കേരളത്തിൽ കൊവിഡ് വ്യാപനം കുറയുന്നു; സംസ്ഥാനത്തിന് കേന്ദ്രത്തിന്‍റെ അഭിനന്ദനം
അതേ സമയം കൊവിഡ് വ്യാപനം രൂക്ഷമായ രാജ്യത്തെ പത്ത് ജില്ലകളിൽ എറണാകുളവും ഉൾപ്പെടുന്നു. മഹാരാഷ്ട്രയിലെ ചില ജില്ലകളിൽ കൊവിഡ് വ്യാപനം കുറയാത്തതിൽ കേന്ദ്രം ആശങ്കപ്രടിപ്പിച്ചു.
ദില്ലി: കേരളത്തിൽ കൊവിഡ് വ്യാപനം കുറയുന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രോഗവ്യാപനം നിയന്ത്രിച്ച സംസ്ഥാനത്തിന്റെ നടപടിയെ കേന്ദ്രം അഭിനന്ദിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ കേരളത്തിലെ കൊവിഡ് രോഗികളുടെ എണ്ണത്തിലുണ്ടായ കുറവ് നല്ല സൂചനയാണെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്‍റെ വിലയിരുത്തൽ. ഫെബ്രുവരി 11ന് 63,000 കൊവിഡ് രോഗികൾ ഉണ്ടായിരുന്നിടത്ത് നിന്നും മാർച്ച് 11 ആയപ്പോൾ 35000ലെത്തി.
അതേ സമയം കൊവിഡ് വ്യാപനം രൂക്ഷമായ രാജ്യത്തെ പത്ത് ജില്ലകളിൽ എറണാകുളവും ഉൾപ്പെടുന്നു. മഹാരാഷ്ട്രയിലെ ചില ജില്ലകളിൽ കൊവിഡ് വ്യാപനം കുറയാത്തതിൽ കേന്ദ്രം ആശങ്കപ്രടിപ്പിച്ചു.
ഇതിനിടെ പരമാവധി പേർക്ക് പ്രതിരോധ കുത്തിവയ്പ് ഉറപ്പാക്കാൻ സ്വകാര്യ ആശുപത്രികളിൽ 24 മണിക്കൂർ വാക്സിനേഷന് ആരോഗ്യ മന്ത്രാലയം നിർദേശം നൽകി. പ്രതിദിനം 50 ലക്ഷം പേർക്ക് കുത്തിവയ്പ് നൽകുന്ന രീതിയിലേക്ക് വാക്സിനേഷൻ്റെ വേഗത കൂട്ടുക ആണ് ലക്ഷ്യം.
മുതിർന്ന പൗരന്മാർക്കും, ഗുരുതര രോഗങ്ങളുള്ള 45 വസ്സിനു മുകളിലുള്ളവർക്കും വാക്സീൻ നൽകുന്ന രണ്ടാം ഘട്ട വാക്സിനേഷൻ മികച്ച രീതിയിൽ പുരോഗമിക്കുകയാണ്. അടുത്ത ഘട്ടത്തിൽ 50 വയസ്സിനു മുകളിലുള്ളവർക്ക് വാക്സീൻ നൽകാനാണ് ആരോഗ്യ മന്ത്രാലയത്തിന്‍റെ നീക്കം. രണ്ടരക്കോടിയോളം പേർ ഇതുവരെ വാക്സീൻ സ്വീകരിച്ചതായാണ് കണക്ക്.