Asianet News MalayalamAsianet News Malayalam

എറണാകുളം അങ്കമാലി അതിരൂപത കുർബാന തർക്കം; ജനാഭിമുഖ കുര്‍ബാന അനുഭാവികളായ കൂരിയ അം​ഗങ്ങളെ പുറത്താക്കി

വൈദിക വിദ്യാര്‍ഥികള്‍ക്ക് പട്ടം നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ ജനാഭിമുഖ കുര്‍ബാനാനുകൂലികളോട്  അനുഭാവം പ്രകടിപ്പിക്കുന്ന കൂരിയ അംഗങ്ങളെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ബോസ്കോ പുത്തൂര്‍ പുറത്താക്കി. 

eranakulam angamali mass dispute  Curia members who were supporters of public Mass were expelled
Author
First Published Oct 9, 2024, 9:28 PM IST | Last Updated Oct 9, 2024, 9:28 PM IST

കൊച്ചി: ഒരിടവേളയ്ക്കു ശേഷം വീണ്ടും പുകഞ്ഞ് എറണാകുളം അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കം. വൈദിക വിദ്യാര്‍ഥികള്‍ക്ക് പട്ടം നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ ജനാഭിമുഖ കുര്‍ബാനാനുകൂലികളോട്  അനുഭാവം പ്രകടിപ്പിക്കുന്ന കൂരിയ അംഗങ്ങളെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ബോസ്കോ പുത്തൂര്‍ പുറത്താക്കി. കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ഉയര്‍ന്ന ഭൂമി ഇടപാട് ആരോപണങ്ങളില്‍ തെളിവു നശിപ്പിക്കാനാണ് കൂരിയ പുനസംഘടനയെന്ന് വിമത വിഭാഗം ആരോപിച്ചു.

ഭൂമി വില്‍പന വിവാദത്തെ തുടര്‍ന്ന് നേരത്തെ ഒഴിവാക്കപ്പെട്ട ഔദ്യോഗിക പക്ഷത്തെ ഫാദര്‍ ജോഷി പുതുവ ഉള്‍പ്പെടെയുളളവര്‍ക്ക് അതിരൂപത ഭരണസമിതിയായ കൂരിയയില്‍ നിര്‍ണായക ചുമതലകള്‍ നല്‍കിക്കൊണ്ടാണ് പുനസംഘടന. കെസിബിസിയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാദര്‍ ജേക്കബ് ജി പാലക്കാപ്പിളളിയാണ് പുതിയ വികാരി ജനറല്‍. 

വൈദിക പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക്  വൈദിക പട്ടം നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സിറോ മലബാര്‍ സഭയില്‍ വീണ്ടും ഭിന്നതയ്ക്ക് വഴി തുറന്നത്. ഏകീകൃത കുര്‍ബാന മാത്രമേ ചൊല്ലൂ എന്ന സമ്മതപത്രം നല്‍കണമെന്ന് വൈദിക വിദ്യാര്‍ഥികളോട് സഭ നേതൃത്വം ആവശ്യപ്പെട്ടു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് മറുപക്ഷത്തിന്‍റെ നിലപാട്.

കൂരിയ പുനസംഘടനയിലെ അതൃപ്തി അറിയിക്കാന്‍  ബിഷപ് ഹൗസിലെത്തിയ വിമത വിഭാഗം വൈദികരോടും വിശ്വാസികളോടും സംസാരിക്കാന്‍ അഡ്മിനിസ്ട്രേറ്റര്‍ തയാറായില്ല. പ്രതിഷേധങ്ങള്‍  ഒഴിവാക്കാന്‍ കനത്ത പൊലീസ് സുരക്ഷയിലാണ് ബിഷപ് ഹൗസ്. എന്നാല്‍ കൂടുതല്‍ വിശ്വാസികളെ അണിനിരത്തി കൂടുതല്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനുളള തീരുമാനത്തിലാണ്  ജനാഭിമുഖ കുര്‍ബാനയെ അനുകൂലിക്കുന്ന വിശ്വാസികള്‍.

Latest Videos
Follow Us:
Download App:
  • android
  • ios