മഹാരാഷ്ട്രയിൽ നിന്നെത്തിയ നാല് പേർ രോഗലക്ഷണങ്ങളോടെ തലപ്പാടി ചെക്ക് പോസ്റ്റിൽ
രോഗലക്ഷണങ്ങൾ ഉള്ളവർക്കൊപ്പം വന്ന മുഴുവൻ പേരേയും സർക്കാർ നിയന്ത്രണത്തിലുള്ള ക്വാറൻ്റൈൻ കേന്ദ്രത്തിലേക്ക് ഉടനെ മാറ്റും എന്ന് അധികൃതർ അറിയിച്ചു.
കാസർകോട്: മഹാരാഷ്ട്രയിൽ നിന്നും റോഡ് മാർഗ്ഗം കേരളത്തിലേക്ക് വന്ന നാല് പേർ കൊവിഡ് രോഗലക്ഷണങ്ങളോടെ അതിർത്തിയിൽ തുടരുന്നു. 12 പേരടങ്ങിയ സംഘമാണ് ബസിൽ മഹാരാഷ്ട്രയിൽ നിന്നും കാസർകോടേക്ക് വന്നത്. ഈ സംഘത്തിൽ ഉൾപ്പെട്ട നാല് പേർക്കാണ് അതിർത്തിയിൽ നടത്തിയ പരിശോധനയിൽ രോഗലക്ഷണങ്ങൾ കണ്ടെത്തിയത്.
വൈകിട്ട് അഞ്ചരയോടെ കാസർകോട്ടെ തലപ്പാടി ചെക്ക് പോസ്റ്റിലെത്തിയ സംഘം ഇപ്പോഴും അവിടെ തുടരുകയാണ്. രോഗലക്ഷണങ്ങൾ ഉള്ളവർക്കൊപ്പം വന്ന മുഴുവൻ പേരേയും സർക്കാർ നിയന്ത്രണത്തിലുള്ള ക്വാറൻ്റൈൻ കേന്ദ്രത്തിലേക്ക് ഉടനെ മാറ്റും എന്ന് അധികൃതർ അറിയിച്ചു. ഇവർക്കും നേരത്തെ രോഗലക്ഷണം ഉണ്ടായിരുന്നോ എന്ന് അധികൃതർ സംശയിക്കുന്നുണ്ട്. രോഗലക്ഷണം കാണിച്ചവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കും.
അതേസമയം സംസ്ഥാനത്ത് ഇന്ന് 12 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധിതരെല്ലാം കേരളത്തിന് പുറത്തും നിന്നും വന്നവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും മലപ്പുറം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 4 പേര്‍ വിദേശത്തു നിന്നും (യു.എ.ഇ.-1, സൗദി അറേബ്യ-1, കുവൈറ്റ്-1, മാലി ദ്വീപ്-1) 8 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-6, ഗുജറാത്ത്-1, തമിഴ്‌നാട്-1) വന്നതാണ്.