ബ്രാഞ്ച് സെക്രട്ടറിയുടെ പാറ ഖനനം; സിപിഎം പ്രവര്‍ത്തകര്‍ തമ്മിലടിച്ചു; പ്രശ്നം പരിഹരിക്കാൻ പാര്‍ട്ടി

സംഭവവുമായി ബന്ധപ്പെട്ട് ഇരുഭാഗത്ത് നിന്നും നാല് പരാതികൾ കിട്ടി. നാലു കേസുകളും രജിസ്റ്റർ ചെയ്തെന്ന് മലയാലപ്പുഴ പൊലീസ്

CPIM intervenes to solve dispute among party workers at Malayalappuzha against quarry kgn

പത്തനംതിട്ട: സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലെ പാറഖനനവുമായി ബന്ധപ്പെട്ട് പാർട്ടി പ്രവർത്തകരടക്കം നാട്ടുകാരുമായുള്ള തർക്കം ഒടുവിൽ സംഘർഷത്തിൽ കലാശിച്ചു. പത്തനംതിട്ട മലയാലപ്പുഴയിലാണ് സംഭവം. ലോക്കൽ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ പ്രവർത്തകർ തമ്മിലടിച്ചതോടെ പ്രശ്നം പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണ് സിപിഎം പത്തനംതിട്ട ജില്ലാ നേതൃത്വം.

കഴിഞ്ഞ ദിവസം രാത്രിയിലാണ് ബ്രാഞ്ച് സെക്രട്ടറിയും സഹോദരനും കുടുംബവും താമസിക്കുന്ന വീടിനു നേരെ കല്ലേറ് നടന്നത്. പൊലീസ് നോക്കിനിൽക്കെ സ്ത്രീകളടക്കമുള്ള ആളുകൾ അക്രമിച്ചെന്നാണ് അർജുൻ ദാസിന്‍റെ പരാതി. ആശുപത്രിയിൽ ചികിത്സ തേടിയ ബ്രാഞ്ച് സെക്രട്ടറിയും കുടുംബവും പൊലീസിൽ പരാതി നൽകി. വീട് നിർമ്മാണത്തിനെന്ന പേരിൽ ബ്രാഞ്ച് സെക്രട്ടറിയായ അർജുൻ ദാസ് സ്വന്തം ഭൂമിയിലെ മണ്ണും പാറയും നീക്കം ചെയ്തിരുന്നു. ഇതിനിടെ സ്ഥലത്തെ സിപിഎം പ്രവർത്തകരായ നാട്ടുകാരിൽ ചിലർ ക്ഷേത്രത്തിലെ ഉത്സവത്തിന് രണ്ട് ലക്ഷം രൂപ സംഭാവന ആവശ്യപ്പെട്ടെന്നും അത് നൽകാത്തതിലെ വിരോധത്തിലാണ് വീടിന് നേരെ ആക്രമണം ഉണ്ടായതെന്നും അർജുൻ ദാസിന്‍റെ സഹോദരനടക്കം കുടുംബം പറയുന്നു.

പാറഖനനം അനധികൃതമാണെന്നും അത് തടയണമെന്നും ആവശ്യപ്പെട്ട് കളക്ടർക്ക് പരാതി പോയിരുന്നു. അത് തങ്ങൾ നൽകിയതാണെന്ന നിഗമനത്തിൽ അർജുൻ ദാസും കുടുംബവും കുട്ടികളെ അടക്കം നിരന്തരമായി ഉപദ്രവിക്കുകയാണെന്ന് സിപിഎം പ്രവർത്തകരായ നാട്ടുകാർ പറയുന്നു. ഏറ്റവുമൊടുവിൽ ചെറിയ കുട്ടിക്ക് നേരെ വടിവാൾ എറിയുന്ന സംഭവം കൂടി ഉണ്ടായപ്പോഴാണ് തങ്ങൾ സഹികെട്ട് പ്രതികരിച്ചതെന്നും കല്ലെറിഞ്ഞവർ പറയുന്നു.

ബ്രാഞ്ച് സെക്രട്ടറി നടത്തുന്ന പാറഖനനം അനധികൃതമാണെന്ന് ആക്ഷേപം ഒരുവശത്ത്. പാർട്ടി പ്രവർത്തകർ തമ്മിലെ സംഘർഷം മറുവശത്ത്. സിപിഎമ്മിന് ആകെ നാണക്കേടായ വിഷയം പരിഹരിക്കാൻ ജില്ലാ സെക്രട്ടറി തന്നെ ഇടപെട്ടിട്ടുണ്ട്. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ഇരുഭാഗത്ത് നിന്നും നാല് പരാതികൾ കിട്ടി. നാലു കേസുകളും രജിസ്റ്റർ ചെയ്തെന്ന് മലയാലപ്പുഴ പൊലീസ് അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios