ജലീലിനെതിരെ കുരുക്ക് മുറുകുന്നു; ചോദ്യം ചെയ്യാനൊരുങ്ങി എൻഐഎയും കസ്റ്റംസും
മതഗ്രന്ഥങ്ങൾ കൊണ്ടുവന്നതിന്‍റെ മറവിൽ സ്വപ്ന സുരേഷ് അടക്കമുളള പ്രതികൾ സ്വർണക്കളളക്കടത്ത് നടത്തിയെന്നാണ് കേന്ദ്ര ഏജൻസികൾ സംശയിക്കുന്നത്.
കൊച്ചി: എൻഫോഴ്സ്മെന്‍റിന് പിന്നാലെ മന്ത്രി കെ ടി ജലീലിനെ കസ്റ്റംസും എൻഐഎയും ചോദ്യം ചെയ്യാനൊരുങ്ങുന്നു. നയതന്ത്ര ബാഗ് വഴി മതഗ്രന്ഥങ്ങൾ കൊണ്ടുവന്നതിനെ ചുറ്റിപ്പറ്റിയാണ് അന്വേഷണം. ഇതിനിടെ ജലീലിന്‍റെ സുഹൃത്ത് അരൂർ സ്വദേശി അനസിനെക്കുറിച്ച് കേന്ദ്ര ഏജൻസികൾ വിവര ശേഖരണം തുടങ്ങി.
മതഗ്രന്ഥങ്ങൾ കൊണ്ടുവന്നതിന്‍റെ മറവിൽ സ്വപ്ന സുരേഷ് അടക്കമുളള പ്രതികൾ സ്വർണക്കളളക്കടത്ത് നടത്തിയെന്നാണ് കേന്ദ്ര ഏജൻസികൾ സംശയിക്കുന്നത്. മന്ത്രി കെ ടി ജലീലിന്‍റെ അറിവോടെയോ അല്ലെങ്കിൽ അദ്ദേഹത്തിന്‍റെ ഓഫീസ് മറയാക്കിയോ പ്രതികൾ കളളക്കടത്ത് നടത്തി എന്നാണ് എൻഫോഴ്സ്മെന്‍റ് അടക്കമുളള കേന്ദ്ര ഏജൻസികളുടെ സംശയം. ഈ പശ്ചാത്തലത്തിലാണ് കെ ടി ജലീലിനെ നോട്ടീസ് നൽകി വിളിച്ചുവരുത്താൻ എൻ ഐ എയും കസ്റ്റംസും ഒരുങ്ങുന്നത്. ഇരു ഏജൻസികളുടെയും തലപ്പത്തുനിന്നും ഇക്കാര്യത്തിൽ നിർദേശങ്ങൾ എത്തുന്നുണ്ട്.
മതഗ്രന്ഥങ്ങളുടെ മറവിൽ സ്വർണക്കളളക്കടത്തോ ഹവാലോ ഇടപാടുകളോ നടന്നിട്ടുണ്ടെങ്കിൽ അത് യുഎപിഎ നിലനിൽക്കുന്ന രാജ്യ വിരുദ്ധ പ്രവർത്തനങ്ങളുടെ പട്ടികയിൽ വരുമെന്നാണ് എൻഐഎയ്ക്ക് കിട്ടിയ നിയമോപദേശം. അറിഞ്ഞോ അറിയാതയോ ഇതിനെ സഹായിക്കുന്നതും രാജ്യവിരുദ്ധ പ്രവർത്തനമാണ്. പ്രോട്ടോകോൾ ലംഘിച്ച് മതഗ്രന്ഥങ്ങൾ വിതരണം ചെയ്യാൻ മന്ത്രി കെ ടി ജലീൽ കൈപ്പറ്റയിത് സംബന്ധിച്ചാണ് പരിശോധന. ഇതിനിടെ, എൻഫോഴ്സ്മെന്‍റും ജലീലിനെ വീണ്ടും ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ്. കഴിഞ്ഞ ദിവസം ജലീൽ നൽകിയ മൊഴി ഇ ഡി ഡയറക്ടറുടെ ഓഫീസിലേക്ക് അയച്ചിട്ടുണ്ട്. അവിടെ നിന്ന് ലഭിക്കുന്ന നിർദേശത്തിന്‍റെ കൂടി പശ്ചാത്തലത്തിലാകും അടുത്ത ഘട്ട ചോദ്യം ചെയ്യൽ.
ഇതിനിടെ, മന്ത്രി ജലീലിന്‍റെ സുഹൃത്തായ അരൂർ സ്വദേശിയായ വ്യവസായി പികെ അനസിനെക്കുറിച്ച് എൻഫോഴ്സ്മെന്‍റ് അടക്കമുളള കേന്ദ്ര ഏജൻസികൾ പരിശോധന തുടങ്ങി. കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന്‍റെ വാഹനത്തിലാണ് മന്ത്രി ജലീൽ ചോദ്യം ചെയ്യലിന് എത്തിയത്. ഇദ്ദേഹത്തിന്‍റെ സാന്പത്തിക പശ്ചാത്തലവും ഇടപാടുകളുമാണ് പരിശോധിക്കുന്നത്.