ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ച സംഭവം: കോട്ടയെത്തെ ഹോട്ടൽ അടിച്ചുതകർത്ത് ഡിവൈഎഫ്ഐ
കഴിഞ്ഞ മാസം 29നാണ് രശ്മി ഹോട്ടലിൽ നിന്നുള്ള ഭക്ഷണം കഴിച്ചത്. അൽഫാമും കുഴിമന്തിയും കഴിച്ച് ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഛർദിയും തുടർന്ന് വയറിളക്കവുമുണ്ടായി.
കോട്ടയം: ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ച സംഭവത്തിൽ ഹോട്ടലിനെതിരെ ഡിവൈഎഫ്ഐ പ്രവർത്തകരുടെ പ്രതിഷേധം. കോട്ടയം മെഡിക്കൽ കോളജിലെ നഴ്സ് രശ്മി രാജ് (33) ആണ് മരിച്ചത്. പ്രതിഷേധ മാർച്ച് സംഘടിപ്പിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ, ഹോട്ടൽ അടിച്ചുതകർത്തു. സിസിടിവി ക്യാമറകളും ഹോട്ടലിനു മുന്നിലെ ചെടിച്ചട്ടികളും അടിച്ചുനശിപ്പിച്ചു. കോട്ടയം സംക്രാന്തിയിലെ പാർക്ക് മലപ്പുറം കുഴിമന്തി എന്ന ഹോട്ടലിന് നേരെയാണ് പ്രതിഷേധമുണ്ടായത്. രണ്ട് മാസം മുമ്പും ഹോട്ടലിൽ ഭക്ഷ്യവിഷബാധയുണ്ടായിരുന്നതായി ആരോപണമുയർന്നു. അതേസമയം, ഭക്ഷ്യവിഷബാധയുണ്ടായ ഹോട്ടലിനെതിരെ കൂടുതൽ പരാതികൾ ഉയർന്നു. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ദമ്പതികൾ പൊലീസിൽ പരാതി നൽകി. ഇരുവർക്കും ഭക്ഷ്യവിഷബാധയേറ്റിരുന്നു.
കഴിഞ്ഞ മാസം 29നാണ് രശ്മി ഹോട്ടലിൽ നിന്നുള്ള ഭക്ഷണം കഴിച്ചത്. അൽഫാമും കുഴിമന്തിയും കഴിച്ച് ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഛർദിയും തുടർന്ന് വയറിളക്കവുമുണ്ടായി. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച രശ്മിയെ ആരോഗ്യനില മോശമായതിനെത്തുടർന്ന് ഞായറാഴ്ച കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. രോഗം ഗുരുതരമായതോടെ വെന്റിലേറ്ററിലേക്ക് മാറ്റി. തിങ്കളാഴ്ച രാത്രി ഏഴിനായിരുന്നു മരണം. ആന്തരിക അവയവങ്ങളിലുണ്ടായ അണുബാധ മൂലമാണ് മരണമെന്നും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ അറിയിച്ചു.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഓർത്തോ വിഭാഗത്തിലെ നഴ്സായിരുന്നു മരിച്ച രശ്മി രാജ്. മെഡിക്കൽ കോളേജിലെ ഹോസ്റ്റലിലായിരുന്നു ഇവർ താമസിച്ചിരുന്നത്. ഓൺലൈനിൽ ഓർഡർ ചെയ്ത ചിക്കൻ അൽഫാമിൽ നിന്നാണ് ഇവർക്ക് ഭക്ഷ്യവിഷബാധയേറ്റത് എന്നാണ് കരുതുന്നത്. മരണകാരണം കൃത്യമായി കണ്ടെത്താൻ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവരേണ്ടതുണ്ട്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വന്നെങ്കില്‍ മാത്രമേ മരണത്തിന്‍റെ കാരണത്തില്‍ കൂടുതല്‍ വ്യക്തത വരൂവെന്നും പൊലീസ് പറഞ്ഞു.
ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ച സംഭവം: കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം