Asianet News MalayalamAsianet News Malayalam

ക്വട്ടേഷന്‍കാരെ സഹായിക്കുന്ന പാർട്ടിയല്ല,  പി ജയരാജനെതിരെ വ്യാജ പ്രചാരണം; പിന്തുണയുമായി സിപിഎം 

'നവമാധ്യമങ്ങളില്‍ പാര്‍ട്ടിയുടെ വക്താക്കളായി പ്രവര്‍ത്തിക്കാന്‍ ക്വട്ടേഷന്‍ സംഘങ്ങളെ പാര്‍ട്ടി ചുമതലപ്പെടുത്തിയിട്ടില്ല'

cpim has no relation with quotation goons cpm support p jayarajan on manu thomas allegation
Author
First Published Jun 29, 2024, 7:14 PM IST

കണ്ണൂർ : ക്വട്ടേഷൻ ആരോപണങ്ങളിൽ പി ജയരാജന് പിന്തുണയുമായി സിപിഎം കണ്ണൂർ ജില്ലാ  സെക്രട്ടറിയേറ്റ്. പി ജയരാജനെതിരെയുള്ളത് വ്യാജ വാർത്തകളാണെന്നും മനു തോമസിന്റേത് തെറ്റായ പ്രചാരവേലയാണെന്നും സിപിഎം വാർത്താക്കുറിപ്പിൽ ആരോപിച്ചു. ക്വട്ടേഷന്‍കാരെ സഹായിക്കുകയോ സംരക്ഷിക്കുകയോ ചെയ്യുന്ന പാര്‍ട്ടിയല്ല സിപിഐ(എം). എന്നിട്ടും ക്വട്ടേഷന്‍കാരുടെ പാര്‍ട്ടിയാണെന്നും അവരെ സഹായിക്കുന്നവരാണെന്നും പ്രചരിപ്പിക്കുന്നു.സി.പി.ഐ.(എം) സംസ്ഥാന കമ്മിറ്റി അംഗമായ പി ജയരാജനും, ജില്ലാ കമ്മിറ്റി അംഗമായ എം ഷാജറുമെതിരെ വ്യാജ വാര്‍ത്തകളാണ് ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഇത്തരം പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും സിപിഎം ചൂണ്ടിക്കാട്ടി. ക്വട്ടെഷൻ സംഘങ്ങളുടെ ഭീഷണിയേയും സിപിഎം  അപലപിച്ചു.

വാർത്താക്കുറിപ്പിന്റെ പൂർണരൂപം 


ചില മാധ്യമങ്ങള്‍ തുടര്‍ച്ചയായി സി.പി.ഐ.(എം)നെതിരെ നടത്തിക്കൊണ്ടിരിക്കുന്ന അപവാദ പ്രചരണങ്ങള്‍ അടിസ്ഥാനരഹിതവും അപലപനീയവുമാണ്. ക്വട്ടേഷന്‍കാരെ സഹായിക്കുകയോ സംരക്ഷിക്കുകയോ ചെയ്യുന്ന പാര്‍ട്ടിയല്ല സി.പി.ഐ.(എം). എന്നിട്ടും ക്വട്ടേഷന്‍കാരുടെ പാര്‍ട്ടിയാണ് സി.പി.ഐ.(എം) എന്നും അവരെ സഹായിക്കുന്നവരാണ് സി.പി.ഐ.(എം) സംസ്ഥാന കമ്മിറ്റി അംഗമായ പി ജയരാജനും, ജില്ലാ കമ്മിറ്റി അംഗമായ എം ഷാജറും എന്നുമുള്ള വ്യാജ വാര്‍ത്തകളാണ് ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഇത്തരം പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണ്. ഈ പ്രചരണങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകരും ബഹുജനങ്ങളും കുടുങ്ങിപ്പോകരുതെന്നും ജാഗ്രത പാലിക്കുകയും വേണമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിച്ചു.

പാര്‍ട്ടി മെമ്പര്‍ഷിപ്പ് പുതുക്കാത്തതിനെ തുടര്‍ന്ന് സി.പി.ഐ.(എം) ല്‍ നിന്നും ഒഴിവായ മനു തോമസ് സി.പി.ഐ.(എം) നേതാക്കള്‍ക്കെതിരെ നടത്തികൊണ്ടിരിക്കുന്ന തെറ്റായ പ്രചാരവേല അപലപനീയമാണ് അത് ജനങ്ങള്‍ തിരിച്ചറിയണം. സോഷ്യമീഡിയയിലൂടെ ഭീഷണിയുടെ സ്വരത്തില്‍ ക്വട്ടേഷന്‍കാരായ ചിലര്‍ നടത്തുന്ന പ്രതികരണങ്ങള്‍ പ്രതിഷേധാര്‍ഹവും സമൂഹം അംഗീകരിക്കാത്തതുമാണ്. നവമാധ്യമങ്ങളിലൂടെ നടത്തിക്കൊണ്ടിരിക്കുന്ന ഇത്തരം പ്രതികരണങ്ങള്‍ ലൈക്ക് ചെയ്തും, ഷെയര്‍ ചെയ്തും പ്രചരിപ്പിക്കുന്നതും ന്യായീകരിക്കത്തക്കതല്ല.

നവമാധ്യമങ്ങളില്‍ പാര്‍ട്ടിയുടെ വക്താക്കളായി പ്രവര്‍ത്തിക്കാന്‍ ക്വട്ടേഷന്‍ സംഘങ്ങളെ പാര്‍ട്ടി ചുമതലപ്പെടുത്തിയിട്ടില്ല.തൊഴിലാളി -കര്‍ഷകാദി ബഹുജനങ്ങളെ അണിനിരത്തി അനീതിക്കും അഴിമതിക്കും കൊള്ളരുതായ്മക്കുമെതിരെ പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന പാര്‍ട്ടിയാണ് സി.പി.ഐ.(എം). വര്‍ഗ്ഗീയതയ്ക്കും കോര്‍പ്പറേറ്റ് നയങ്ങള്‍ക്കുമെതിരെ സന്ധിയില്ലാ സമരവും നടത്തുന്നു. ഇത്തരമൊരു പാര്‍ട്ടിയുടെ ജനകീയ വിശ്വാസ്യത തകര്‍ക്കാനുള്ള നീക്കമാണ് തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് വലതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും, ചില മാധ്യമങ്ങളും നടത്തുന്നത്. അത് തിരിച്ചറിയാന്‍ ജനങ്ങള്‍ക്ക് കഴിയണം. 

 

 

 

Latest Videos
Follow Us:
Download App:
  • android
  • ios