സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുടെ മൊബൈൽ, ലാപ്ടോപ് അടക്കമുള്ള ഡിജിറ്റൽ തെളിവുകൾ ആവശ്യപ്പെട്ട് കസ്റ്റംസ്

കേസിലെ മുഖ്യപ്രതികളായ സ്വപ്ന, സന്ദീപ് അടക്കമുള്ള പ്രതികളുടെ മൊബൈൽ ഫോണുകളും ലാപ്ടോപുകളും എൻഐഎ പിടിച്ചെടുത്തിരുന്നു.

gold smuggling case customes request for digital evidences

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ എൻഐഎ പിടിച്ചെടുത്ത ഡിജിറ്റൽ തെളിവുകൾ ലഭിക്കാൻ കസ്റ്റംസ് അപേക്ഷ നൽകി. സി-ഡാക്കിലെ പരിശോധന ഫലം കൈമാറാനാണ് അപേക്ഷ നൽകിയത്. കേസിലെ മുഖ്യപ്രതികളായ സ്വപ്ന, സന്ദീപ് അടക്കമുള്ള പ്രതികളുടെ മൊബൈൽ ഫോണുകളും ലാപ്ടോപുകളും എൻഐഎ പിടിച്ചെടുത്തിരുന്നു. ഇതിൽ നിന്ന് ലഭിച്ച പരിശോധന ഫലം ആവശ്യപ്പെട്ടാണ് കസ്റ്റംസ് ഹർജി നൽകിയത്. 

അതിനിടെ ബം​ഗ്ളൂരു ലഹരി കടത്ത് കേസിലെ പ്രതികൾക്ക് സ്വർണ്ണക്കടത്തുമായി ബന്ധമുണ്ടോ എന്ന് കസ്റ്റംസ് അന്വേഷിക്കാൻ തീരുമാനമായി. സ്വർണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതി കെ ടി റമീസും ലഹരികടത്ത് കേസിലെ പ്രതി അനൂപ് മുഹമ്മദും തമ്മിലുള്ള ഇടപാടിനെക്കുറിച്ചാവും പ്രധാനമായും അന്വേഷണം നടക്കുക. കെ ടി റമീസിനെ ചോദ്യം ചെയ്യാൻ കസ്റ്റംസ് കോടതിയുടെ അനുമതി തേടി. അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും. 

ലഹരി കടത്ത് കേസിൽ ബംഗലുരുവിൽ നർകോടിക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്ത കൊച്ചി വെണ്ണല സ്വദേശി അനൂപ് മുഹമ്മദിന്‍റെ ഫോൺ പരിശോധിച്ചപ്പോഴാണ് സ്വർണ്ണക്കടത്ത് കേസിലെ പ്രതി കെടി റമീസുമായുള്ള ബന്ധത്തിന്‍റെ സൂചനകൾ ലഭിച്ചത്. 

വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്തിന് റമീസ് പലരിൽ നിന്നും പണം സമാഹരിച്ചതായി കണ്ടെത്തിയിരുന്നു. ബംഗലുരുവിൽ അറസ്റ്റിലായ മുഹമ്മദ് അനൂപും  ഇത്തരത്തിൽ  പണം നിക്ഷേപിച്ചവരിൽ ഉണ്ടോ എന്നാണ് കസ്റ്റംസ് പരിശോധിക്കുന്നത്. ബംഗലുരുവിൽ വെച്ച് സ്വപ്നയും സന്ദീപും എൻഐഎ പിടിയിലായ ദിവസം മുഹമ്മദ് അനൂപ് കേരളത്തിലെ ഉന്നതരെ നിരവധി വട്ടം ഫോണിൽ വിളച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതയുണ്ടാക്കുന്നതിനാണ് കെ.ടി റമീസിനെ ചോദ്യം ചെയ്യുന്നത്. 

Latest Videos
Follow Us:
Download App:
  • android
  • ios