കരിപ്പൂർ വിമാനപകടം: ചികിത്സയിലുള്ളത് 115 പേർ, ഒരാൾക്ക് കൊവിഡ്; 14 പേരുടെ നില അതീവ ഗുരുതരം
അപകടത്തിൽപ്പെട്ട വിമാനം ഡിജിസിഎ സംഘം പരിശോധിച്ചു. ഡിജിസിഎ, എയര്‍പോര്‍ട്ട് അതോറിറ്റി, എയർ ഇന്ത്യ സംഘങ്ങൾ സംയുക്തമായാണ് പരിശോധന നടത്തിയത്
മലപ്പുറം: കരിപ്പൂർ വിമാന അപകടത്തിൽ പരിക്കേറ്റ 115 പേർ കോഴിക്കോട്, മലപ്പുറം ജില്ലകളിലായി ചികിത്സയിൽ തുടരുന്നുണ്ടെന്ന് മലപ്പുറം ജില്ലാ കലക്ടർ കെ ഗോപാലകൃഷ്ണൻ. ഇവരിൽ 14 പേരുടെ നില അതീവ ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നേരത്തെ പരിക്കേറ്റ് ചികിത്സയിലായിരുന്ന 57പേർ വീടുകളിലേക്ക് മടങ്ങിയെന്നും കളക്ടർ അറിയിച്ചു. അപകടത്തിൽ മരിച്ച ഒരാൾക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
അപകടത്തിൽപ്പെട്ട വിമാനം ഡിജിസിഎ സംഘം പരിശോധിച്ചു. ഡിജിസിഎ, എയര്‍പോര്‍ട്ട് അതോറിറ്റി, എയർ ഇന്ത്യ സംഘങ്ങൾ സംയുക്തമായാണ് പരിശോധന നടത്തിയത്. എയര്‍ ഇന്ത്യയുടെ സംഘം നേരത്തെ ഇവിടെ പ്രാഥമിക പരിശോധന നടത്തിയിരുന്നു. ബോയിംഗ് അന്വേഷണ സംഘം അടുത്തയാഴ്ച കരിപ്പൂരിലെത്തുമെന്ന് ഡിജിസിഎ അരുൺ കുമാർ വ്യക്തമാക്കി. കരിപ്പൂരിൽ റൺവേ നീളം കൂട്ടുന്നത് പരിഗണിക്കണം. വിമാനം മറ്റൊരിടത്ത് ഇറങ്ങേണ്ടിയിരുന്നോ എന്നത് പൈലറ്റ് തീരുമാനിക്കേണ്ട വിഷയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിമാനത്തിലെ ലഗേജുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് പൊതു ജനങ്ങൾക്ക് എയർ ഇന്ത്യ എക്സ്പ്രസ് കോ-ഓർഡിനേറ്ററുടെ 9567273484 ഈ നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് മലപ്പുറം എസ്പി അറിയിച്ചു. പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഈ ആഴ്ച കിട്ടുമെന്ന് എയർ ഇന്ത്യ ചെയർമാൻ രാജീവ് ബൻസൽ വ്യക്തമാക്കി. വിമാനത്തിന് സാങ്കേതിക പിഴവുണ്ടായിരുന്നതായി ഇതുവരെ സൂചനകളിലെന്നാണ് ഉന്നതവൃത്തങ്ങൾ വ്യക്തമാക്കുന്നത്. അപകടത്തിൻറെ പശ്ചാത്തലത്തിൽ കരിപ്പൂരിൽ ഇഎൻഎഎസ് സംവിധാനം ഒരുക്കുന്നതും ആലോചിക്കുന്നുണ്ട്.
കരിപ്പൂർ വിമാന അപകടത്തെക്കുറിച്ച് എയർപോർട്ട് ആക്സിഡൻറ്സ് ഇൻവസ്റ്റിഗേഷൻ ബ്യൂറോ ഇന്നലെ തന്നെ അന്വേഷണം തുടങ്ങിയിരുന്നു. വിമാനത്തിൻറെ ബ്ലാക്ക് ബോക്സ് , കോക്ക്പിറ്റ് വോയിസ് റെക്കോർഡർ എന്നിവ ദില്ലിയിൽ എത്തിച്ചു. ഇവ വിശദമായി പരിശോധിക്കാൻ സമയം എടുക്കും. എന്നാൽ പ്രാഥമിക റിപ്പോർട്ട് ഇപ്പോൾ കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കും. എയർ ഇന്ത്യ അന്വേഷണത്തിന് എല്ലാ സഹകരണവും നല്കുന്നുണ്ടെന്ന് ചെയർമാൻ രാജീവ് ബനസൽ വ്യക്തമാക്കി. റൺവേയിൽ 3000 അടി മുന്നോട്ട് നീങ്ങി ഇറങ്ങിയത് മാനുഷിക പിഴവാണോ സാങ്കേതിക പ്രശ്നങ്ങളാണോ എന്നാണ് പ്രധാന പരിശോധന. വെള്ളക്കെട്ട് അപകടത്തിനിടയാക്കിയോ എന്നതിൽ ഇന്നലെ തന്നെ അന്വേഷണ സംഘം തെളിവെടുത്തിരുന്നു.