നരബലി: കൊല്ലപ്പെട്ട പത്മയുടെ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു, കഷണങ്ങളായി മുറിച്ച നിലയിൽ
കൊല്ലപ്പെട്ട പത്മയുടെ മൃതദേഹ അവശിഷ്ടങ്ങള്‍ പ്രതിയായ ഭഗവൽ സിംഗിന്റെ വീടിന് സമീപത്ത് നിന്ന് കണ്ടെടുത്തു. വീടിന് 50 മീറ്റർ അകലെ നിന്നാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഇക്കാര്യം കൊച്ചി കമീഷണർ സ്ഥിരീകരിച്ചു.
പത്തനംതിട്ട: കേരളത്തെ നടുക്കിയ പത്തനംതിട്ടയിലെ ഇരട്ട നരബലിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ട പത്മയുടെ മൃതദേഹ അവശിഷ്ടങ്ങള്‍ പ്രതിയായ ഭഗവൽ സിംഗിന്റെ വീടിന് സമീപത്ത് നിന്ന് കണ്ടെടുത്തു. വീടിന് 50 മീറ്റർ അകലെ നിന്നാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്.
കഷണങ്ങളായി മുറിച്ച നിലയിലാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. വളരെ ആഴത്തിൽ കുഴിയെടുത്താണ് മൃതദേഹം കുഴിച്ചിട്ടിരുന്നത്. തല അടക്കമുള്ള കഷ്ണങ്ങള്‍ കണ്ടെത്തിയെന്നും കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങൾക്ക് രണ്ടാഴ്ചത്തെ പഴക്കമെന്ന് കൊച്ചി ഡിസിപി പറഞ്ഞു. കൈകാലുകൾ ഉൾപ്പെടെ മുറിച്ചുമാറ്റിയ നിലയിലായിരുന്നു. തലയിൽ കാര്യമായ മുറിവുകളില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ടാമത്തെ മൃതദേഹം കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. അതേസമയം, പൊലീസ് കണ്ടെടുത്ത ശരീരാവശിഷ്ടങ്ങളിൽ നിന്ന് അമ്മയെ തിരിച്ചറിയാൻ കഴിയുന്നില്ലെന്ന് കൊല്ലപ്പെട്ട പത്മയുടെ മകൻ ശെൽവ രാജ് എഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു. കഷണങ്ങളായി മുറിച്ച് മാറ്റിയ നിലയിലാണ് കണ്ടത്. അൽപ്പം മുമ്പാണ് പൊലീസ് ശെൽവരാജിനെ കൊല നടന്ന സ്ഥലത്ത് കൊണ്ടുവന്നത്.
പത്തനംതിട്ടയിലെ ഇലന്തൂരിലാണ് കേരളത്തെ നടുക്കി പത്തനംതിട്ടയിൽ ഇരട്ട നരബലി നടന്നത്. സാമ്പത്തിക അഭിവൃദ്ധിക്കും കുടുംബ ഐശ്വര്യത്തിനുമായി രണ്ട് സ്ത്രീകളെ ബലി നൽകിയ പത്തനംതിട്ട ഇലന്തൂർ സ്വദേശി ഭഗവൽ സിങ്ങിനെയും കൂട്ടുനിന്ന ഭാര്യ ലൈലയെയും പൊലീസ് പിടികൂടിയിട്ടുണ്ട്. നരബലിയ്ക്കായി ഇവർക്ക് ഉപദേശം നൽകുകയും സ്ത്രീകളെ എത്തിച്ച് നൽകുകയും ചെയ്ത കടവന്ത്ര സ്വദേശി മുഹമ്മദ് ഷാഫി എന്ന റഷീദും പിടിയിലായി. നരബലി ആസൂത്രണം ചെയ്തതും നടപ്പാക്കിയത്തിന്റെയും ബുദ്ധികേന്ദ്രം വ്യാജ സിദ്ധനായ റഷീദ് ആണ്.
ലോട്ടറി വിലപ്പനക്കാരായ പത്മ, റോസിലി എന്നിവരെയാണ് ഭഗവൽ സിംഗിന്റെ വീട്ടിൽവെച്ച് ഇവർ മൂവരും ചേർന്ന് പൈശാചികമായി കൊലപ്പെടുത്തിയത്. പ്രതികൾ മൂന്ന് പേരും പൊലീസിനോട് കുറ്റം സമ്മതിച്ചു. ജൂണിലും സെപ്റ്റംബറിലുമായി ഭഗവൽ സിംഗിന്‍റെ വീട്ടിൽ ആഭിചാരക്രിയ നടത്തി സ്ത്രീകളെ ശരീരത്തിൽ കത്തി കുത്തിയിറക്കി കൊന്നുവെന്നും മൃതദേഹം കഷണങ്ങളാക്കി കുഴിച്ചിട്ടെന്നും ആണ് കുറ്റസമ്മതം. റോസ്‌ലിനെ കാണാനില്ലെന്നുകാട്ടി മകളും പത്മയെ കാണാനില്ലെന്ന് സഹോദരിയും നൽകിയ പരാതികളിൽ പൊലീസ് നടത്തിയായ അന്വേഷണത്തിലാണ് നടുന്നുന്ന നരബലിയുടെ രഹസ്യം ചുരുളഴിഞ്ഞത്.