ഇപിയുടെ പുസ്തകം തയ്യാറാക്കിയത് ദേശാഭിമാനി ജീവനക്കാരനെന്ന് സൂചന; പുസ്തക വിവാദത്തില്‍ അന്വേഷണം തുടങ്ങി സിപിഎം

ഇപിയെ എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് നീക്കിയത് വലിയ വിവാദമായ പശ്ചാത്തലത്തിലായിരുന്നു പുസ്തകം എഴുതും എന്നുള്ള പ്രഖ്യാപനം. ഇതിനായി ഇപി പാർട്ടി അനുമതി തേടിയിരുന്നില്ല.  

ep jayarajan book controversy book was prepared by deshabhimani employee

കോഴിക്കോട്: ഇപിയുടെ പുസ്തകം ഡിസി ബുക്സിനായി തയ്യാറാക്കിയത് ദേശാഭിമാനി ജീവനക്കാരനെന്നു സൂചന. നേരത്തെ പൂർത്തിയായ പുസ്തകത്തിൻ്റെ ഉള്ളടക്കത്തിൽ സമകാലിക സംഭവങ്ങൾ കൂടി ചേർത്ത് പുതുക്കുകയായിരുന്നു. ഇതാണ് ഇപ്പോൾ വിവാദ വിഷയമായത്. പുസ്തക വിവാദത്തില്‍ സിപിഎം അന്വേഷണം തുടങ്ങിയിട്ടുണ്ട്.

തൻ്റെ രാഷ്ട്രീയ ജീവിതവും ആരോപണങ്ങളുമൊക്കെ വിശദമായി പ്രതിപാദിക്കുന്ന പുസ്തകം ഉടൻ ഇറങ്ങുമെന്ന് കഴിഞ്ഞ സെപ്റ്റംബർ ഒന്നിനാണ് ഇപി പറഞ്ഞത്. ഏതാണ്ട് ഇതേ സമയം തന്നെയാണ് ഡിസി ഡിസി ബുക്സ് ഇ പി ജയരാജനുമായി പുസ്തകം ഇറക്കാൻ കരാർ ഉണ്ടാക്കിയത്. ഇപിയെ എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് നീക്കിയത് വലിയ വിവാദമായ പശ്ചാത്തലത്തിലായിരുന്നു പുസ്തകം എഴുതും എന്നുള്ള പ്രഖ്യാപനം. ഇതിനായി ഇപി പാർട്ടി അനുമതി തേടിയിരുന്നില്ല. ഒരു മുതിർന്ന ദേശാഭിമാനി ലേഖകനാണ് ഇ പി പുസ്തകം തയ്യാറാക്കാൻ വിവരങ്ങൾ കൈമാറിയത്. ഇപി പറഞ്ഞുകൊടുത്ത കാര്യങ്ങൾ അദ്ദേഹമാണ് പകർത്തി എഴുതിയത്. ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് തന്നെ പുസ്തകത്തിൻ്റെ എഴുത്ത് ജോലി തുടങ്ങിയിരുന്നു.

Also Read: 'പാർട്ടി തന്നെ മനസിലാക്കിയില്ല, ജാവ്ദേക്കർ കൂടിക്കാഴ്ച്ച വിവാദം ഗൂഢാലോചന', ഇപിയുടെ ആത്മകഥ ഭാഗങ്ങൾ പുറത്ത്

ദേശാഭിമാനി ലേഖകൻ തന്നെയാണ് ഡിസി ബുക്സിന് പുസ്തകത്തിൻ്റെ ടൈപ്പ് ചെയ്ത പകർപ്പ് എത്തിച്ചത്. ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്നിട്ടും ഇയാൾ വിവരങ്ങൾ പാർട്ടി അറിയിച്ചില്ല എന്ന കാര്യത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്. സമീപകാലത്തെ സംഭവ വികാസങ്ങൾ കൂടി ചേർത്ത് പിന്നീട് നേരത്തെ നൽകിയ കരടിൽ പേജുകൾ വർധിപ്പിച്ചു. എല്ലാ വിവരങ്ങളും ഇപിയുടെ നിർദ്ദേശപ്രകാരമാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയത്. ലേഔട്ട് ചെയ്ത പുസ്തകത്തിൻ്റെ പിഡിഎഫ് പകർപ്പ് ദേശാഭിമാനി ലേഖകനും ഇ പി ജയരാജനും അയച്ചു കൊടുത്തിരുന്നു എന്ന് പ്രസാധകർ അവകാശപ്പെടുന്നുണ്ട്. പുസ്തകത്തിൻ്റെ പേരടക്കം ഇ പി യുമായി ആലോചിച്ചാണ് നൽകിയത് എന്നും അവർ അവകാശപ്പെടുന്നു.

സമീപകാലത്ത് മുഖ്യമന്ത്രിയുമായും മറ്റും നടത്തിയ ചർച്ചകളെ തുടർന്ന് ഇപി വീണ്ടും രാഷ്ട്രീയത്തിൽ സജീവമായിരുന്നു. ഇത് ഇപിയുടെ മനസ് മാറിത്തിന് കാരണമായതെന്നാണ് പ്രസാധകര്‍ കരുതുന്നത്. പുസ്തകം പ്രസിദ്ധീകരിക്കരുതെന്ന് പിന്നീട് ആവശ്യപ്പെട്ടിട്ടുണ്ടോ എന്ന് പ്രസാധകർ വ്യക്തമാക്കുന്നില്ല. ഇപിയുടെ പുതിയ വിശദീകരണം പരസ്യമായി തള്ളുന്നില്ല എങ്കിലും നേതാക്കൾ അത് മുഖവിലയ്ക്ക് എടുത്തിട്ടില്ല. പാർട്ടിതലത്തിൽ ഇത് കൂടുതൽ ചർച്ചകൾക്ക് വിധേയമാക്കും. 75 തികയുന്ന ഇ പിയെ ഇനി കേന്ദ്ര കമ്മിറ്റിയിൽ ഉൾപ്പെടുത്താൻ ഇടയില്ല എന്നാണ് സൂചന.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios