ഐഎഫ്എസ് പ്രതീക്ഷയിൽ മാലിനി, ലക്ഷ്യം നേടിയ സന്തോഷത്തിൽ ദീന; ശ്രമം തുടരാൻ അശ്വതി
നാലാമത്തെ ശ്രമത്തിൽ പട്ടികയിൽ ഇടംപിടിച്ച തിരുവനന്തപുരം സ്വദേശി അശ്വതി ഐഎഎസ് എന്ന ലക്ഷ്യത്തിലേക്കുള്ള പോരാട്ടത്തിലാണ്
തിരുവനന്തപുരം: ഇത്തവണത്തെ സിവിൽ സർവീസ് ഫലം പ്രഖ്യാപിച്ചപ്പോൾ കേരളത്തിൽ നിന്ന് ഇക്കുറി കൂടുതൽ പേർ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. പ്ലസ് ടു വരെ സൗദിയിൽ പഠിച്ച ദീന ദസ്തഗീർ എന്ന പ്രവാസി മലയാളിക്ക് ഇത് സ്വപ്നസാക്ഷാത്കാരമാണ്. 135ാം റാങ്ക് നേടിയ മാലിനിക്കാകട്ടെ, താൻ ലക്ഷ്യമിട്ട ഐഎഫ്എസ് കിട്ടുമെന്ന പ്രതീക്ഷയാണുള്ളത്. നാലാമത്തെ ശ്രമത്തിൽ പട്ടികയിൽ ഇടംപിടിച്ച തിരുവനന്തപുരം സ്വദേശി അശ്വതി ഐഎഎസ് എന്ന ലക്ഷ്യത്തിലേക്കുള്ള പോരാട്ടത്തിലാണ്.
നൂറ് റാങ്കിനകത്ത് വരുമെന്ന് പ്രതീക്ഷയുണ്ടായിരുന്നുവെന്ന് മാലിനി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 'ലിസ്റ്റിൽ വന്നത് തന്നെ വലിയ സന്തോഷമാണ്. 2017 മുതലാണ് ഈ ശ്രമം തുടങ്ങിയത്. നാലാമത്തെ ശ്രമത്തിലാണ് റാങ്ക് ലിസ്റ്റിൽ കയറിയത്. തിരുവനന്തപുരത്ത് സ്വകാര്യ സ്ഥാപനത്തിലായിരുന്നു പഠനം. സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെടാൻ ആത്മാർത്ഥമായി പരിശ്രമിക്കുകയെന്നാണ് എല്ലാവരോടും പറയാനുള്ളത്. ഐഎഫ്എസാണ് ആദ്യ ഓപ്ഷനായി നൽകിയത്.' കിട്ടുമോയെന്ന് അറിയില്ലെന്നും മാലിനി പറഞ്ഞു.
ഒരുപാട് കാലത്തെ പ്രയത്നത്തിന്റെ അവസാനമാണിതെന്നായിരുന്നു ദീന ദെസ്തഗീറിന്റെ പ്രതികരണം. 'ഞാനൊരു പ്രവാസിയാണ്. എൽകെജി മുതൽ പ്ലസ് ടു വരെ സൗദിയിലാണ് പഠിച്ചത്. അച്ഛനൊരു സയന്റിസ്റ്റാണ്. സ്കൂളിൽ നിന്നും അച്ഛന്റെയടുത്ത് നിന്നും കുട്ടിക്കാലം തൊട്ടേ കിട്ടിയതാണ് സിവിൽ സർവീസ് മോഹം. അച്ഛനും അമ്മയും സഹോദരനുമാണ് വലിയ പിന്തുണ നൽകി ഒപ്പം നിന്നത്.' ഐഎഎസാണ് താത്പര്യമെന്നും അവർ വ്യക്തമാക്കി.
മൂന്ന് വട്ടവും പ്രിലിമിനേഷൻ പോലും കിട്ടാതെ പരാജയപ്പെട്ടപ്പോഴും കഠിനാധ്വാനം നടത്തിയാണ് അശ്വതി ഇക്കുറി സിവിൽ സർവീസ് പട്ടികയിൽ ഇടംപിടിച്ചത്. കെട്ടിട നിർമാണ തൊഴിലാളിയാണ് അശ്വതിയുടെ അച്ഛൻ. എഞ്ചിനീയറിങ് പാസായ ശേഷം രണ്ട് വർഷം ജോലി ചെയ്തിരുന്നു. പിന്നീടാണ് ജോലി ഉപേക്ഷിച്ച് സിവിൽ സർവീസിനായി ശ്രമം തുടങ്ങിയത്. 2017 മുതൽ ആരംഭിച്ച ശ്രമങ്ങളിൽ മൂന്ന് വട്ടവും പ്രാഥമിക ഘട്ടം കടന്നില്ല. അപ്പോഴും അനുജൻ പാറപോലെ അശ്വതിക്ക് കൂട്ടായി നിന്നു. പട്ടികയിൽ ഇടംപിടിച്ചതിലെ സന്തോഷത്തിലും ഐഎഎസ് എന്ന മൂന്നക്ഷരം അശ്വതി മറന്നിട്ടില്ല. അതിലേക്കുള്ള ശ്രമം തുടരുമെന്ന് അവർ വ്യക്തമാക്കി.