Asianet News MalayalamAsianet News Malayalam

കലയുടെ മൃതദേഹം സെപ്റ്റിക് ടാങ്കിൽ നിന്ന് മാറ്റി? ആദ്യം തീരുമാനിച്ചത് മൃതദേഹം ആറ്റിൽ കളയാൻ, പിന്നീട് പിന്മാറി

മൃതദേഹം ആറ്റിൽ കളയാനാണ് ആദ്യം തീരുമാനിച്ചതെന്നും എന്നാൽ സാഹചര്യം അനുകൂലമല്ലാത്തതിനാലാണ് ഇതിൽ നിന്നും പ്രതികൾ പിന്തിരിഞ്ഞതെന്നും വിവരം

Kala dead body moved out of septic tank doubts police
Author
First Published Jul 4, 2024, 10:55 AM IST

ആലപ്പുഴ: മാന്നാര്‍ കല കൊലപാതക കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കലയുടെ മൃതദേഹം ആദ്യം ആറ്റിൽ കളയാനാണ് പ്രതികൾ തീരുമാനിച്ചതെന്നും ഇതിനാണ് വലിയ പെരുമ്പുഴ പാലത്തിനടുത്ത് മൃതദേഹം കാറിൽ എത്തിച്ചതെന്നുമാണ് വിവരം. എന്നാൽ സാഹചര്യം അനുകൂലമല്ലാത്തതിനാൽ മൃതദേഹം ആറ്റിലുപേക്ഷിച്ചില്ല. പിന്നീട് മൃതദേഹം വീട്ടിലെത്തിച്ച് സെപ്റ്റിക് ടാങ്കിൽ ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ മൃതദേഹം സെപ്റ്റിക് ടാങ്കിൽ നിന്ന് മാറ്റിയതായും പൊലീസ് ഇപ്പോൾ സംശയിക്കുന്നുണ്ട്. 15 വർഷത്തിനിടെ രണ്ട് തവണ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കിയിരുന്നുവെന്നാണ് കണ്ടെത്തൽ. സെപ്റ്റിക് ടാങ്കിൽ നിന്ന് ലഭിച്ച വസ്തുക്കൾ കോടതിക്ക് കൈമാറി.

ചെങ്ങന്നൂർ ഡിവൈഎസ്പി നേതൃത്വം നൽകുന്ന പ്രത്യേക അന്വേഷണ സംഘം പോലിസ് കസ്റ്റഡിയിൽ ഉള്ള മൂന്ന് പ്രതികളെയും ചോദ്യം ചെയ്യുകയാണ്. എങ്ങനെ കൊലപാതകം നടത്തി എന്ന കാര്യത്തിൽ പ്രതികൾ നൽകുന്ന മൊഴികളിൽ ഇപ്പോഴും വൈരുധ്യം തുടരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം പുഴയിൽ ഉപേക്ഷിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നതെന്ന് പ്രതികളിൽ ഒരാൾ മൊഴി നൽകി. പക്ഷെ സാഹചര്യം അനുകൂലമല്ലാതിരുന്നതിനാൽ തീരുമാനം മാറ്റുകയായിരുന്നു.

പിന്നീടാണ് കാറിൽ മറ്റൊരിടത്തേക്ക് മൃതദേഹം കൊണ്ടുപോയത്. സെപ്റ്റിക് ടാങ്കിൽ തന്നെയാണോ അതോ മറ്റെവിടെയെങ്കിലുമാണോ മൃതദേഹം മറവ് ചെയ്തതെന്നാണ് പൊലിസ് സംശയം. ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടാക്കാനുള്ള ശ്രമത്തിൽ ആണ് അന്വേഷണ സംഘം. ഇസ്രായേലിലുള്ള അനിലിനെ നാട്ടിൽ എത്തിക്കുകയാണ് പ്രധാനം. മൃതദേഹം എവിടെ എന്ന കാര്യത്തിൽ കൃത്യമായി വിവരം അറിയാവുന്നത് അനിലിനാണെന്നും പൊലീസ് കരുതുന്നു.

മൂന്ന് പ്രതികളുടെയും കസ്റ്റഡി കാലാവധി തീരുന്നതിന് മുമ്പ് അനിലിനെ നാട്ടിലെത്തിച്ചാൽ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനാകും. സാക്ഷികളായ സുരേഷിന്റെയും സന്തോഷിന്റെയും മൊഴികളാണ് നിലവിൽ പോലീസിന് മുന്നിൽ ഉള്ള പ്രധാനപ്പെട്ട തെളിവ്. ഇതിനിടെ പ്രതി അനിലിന്റെ അച്ഛന്റെയും അമ്മയുടെയും സഹോദരിയുടെയും പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കലയുടെ സഹോദരൻ അനിൽ രംഗത്തെത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios