Asianet News MalayalamAsianet News Malayalam

ദീപുവിനെ ക്ലോറോഫോം മണപ്പിച്ച് ബോധം കെടുത്തി, കൊലപാതകം മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരം, ലക്ഷ്യം മോഷണം

ദീപുവിനെ കൊലപ്പെടുത്തി കഴിഞ്ഞാൽ കാറുമായി വന്ന് കൂട്ടാമെന്ന് സുനിൽ ഉറപ്പ് നൽകിയെങ്കിലും പിന്നീട് വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫായിരുന്നു

Kaliyikkavila Deepu murder pre planned says police Chloroform used to sedate victim
Author
First Published Jun 27, 2024, 11:26 AM IST

തിരുവനന്തപുരം: കളിയിക്കാവിളയിൽ ക്വാറി ഉടമ കരമന സ്വദേശി ദീപുവിനെ കൊലപ്പെടുത്തുന്നതിന് മുൻപ് ക്ലോറോഫോം മണപ്പിച്ച് ബോധം കെടുത്തിയതായി വ്യക്തമായി. കൈയിൽ ഗ്ലൗസ് ധരിച്ച പ്രതി ചൂഴാറ്റുകോട്ട അമ്പിളി കാറിൻ്റെ പിൻസീറ്റിലിരുന്നാണ് കൃത്യം നടത്തിയത്. ഡ്രൈവിങ് സീറ്റിലായിരുന്ന ദീപുവിനെ സര്‍ജിക്കൽ ബ്ലേഡ് ഉപയോഗിച്ചാണ് കഴുത്തിൽ മുറിവേൽപ്പിച്ചത്. പാറശാല സ്വദേശി സുനിലാണ് സര്‍ജിക്കൽ ബ്ലേഡും ഗ്ലൗസും അമ്പിളിക്ക് വാങ്ങി നൽകിയത്. ഇയാൾക്കായി പൊലീസ് അന്വേഷണം തുടങ്ങി

മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമായിരുന്നു കൊലപാതകം. മുണ്ടും ഷർട്ടും മാത്രം ധരിക്കുന്ന അമ്പിളിക് ടീ ഷർട്ടും പാന്റും വാങ്ങി നൽകിയത് പാറശാല സ്വദേശി സുനിലാണ്. ജെസിബി വാങ്ങാൻ വലിയൊരു തുകയുമായി കോയമ്പത്തൂരിലേക്ക് പോകാനാണ് ദീപു വന്നത്. ജെസിബി ഓപ്പറേറ്ററുമായി കളിയിക്കാവിള സ്റ്റേഷന് സമീപം നിൽക്കാമെന്ന് നേരിട്ട് കണ്ടാണ് ദീപുവിനോട് പ്രതി അമ്പിളി പറഞ്ഞത്. കളിയിക്കാവിളയിൽ എത്തിയ ദീപു വാഹനം നിര്‍ത്തിയ ശേഷം അമ്പിളിയെ കാത്തുനിന്നു. പിന്നീട് ഇവിടെയെത്തിയ അമ്പിളി കാറിൻ്റെ പിൻസീറ്റിൽ കയറി ദീപുവിനെ ക്ലോറോഫോം മണപ്പിച്ച് ബോധം കെടുത്തുകയായിരുന്നു.

ദീപുവിനെ കൊലപ്പെടുത്തി കഴിഞ്ഞാൽ കാറുമായി വന്ന് കൂട്ടാമെന്ന് സുനിൽ ഉറപ്പ് നൽകിയെങ്കിലും പിന്നീട് വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫായിരുന്നു എന്നാണ് അമ്പിളിയുടെ മൊഴി. തുടര്‍ന്ന് കാറിൽ നിന്ന് ഇറങ്ങിയ അമ്പിളി കുഴിതുറയിലെ ഒരു കടയിൽ പോയി ഓട്ടോറിക്ഷ പിടിക്കാൻ സഹായം തേടി. എന്നാൽ അത് ലഭിച്ചില്ല. ഇതോടെ ഇയാൾ നടന്ന് ബസ് സ്റ്റാൻ്റിൽ പോയി. നേരെ വീട്ടിൽ പോയ പ്രതി ഇവിടെ പണം വച്ച ശേഷം ധരിച്ചിരുന്ന വസ്ത്രം ഊരിയെടുത്ത് കത്തിച്ചുകളഞ്ഞു. ബാഗിൽ നിന്ന് പണം മാറ്റിയ ശേഷം ബാഗും കത്തിയും വീടിനടുത്തുള്ള പുഴയിൽ വലിച്ചെറിഞ്ഞു. കത്തിച്ച വസ്ത്രത്തിൻ്റെ ബാക്കി ഭാഗങ്ങൾ പ്രതിയുടെ വീട്ടിനടുത്ത് നിന്ന് കണ്ടെത്തി. ഏഴ് ലക്ഷം രൂപ ഇന്ന് പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios