'ഇത് മകളുടെ സ്വപ്നം', കരച്ചിലടക്കാനാവാതെ ഡോ.വന്ദനയുടെ അമ്മ; മെമ്മോറിയൽ ക്ലിനിക്ക് ഇന്ന് നാടിന് സമർപ്പിക്കും

ഡോ. വന്ദനാദാസ് മെമ്മോറിയൽ ക്ലിനിക് ആലപ്പുഴ തൃക്കുന്നപ്പുഴയിൽ ഇന്ന് പ്രവർത്തനം ആരംഭിക്കും. ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ ഇന്ന് വൈകീട്ട് ആശുപത്രി ഉദ്ഘാടനം ചെയ്യും. ക്ലിനിക്കിലെ പ്രാര്‍ത്ഥന ഹാള്‍ സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു.

Dr Vandana Das dream comes true vandana das memorial clinic in alappuzha openes today

ആലപ്പുഴ: കൊല്ലപ്പെട്ട ഡോ. വന്ദനാ ദാസിന്റെ ഓർമയ്ക്കായി നിർമ്മിച്ച ഡോ. വന്ദനാദാസ് മെമ്മോറിയൽ ക്ലിനിക് ആലപ്പുഴ തൃക്കുന്നപ്പുഴയിൽ ഇന്ന് പ്രവർത്തനം ആരംഭിക്കും. ക്ലിനിക്കിലെ പ്രാര്‍ത്ഥന ഹാള്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. മകളുടെ സ്വപ്നമാണ് സഫലമായതെന്ന് വന്ദനയുടെ അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറ‍ഞ്ഞു. വന്ദനയുടെ പേരില്‍ ഒരു ക്ലിനിക് എന്നത്തെയും ആഗ്രഹമായിരുന്നു. മകള്‍ ജീവിച്ചിരിക്കുമ്പോള്‍ ക്ലിനിക് തുടങ്ങണം എന്നായിരുന്നു ആഗ്രഹം. വന്ദനയുടെ ഓര്‍മ്മയ്ക്കായി ക്ലിനിക് തുടങ്ങേണ്ടിവരുമെന്ന് കരുതിയില്ലെന്നും നിറകണ്ണുകളോടെ അമ്മ പറ‍ഞ്ഞു. 

മകളുടെ ഓർമ്മയ്ക്കായി വന്ദനയുടെ മാതാപിതാക്കളാണ് പല്ലനയാറിന്റെ തീരത്ത് ക്ലിനിക് പണിതത്. അമ്മ വീടിനടുത്ത് ഒരു ആശുപത്രി വന്ദനയുടെ സ്വപ്നമായിരുന്നുവെന്ന് സുഹൃത്തുകളും പറയുന്നു. ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ ഇന്ന് വൈകീട്ട് ആശുപത്രി ഉദ്ഘാടനം ചെയ്യും. ക്ലിനികിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചിട്ടുണ്ട്. ക്ലിനിക് പ്രവർത്തനം ആരംഭിക്കുന്നതോടെ സ്ഥിരമായി രണ്ട് ഡോക്ടർമാരുടെ സേവനം ഉണ്ടാകും. വന്ദനയുടെ സുഹൃത്തുക്കൾ ഉൾപ്പടെയുള്ളവർ ക്ലിനിക്കിൽ സേവനം നൽകാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്.

2023 മെയ് പത്തിന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കായി പൊലീസ് എത്തിച്ച കുടവട്ടൂർ സ്വദേശി സന്ദീപിന്റെ അക്രമണത്തിലാണ് ഹൗസ് സർജൻസി വിദ്യാർഥിയായിരുന്ന വന്ദന കൊല്ലപ്പെട്ടത്. സന്ദീപിന് പരമാവധി ശിക്ഷ ലഭിക്കുന്നതും കാത്തിരിക്കുകയാണ് ഈ മാതാപിതാക്കൾ. മകൾക്ക് നീതി ഉറപ്പാക്കുന്നതിനൊപ്പം അവളുടെ സ്വപ്നങ്ങളും നെഞ്ചോട് ചേർക്കുകയാണവർ.

Latest Videos
Follow Us:
Download App:
  • android
  • ios