റിയാസ് മൗലവി കൊലക്കേസ് പ്രതികളെ വെറുതെ വിട്ട വിചാരണ കോടതിക്കെതിരെ സർക്കാർ ഉടൻ അപ്പീലിന്, എജിക്ക് നിർദ്ദേശം
2017 മാര്‍ച്ച് 20നാണ് കാസര്‍കോട് ചൂരി മദ്രസയിലെ അധ്യാപകനായ റിയാസ് മൗലവി കൊല്ലപ്പെടുന്നത്. ചൂരിയിലെപള്ളിയിൽ അതിക്രമിച്ച കയറി വെട്ടിക്കൊല്ലുകയായിരുന്നു.
തിരുവനന്തപുരം : കാസർകോട്ടെ റിയാസ് മൗലവി വധക്കേസിൽ എല്ലാ പ്രതികളെയും വെറുതെ വിട്ട വിചാരണ കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകും. കാസർകോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിക്കെതിരായ തുടർ നിയമനടപടികൾക്ക് എജിയെ ചുമതലപ്പെടുത്തി. വേഗത്തിൽ അപ്പീൽ നൽകാനാണ് എജിക്ക് നൽകിയ നിർദ്ദേശം.
2017 മാര്‍ച്ച് 20നാണ് കാസര്‍കോട് ചൂരി മദ്രസയിലെ അധ്യാപകനായ റിയാസ് മൗലവി കൊല്ലപ്പെടുന്നത്. ചൂരിയിലെപള്ളിയിൽ അതിക്രമിച്ച കയറി വെട്ടിക്കൊല്ലുകയായിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകരായ കേളുഗുഡയിലെ അജേഷ്, അഖിലേഷ്, നിധിന്‍ കുമാര്‍ എന്നിവരാണ് പ്രതികളെന്നായിരുന്നു കുറ്റപത്രത്തിലുണ്ടായിരുന്നത്. എന്നാൽ കേസിൽ കാസർകോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി കെ.കെ ബാലകൃഷ്ണൻ, പ്രതികളെ വെറുതെ വിടുന്ന് എന്ന് ഒറ്റവരിയിൽ വിധി പറഞ്ഞു.
കോടതി ഡിഎൻഎ തെളിവിനു പോലും വില കൽപ്പിച്ചില്ലെന്ന് വിധി പറഞ്ഞതിന് പിന്നാലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ ആരോപിച്ചു.
എന്നാൽ അന്വേഷണ സംഘത്തിനെതിരെ ഗുരുതര ആരോപണങ്ങളാണ് വിധിപ്രസ്താവത്തിലുളളത്. പ്രതികൾക്ക് മുസ്‌ലിം സമുദായത്തോടുള്ള വെറുപ്പാണ് കൊലപാതകത്തിന് പിന്നിലെന്നായിരുന്നു പ്രോസിക്യൂസിന്റെ ആരോപണം.എന്നാൽ ഇത് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടുവെന്നാണ് വിധിപ്പകർപ്പിലുളളത്.
മുസ്‌ലീം സമുദായത്തോടുള്ള പ്രതികളുടെ ശത്രുതയ്ക്ക് കാരണമായി ആരോപിക്കപ്പെടുന്ന മൂന്ന് സംഭവങ്ങളിൽ ഒന്നുപോലും തെളിയിക്കാനായില്ല. പ്രതികൾക്ക് ആർഎസ്എസുമായി ബന്ധമുണ്ട് എന്നതിന് തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്നും വിധിപ്പകർപ്പിലുണ്ട്.
നിലവാരമില്ലാത്ത രീതിയിൽ ഏകപക്ഷീയമായാണ് അന്വേഷണം നടന്നതെന്നും റിയാസ് മൗലവിയുടെ റൂമിൽ നിന്നും കണ്ടെടുത്ത മൊബൈൽഫോണുകളും സിംകാർഡുകളും മെമ്മറി കാർഡും പരിശോധിച്ചില്ലെന്നും കോടതി വിധിയിൽ ചൂണ്ടിക്കാട്ടുന്നു. ഈ സാമഗ്രികൾ പരിശോധിച്ച് വിശദാംശങ്ങൾ എടുക്കുന്നതിൽ അന്വേഷസംഘം പരാജയപ്പെട്ടു. ഇത് സംശയം ജനിപ്പിക്കുന്നതാണ് മരണത്തിനു മുൻപ് റിയാസ് മൗലവി ആരൊക്കെയായി ഇടപഴകി എന്ന് കണ്ടുപിടിക്കാനുള്ള അവസരം അന്വേഷണ സംഘം നഷ്ടപ്പെടുത്തിയെന്നും കോടതി വിമർശിച്ചു. '