ജീവനക്കാരന് കൊവിഡ്, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി ഓഫീസ് അടച്ചു; എഎ റഹീം ക്വാറന്‍റീനിൽ
ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി ഓഫീസിലെ ജീവനക്കാരന് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചതോടെയാണ് അടച്ചത്.
തിരുവനന്തപുരം: ജീവനക്കാരന് കൊവിഡ് വൈറസ് രോഗബാധ സ്ഥിരീകരിച്ചതോടെ തിരുവനന്തപുരത്തെ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി ഓഫീസ് അടച്ചു. സംസ്ഥാന സെക്രട്ടറി എഎ റഹീം ഉൾപ്പെടെ ആറോളം പേര്‍ നിരീക്ഷണത്തിൽ പോയി. ഇന്നലെ ജീവനക്കാരന് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചതോടെയാണ് പാളയം കുന്നുകുഴിക്ക് അടുത്തുള്ള ഓഫീസ് അടച്ചത്. തലസ്ഥാനത്ത് സ്ഥിതി അതീവഗുരുതരമാണ്. സമ്പര്‍ക്കത്തിലൂടെ നിരവധിപ്പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.
സമൂഹവ്യാപനമുണ്ടായ തലസ്ഥാനത്തെ തീരമേഖലകളിൽ സമ്പൂർണ ലോക്ക് ഡൗൺ നിലവിൽ വന്നു. അഞ്ച് തെങ്ങ് മുതൽ പൊഴിയൂർ വരെയുള്ള പ്രദേശങ്ങൾ മൂന്ന് സോണുകളായി തിരിച്ചാണ് ലോക്ക് ഡൗൺ. തീരദേശത്ത് നിന്ന് പുറത്തിറങ്ങാനോ തീരപ്രദേശത്തേക്ക് പോകാനോ അനുവദിക്കുന്നില്ല. സ്റ്റാച്യു, പേട്ട, അട്ടക്കുളങ്ങര എന്നിവിടങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്.
ഇന്നലെ മാത്രം 151 പേർക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം വന്നത്. ഇതില്‍ നാലുപേരുടെ ഉറവിടം അവ്യക്തമാണ്. തലസ്ഥാനത്ത് അനാവശ്യമായി പുറത്തിറങ്ങിയാൽ നടപടിയെടുക്കുമെന്ന് ജില്ലാഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രതിസന്ധി തുടരുകയാണ്. ആറ് ദിവസത്തിനുള്ളില്‍ 18 പേര്‍ക്കാണ് ആശുപത്രിയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 150 ജീവനക്കാര്‍ നിരീക്ഷണത്തില്‍ പോയി.