വേണ്ടപ്പെട്ടവർക്ക് വാരിക്കോരി; മന്ത്രി ശിവൻകുട്ടി ഇടപെട്ട് ഡിവൈഎഫ്ഐ നേതാവിന് അനധികൃത നിയമനം, വിവരങ്ങൾ പുറത്ത്
കിലെയിൽ പബ്ലിസിറ്റി അസിസ്റ്റൻ്റായി സൂര്യ ഹേമനെ നിയമിക്കാൻ മന്ത്രി വി ശിവൻകുട്ടി നിരന്തര ഇടപെടൽ നടത്തിയതിന്റെ വിവരങ്ങൾ പുറത്തുവന്നു.
തിരുവനന്തപുരം: തൊഴിൽമന്ത്രി ഇടപെട്ട് സ്വന്തം വകുപ്പിൽ ഡിവൈഎഫ്ഐ നേതാവിന് അനധികൃത നിയമനം. കിലെയിൽ (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെൻ്റ്) പബ്ലിസിറ്റി അസിസ്റ്റൻ്റായി സൂര്യ ഹേമനെ നിയമിക്കാൻ മന്ത്രി വി ശിവൻകുട്ടി നിരന്തര ഇടപെടൽ നടത്തിയതിന്റെ വിവരങ്ങൾ പുറത്തുവന്നു. ആദ്യം എതിർത്ത ധനവകുപ്പാകട്ടെ, മന്ത്രിയുടെ നിർബന്ധത്തിന് വഴങ്ങി ഒടുവിൽ നിയമനം സാധൂകരിക്കുകയും ചെയ്തു.
തൊഴില്‍ മേഖലയിലെ പഠനം, ഗവേഷണം, പരിശീലനം എന്നിവ ലക്ഷ്യമിടുന്ന തിരുവനന്തപുരത്തെ കിലെയില്‍ 2021 ജനുവരി നാലിനാണ് സൂര്യ ഹേമന്‍ ദിവസവേതനക്കാരിയായി എത്തുന്നത്. ഒരുവര്‍ഷം പൂര്‍ത്തിയാകുമ്പോഴേക്ക് കരാര്‍ നിയമനമായി. രണ്ടരമാസം കഴിഞ്ഞ് നിയമനം സാധൂകരിക്കണമെന്നാവശ്യപ്പെട്ട് കിലെയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ തൊഴില്‍വകുപ്പിന് കത്ത് നല്‍കി. സര്‍ക്കാരിന്‍റെ മുന്‍കൂര്‍ അനുവാദമില്ലാതെയുള്ള നടപടി അംഗീകരിക്കാനാകില്ലെന്ന് വകുപ്പ്. മന്ത്രിയുടെ ഓഫീസ് ഇടപെട്ടതോടെ അപേക്ഷ ധനവകുപ്പിലേക്കെത്തി. ജൂലൈ ഏഴിന് നടപടി സാധൂകരിക്കാനാകില്ലെന്നും സൂര്യഹേമനെ പിരിച്ചുവിടണമെന്നും ധനവകുപ്പ് വീണ്ടും മറുപടി നല്‍കി.
ധനവകുപ്പിന് പല കത്തുകളും നൽകാറുണ്ടെന്നും സൂര്യഹേമൻ്റെ നിയമനകാര്യം പരിശോധിച്ച് മാത്രമേ പറയാനാകൂ എന്നും മന്ത്രി വി ശിവൻകുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. താല്‍കാലിക ജീവനക്കാരെ നിയമിക്കുമ്പോള്‍ എംപ്ലോയ്മെന്‍റ് എക്ചേഞ്ച് വഴി നിയമിക്കണമെന്നാണ് ചട്ടം. ഇനി ഇത് മറികടക്കരുതെന്ന നിര്‍ദേശത്തോടെയാണ് സൂര്യഹേമന്‍റെ നിയമനം സാധൂകരിച്ചത്. 29,535 രൂപ പ്രതിഫല നിരക്കില്‍ പബ്ലിസിറ്റി അസിസ്റ്റന്‍റായി നിയമനം. നിയമനം സ്ഥിരമല്ലെന്നും കരാര്‍ അടിസ്ഥാനത്തില്‍ മാത്രമാണെന്നുമാണ് കിലെ ചെയര്‍മാന്‍റെ വിശദീകരണം.
Also Read: വിരമിച്ച ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വൻ തുക ശമ്പളത്തിൽ പുനര്‍ നിയമനം; ഐഎഎസ് അസോസിയേഷന് കടുത്ത അതൃപ്തി