറമുള്ള ശാസ്ത്ര സ്ഥാപനങ്ങളുടെ പങ്കാളിത്തം മുതല്‍ പോകുന്നയിടം വരെ ഈ ദൗത്യത്തെ വേറിട്ട് നിര്‍ത്തുന്നു. സൂര്യനെ പഠിക്കാനുള്ള ആദ്യ ഇന്ത്യന്‍ ദൗത്യം. സൂര്യന്റെ കൊറോണയെ പറ്റിയും, കാന്തികമണ്ഡലത്തെ പറ്റിയും, സൂര്യസ്‌ഫോടനങ്ങളെ പറ്റിയും കൂടുതല്‍ വിവരങ്ങള്‍ ആദിത്യയിലൂടെ മനസിലാക്കാന്‍ പറ്റുമെന്നാണ് പ്രതീക്ഷ. ആദിത്യയുടെ യാത്ര സൂര്യനെ അടുത്തറിയാനാണെങ്കിലും സൂര്യനിലേക്ക് നേരിട്ട് ചെല്ലില്ല. സൗരയൂഥത്തിന്റെ ഊര്‍ജ കേന്ദ്രത്തെ ഒരു തടസവും കൂടാതെ നിരീക്ഷിക്കാന്‍ പറ്റുന്നൊരിടമാണ് ആദിത്യയുടെ ലക്ഷ്യം. ഭൂമിയില്‍ നിന്ന് 15 ലക്ഷം കിമീ അകലെയുള്ള ഹാലോ ഓര്‍ബിറ്റാണ് ആദിത്യ ലക്ഷ്യമിടുന്നത്.

 രാജമൗലി ചിത്രത്തിന്റെ പകുതി ചെലവ് മാത്രം, യാത്ര 125 ദിവസം; അഭിമാനമായി ആദിത്യ-എൽ1, വിജയച്ചിരിയോടെ ഇസ്രോ 
 

Latest Videos
Follow Us:
Download App:
  • android
  • ios