അനൂപിനെ 28 തവണ ബിനീഷ് വിളിച്ചത് കമ്മ്യൂണിസം പഠിപ്പിക്കാനാണോ: കെ.മുരളീധരൻ
ചവറ - കുട്ടനാട് ഉപതെരഞ്ഞെടുപ്പുകൾ വേണ്ടെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്ന് കെ.മുരളീധരൻ. ജയിക്കുന്നവർക്ക് ലെറ്റർ പാഡ് അടിക്കാനോ നിയമസഭ കാണാനോ പോലും അവസരം ലഭിക്കില്ലെന്നും മുരളീധരൻ.
കോഴിക്കോട്: കൊലപാതക കേസിനേക്കാൾ മാരകമാണ് മയക്കുമരുന്ന് കേസെന്ന് കോൺഗ്രസ് എം.പി കെ.മുരളീധരൻ. കേരളം മയക്കുമരുന്നിൻ്റെ കേന്ദ്രമായി മാറുകയണ്. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകൻ ഉൾപ്പെട്ട സംഘമാണ് അതിനായി ശ്രമിക്കുന്നത്. എങ്കിലും ഉന്നതനായ സിപിഎം നേതാവിൻ്റെ രണ്ടു മക്കളും നിരന്തരം വിവാദങ്ങളിൽ കുടുങ്ങുകയാണെന്നും മുരളീധരൻ പറഞ്ഞു.
ലക്ഷങ്ങൾ കടം കൊടുക്കാൻ മാത്രമുള്ള വരുമാനം ബിനീഷ് കോടിയേരിക്ക് എവിടെ നിന്നാണ് ലഭിക്കുന്നത്. മയക്കുമരുന്ന് കേസിൽ കർണാടകയിൽ പിടിയിലായ മുഹമ്മദ് അനൂപിനെ 28 തവണ ബിനീഷ് കോടിയേരി ഫോണിൽ വിളിച്ചത് കമ്മ്യൂണിസം പഠിപ്പിക്കാനാണോയെന്നും മരുളീധരൻ ചോദിച്ചു.
മോദിക്കെതിരെ സിപിഎം നേതാക്കൾ ഒരക്ഷരം മിണ്ടുന്നില്ല. മയക്കുമരുന്ന് കേസിൽ ബിനീഷിൻ്റെ പേരു കൂടി പറഞ്ഞ് കേൾക്കുന്നതിനാൽ കോടിയേരി മുൻകൈ എടുത്ത് കേസ് കേന്ദ്ര ഏജൻസിയെ കൊണ്ട് അന്വേഷിപ്പിക്കാൻ സംസ്ഥാന സർക്കാറിനെ പ്രേരിപ്പിക്കണം. വെഞ്ഞാറമൂട്, പൊന്യം ബോംബ് സ്ഫോടനം , മയക്കുമരുന്ന് കേസ് ഇതിൽ മൂന്നിലും സർക്കാർ നടപടി എടുക്കണം
വെഞ്ഞാറമൂട് സംഭവം കൂടുതൽ സങ്കീർണ്ണമായി മാറുകയാണെന്നും രണ്ട് ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാണ് നടന്നതെന്ന് തെളിഞ്ഞെന്നും മുരളീധരൻ പറഞ്ഞു. മരിച്ചവരുടെ കയ്യിലും ആയുധം ഉണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ശരിവെച്ചത് ഇതിന് തെളിവാണ്. എന്നാൽ വെഞ്ഞാറമൂട് കേസിൽ അന്വേഷണം കൂടുതൽ വ്യാപിപ്പിക്കാൻ പൊലീസ് തയ്യാറാവുന്നില്ല.
വെഞ്ഞാറമൂട് കേസിൽ വസ്തുനിഷ്ഠമായ അന്വേഷണം നടക്കണമെങ്കിൽ സിബിഐ തന്നെ വേണം.ഡിവൈഎഫ്ഐ നേതാവ് റഹീം പ്രതികളെ തീരുമാനിക്കുന്ന അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. കോൺഗ്രസിൻ്റെ വനിത ജനപ്രതിനിധിയെ എന്തിനാണ് തടഞ്ഞത്. എന്തുകൊണ്ട് സിബിഐ അന്വേഷണം തടയുന്നു. നിഷ്പക്ഷ അന്വേഷണത്തെ സി പി എം നേതാക്കൾ തടയുകയാണ്. റൂറൽ എസ്പി അശോകൻ കളങ്കിതനായ ആളാണെന്നും ഇയാളെ കോടിയേരി ഇടപെട്ടാണ് നിയമിച്ചതെന്നും മുരളീധരൻ ആരോപിച്ചു.
നിയമവിദഗ്ദരുമായി ആലോചിച്ച് വെഞ്ഞാറമൂട് ഇരട്ടക്കൊല കേസിൽ സിബിഐ അന്വേഷണത്തിനായി കോടതിയെ സമീപിക്കും. വെഞ്ഞാറമൂട് പോയി കോൺഗ്രസുകാർ ആട്ടിൻ തോലിട്ട ചെന്നായ് എന്ന് അഭിപ്രായപ്പെട്ടത് പി.ജയരാജനാണ്. ഏറ്റവും വലിയ പതിവ്രത എന്ന് വാസവദത്ത പറയും പോലെയാണ് പി ജയരാജൻ അഭിപ്രായപ്പെട്ടത്
ബോംബ് നിർമ്മാണം സിപിഎം കുടിൽ വ്യവസായമാക്കിയതിന് തെളിവാണ് പാർട്ടി കേന്ദ്രത്തിലുണ്ടായ ബോംബ് സ്ഫോടനം. കോൺഗ്രസിന് തിരിച്ചടിക്കാനറിയാഞ്ഞിട്ടല്ല. സമാധാനം വേണമെന്നതിനാലാണ്. ഇതൊരു ദൗർബല്യമായി കരുതരുതെന്നും കെ.മുരളീധരൻ മുന്നറിയിപ്പ് നൽകി. ലീനയുടെ വീട് ആക്രമിച്ച സംഭവത്തിൽ അന്വേഷണം നടക്കട്ടേയെന്നും അക്രമം നടന്നപ്പോൾ ലിനയുടെ വീട് കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചത്. സ്വാഭാവികമാണെന്നും കെ.മുരളീധരൻ പറഞ്ഞു.
വെഞ്ഞാറമൂട് കേസിലെ പ്രതികൾ കോൺഗ്രസുകാർ ആയിരുന്നു. അവർ ഇപ്പോൾ പാർട്ടി ഭാരവാഹികളോ അംഗങ്ങളോ അല്ല. ചവറ - കുട്ടനാട്
ഉപതെരഞ്ഞെടുപ്പുകൾ വേണ്ട എന്നാണ് വ്യക്തിപരമായ അഭിപ്രായം. ജയിച്ചു വന്നാൽ ലെറ്റർപാഡ് അടിക്കാനോ നിയമസഭയിലെത്താനോ ചിലപ്പോൾ കഴിയില്ലെന്നും വോട്ട് പിടിക്കാൻ പോയാൽ ഒന്നും വോട്ടർമാരോട് പറയാനുമില്ലെന്നും മുരളീധരൻ പറഞ്ഞു.