പുഴയിൽ ചാടി യുവാവ് ജീവനൊടുക്കിയ സംഭവം; ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്, വകുപ്പുതല അന്വേഷണവും ആരംഭിച്ചു

വയനാട് പനമരത്ത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തിൽ പൊലീസിനെതിരായ ആരോപണങ്ങളിലും അന്വേഷണം നടത്തും.

crime branch investigation in suicide of a youth in Wayanad Panamaram departmental inquiry also started

കല്‍പ്പറ്റ: വയനാട് പനമരത്ത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. വയനാട് എസ്‍പിയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. സംഭവത്തിൽ പൊലീസിനെതിരായ ആരോപണങ്ങളിലും അന്വേഷണം നടത്തും. ഇതിന്‍റെ ഭാഗമായി വകുപ്പുതല പ്രാഥമിക അന്വേഷണവും തുടങ്ങി. പൊതുസ്ഥലത്ത് വെച്ച് പ്രശ്നമുണ്ടാക്കിയെന്ന് ആരോപിച്ച് കമ്പളക്കാട് പൊലീസ് രതിനെതിരെ എടുത്ത കേസ് ആയിരിക്കും ക്രൈംബ്രാഞ്ച് അന്വേഷിക്കുക.

പോക്സോ കേസിൽ പെടുത്തുമെന്ന് കമ്പളക്കാട് പൊലീസ് ഭീഷണിപ്പെടുത്തിയെന്ന ബന്ധുക്കളുടെ പരാതിയിൽ കൽപ്പറ്റ ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരിക്കും വകുപ്പ്തല അന്വേഷണം നടക്കുക. സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തിയതിന് പിന്നാലെയാണ് നടപടി. രണ്ട് അന്വേഷണത്തിനും എസ്പിയാണ് ഉത്തരവിട്ടിരിക്കുന്നത്. ബന്ധുക്കളുടെ പരാതി മാധ്യമങ്ങളിലൂടെ അടക്കം ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിൽ സ്വമേധയ ആണ് അന്വേഷണമെന്ന് എസ് പി അറിയിച്ചു.

യുവാവിന്‍റെ ആത്മഹത്യയിൽ കമ്പളക്കാട് പൊലീസിനെതിരെ പരാതി ഉയർന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസം സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരുന്നു. പോക്സോ കേസിൽ പെടുത്തുമെന്ന ഭീഷണിയെ തുടർന്നാണ് രതിൻ ആത്മഹത്യ ചെയ്തത് എന്നാണ് കുടുംബത്തിന്‍റെ ആരോപണം. കമ്പളകാട് പൊലീസിനെതിരെയാണ് ആരോപണം ഉയര്‍ന്നത്. എന്നാൽ, പൊതുസ്ഥലത്ത് പ്രശ്നം ഉണ്ടാക്കിയതിൽ മാത്രമാണ് കേസെടുത്തതെന്നാണ് പൊലീസിന്‍റെ വാദം. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ഡിവൈഎഫ്ഐയും യൂത്ത് കോൺഗ്രസും ബിജെപിയും ആവശ്യപ്പെട്ടിരുന്നു. 

കഴിഞ്ഞ ദിവസമാണ് പോക്സോക്കേസിൽപ്പെടുത്തിയെന്ന് ആരോപിച്ച് ഫേസ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്ത ശേഷം പനമരം അഞ്ചുകുന്ന് സ്വദേശി രതിൻ ആത്മഹത്യ ചെയ്തത്. ഒരു പെൺകുട്ടിയുമായി ഓട്ടോയിൽ സംസാരിച്ചതിനെ തുടർന്നുണ്ടായ തര്‍ക്കത്തിനിടെയാണ് സ്ഥലത്ത് പൊലീസെത്തി രതിനെതിരെ കേസെടുക്കുന്നത്. എന്നാൽ, യുവാവിന്‍റേത് തെറ്റിദ്ധാരണ ആയിരുന്നെന്നും കേസടുത്തത് പൊതുസ്ഥലത്ത് പ്രശ്നം ഉണ്ടാക്കിയതിന് ആണെന്നുമാണ് കമ്പളക്കാട് പൊലീസിന്‍റെ വാദം. പൊലീസ് വാദം തെറ്റാണെന്ന് ആരോപിച്ച കുടുംബം പരാതി നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്.  കടുത്ത ഭീഷണിക്ക് ഇരയായിട്ടാണ് രതിൻ ആത്മഹത്യ ചെയ്തത് എന്നാണ് ഉയരുന്ന ആക്ഷേപം.

പൊലീസ് പോക്സോ കേസിൽ പെടുത്തിയെന്നാരോപിച്ച് ഫേയ്ബുക്കിൽ വീഡിയോ; പിന്നാലെ യുവാവ് പുഴയിൽ ചാടി ജീവനൊടുക്കി

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)

Latest Videos
Follow Us:
Download App:
  • android
  • ios