Asianet News MalayalamAsianet News Malayalam

താലൂക്ക് ആശുപത്രിയിലെ സിനിമ ഷൂട്ടിം​ഗ്; അനുമതി നല്‍കിയത് രോ​ഗികൾക്ക് ബുദ്ധിമുട്ടാകരുതെന്ന വ്യവസ്ഥയിൽ

രാത്രി 7 മുതൽ രാവിലെ 5 വരെയായിരുന്നു ചിത്രീകരണത്തിന് അനുമതി. സിനിമാ സംഘത്തിന് നൽകിയ അനുമതിയുടെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 

Film shooting in Taluk Hospital condition that permission should not cause hardship to patients
Author
First Published Jun 28, 2024, 7:28 PM IST


കൊച്ചി: അങ്കമാലി താലൂക്ക് ആശുപത്രിയിൽ സിനിമ ചിത്രീകരണത്തിന് അനുമതി നൽകിയത് രോ​ഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്ന വ്യവസ്ഥയിൽ. ചിത്രീകരണത്തിന് പ്രതിദിനം പതിനായിരം രൂപയാണ് വാടക നിശ്ചയിച്ചിരുന്നത്. സിനിമ ഷൂട്ടിം​ഗ് ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കരുതെന്നും ഷൂട്ടിങ് വാഹനങ്ങൾ ആശുപത്രിയിലെത്തുവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്നും നിർദേശിച്ചിരുന്നു. കൂടാതെ  ആശുപത്രിയിലെ രോഗികൾ, ജീവനക്കാ‍‍ർ എന്നിവരെ പകർത്തരുതെന്നും നിർദ്ദേശം നൽകിയിരുന്നു. രാത്രി 7 മുതൽ രാവിലെ 5 വരെയായിരുന്നു ചിത്രീകരണത്തിന് അനുമതി. സിനിമാ സംഘത്തിന് നൽകിയ അനുമതിയുടെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ആരോ​ഗ്യ വകുപ്പ് ഡയറക്ടറുടെ ഓഫീസാണ് സിനിമ ഷൂട്ടിം​ഗിന് അനുമതി നൽകിയത്. 

വ്യാഴാഴ്ച രാത്രിയാണ് താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ രോഗികളെ ബുദ്ധിമുട്ടിലാക്കി സിനിമാ ചിത്രീകരണം നടന്നത്. ഫഹദ് ഫാസിൽ നിർമ്മിക്കുന്ന പൈങ്കിളി എന്ന സിനിമയാണ് ഇവിടെ ചിത്രീകരിച്ചത്. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിട്ടുണ്ട്. സർക്കാർ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സിനിമ ചിത്രീകരിക്കാൻ അനുമതി നൽകിയവർ 7 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷൻ നിർദേശം. എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസർ, അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവർക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. 

സംഭവത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ്  ആരോഗ്യ വകുപ്പ് ഡയറക്ടറോട് വിശദീകരണം തേടിയിട്ടുണ്ട്. മാനദണ്ഡങ്ങൾ പാലിച്ചാണ് ഷൂട്ടിങ്ങിന് അനുമതി നൽകിയതെന്നാണ് താലൂക്കാശുപത്രി സൂപ്രണ്ടിന്റെ മറുപടി. രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ പ്രത്യേകം നിർദേശം നൽകിയിരുന്നുവെന്നും സൂപ്രണ്ട് പറഞ്ഞു.

 

Latest Videos
Follow Us:
Download App:
  • android
  • ios