ഇന്ന് 724 സമ്പർക്കരോഗികൾ; കൂടുതൽ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി
ഇടുക്കി ജില്ലയിൽ ഇന്ന് റിപ്പോർട്ട് ചെയ്ത 29 കൊവിഡ് കേസുകളിൽ 24 എണ്ണവും സമ്പർക്കത്തിലൂടെ ഉള്ളവയാണ്. കോഴിക്കോട് ഇന്ന് 82 പോസിറ്റീവ് കേസ് കൂടി റിപ്പോർട്ട് ചെയ്തതിൽ 74 എണ്ണവും സമ്പർക്കത്തിലൂടെ ബാധിച്ചതാണ്. ഇവിടെ മൂന്ന് പേരുടെ ഉറവിടം കണ്ടെത്താനായില്ല.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 885ൽ 724 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ ഉറവിടം അറിയാത്ത 54 കേസുകളും ഉൾപ്പെടുന്നു.
തൃശ്ശൂർ ജില്ലയിൽ 33 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 25 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. 9 കേസുകളുടെ ഉറവിടം അറിയില്ല. ആലപ്പുഴയിൽ 44 പേർക്ക് രോഗം സ്ഥിരീകരിച്ചതിൽ 32 സമ്പർക്കരോഗികളാണുള്ളത്. ഇടുക്കി ജില്ലയിൽ ഇന്ന് റിപ്പോർട്ട് ചെയ്ത 29 കൊവിഡ് കേസുകളിൽ 24 എണ്ണവും സമ്പർക്കത്തിലൂടെ ഉള്ളവയാണ്. കോഴിക്കോട് ഇന്ന് 82 പോസിറ്റീവ് കേസ് കൂടി റിപ്പോർട്ട് ചെയ്തതിൽ 74 എണ്ണവും സമ്പർക്കത്തിലൂടെ ബാധിച്ചതാണ്. ഇവിടെ മൂന്ന് പേരുടെ ഉറവിടം കണ്ടെത്താനായില്ല.
എറണാകുളം ജില്ലയിൽ 61 സമ്പർക്ക രോഗികളാണ് ഇന്നുള്ളത്. ഇന്ന് 69 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ചെല്ലാനത്ത് മാത്രം സമ്പർക്കരോഗികൾ 12 പേരുണ്ട്. മലപ്പുറത്ത് കൊണ്ടോട്ടിയിൽ രോഗികളുടെ എണ്ണം കൂടുന്നു. ജില്ലയിൽ ഇന്ന് 35 സമ്പർക്ക രോഗികൾ ഉള്ളതിൽ 25 പേരും കൊണ്ടോട്ടിയിലാണ്. കാസർകോട് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 106 പേരിൽ 98 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കോട്ടയത്തെ 50 രോഗികളിൽ 43 ഉം സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരാണ്.
മുഖ്യമന്ത്രിയുടെ വാക്കുകൾ...
രോഗവ്യാപനതോത് കുറയുന്നുവെങ്കിലും നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനായിട്ടില്ല. പത്തനംതിട്ട ജില്ലയിലെ കുമ്പള ഒരു ലാർജ് കമ്മ്യൂണിറ്റി സെൻ്ററാണ്. 205 പേർക്ക് ഇവിടെ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഇവിടെ ഇപ്പോൾ വലിയ തോതിൽ വ്യാപനം നടക്കുന്നില്ല. തിരുവല്ലയിലെ ഹോളി സ്പിരിറ്റ് കോണ്വൻ്റിൽ സമ്പർക്കം മൂലം 44 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയിൽ 75 പ്രാഥമിക കേന്ദ്രങ്ങളിലായി 7364 ബെഡുകൾ സജ്ജമാക്കും. നിലവിൽ പ്രവർത്തിക്കുന്ന അഞ്ച് കേന്ദ്രങ്ങളിലായി 624 ബെഡുണ്ട്
ആലപ്പുഴ ജില്ലയിൽ കൊവിഡ് വ്യാപിച്ച കുറത്തിക്കാട്, കായംകുളം, ചേർത്തല, ഐടിബിപി ക്യാംപ് എന്നിവിടങ്ങളിൽ കേസുകൾ കുറഞ്ഞു. എന്നാൽ തീരപ്രദേശത്തെ ക്ലസ്റ്റർ സജീവമായി നിൽക്കുന്നു. 105 പേരെ പരിശോധിച്ചപ്പോൾ കടക്കരപ്പള്ലയിൽ 18 പേർക്കും ചെട്ടിക്കാട് 465 പേരിൽ 29 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. 29 പ്രാഥമിക കേന്ദ്രങ്ങളിലായി 3040 കേട്ടിട്ടങ്ങൾ സജ്ജീകരിച്ചു.
കോട്ടയം കളക്ട്രേറ്റിലെ ജീവനക്കാരന് കൊവിഡ് വന്നതിനെ തുടർന്ന് ക്വാറൻ്റൈനിൽ പോയ കളക്ടർ അടക്കമുള്ള ഉദ്യോഗസ്ഥർ വർക്ക് ഫ്രം ഹോം രീതിയിൽ ജോലി ചെയ്യുന്നു. പായിപ്പാട്, ചങ്ങനാശ്ശേരി, പാറത്തോട്, പള്ളിക്കത്തോട്, എന്നിവയനായണ് നിലവിലെ കൊവിഡ് ക്ലസ്റ്ററുകൾ. പ്രാഥമിക ചികിത്സ കേന്ദ്രങ്ങൾക്കായി 53 കെട്ടിട്ടങ്ങൾ ഇതുവരെ ഏറ്റെടുത്തു.
ഇടുക്കിയിൽ ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകൾ ഒന്നും ഇല്ല. കൊന്നത്തടി, രാജാക്കാട് എന്നിവിടങ്ങളിൽ രോഗവ്യാപനമുണ്ട്. അഞ്ച് താലൂക്കുകളിലായി 5000ത്തോളം പേർക്ക് ബെഡ് ഒരുക്കുന്നു
എറണാകുളത്തെ വൃദ്ധജനരോഗിപരിപാലന കേന്ദ്രങ്ങൾ, കോൺവെൻ്റുകൾ എന്നിവിടങ്ങളിൽ രോഗവ്യാപനമുണ്ടായത് ഗൗരവത്തോടെ കാണണം. തൃക്കാക്കരയിലെ ഒരു കെയർ ഹോമിൽ 135 അന്തേവാസികളുടെ ആൻ്റിജൻ ടെസ്റ്റ് നടത്തിയപ്പോൾ 43 ഉം പൊസീറ്റീവാണ്. കെയർ ഹോമുകളിൽ ഇനി സന്ദർശകരെ അനുവദിക്കില്ല. അവിടെയുള്ളവരെ പുറത്തേക്കും വിടില്ല, രോഗികൾ കൂടിയ കെയർ ഹോമുകളിലുള്ളവരെ അവിടെ തന്നെ ചികിത്സിക്കും. ഡോക്ടറും ആംബുളൻസും അവിടെ മുഴുവൻ സമയവും ഉണ്ടാവും രോഗം ഭേദമായാൽ ഇവരെ കൊവിഡ് ആശുപത്രിയിൽ നിരീക്ഷണത്തിലാക്കും. ലഭ്യമായ മൊത്തം ചികിത്സാ സൗകര്യത്തിൽ 39 ശതമാനം കിടക്കകളാണ് ഇപ്പോൾ വിനിയോഗിച്ചത്. 43 ശതമാനം ഐസിയുവും 29 ശതമാനം വെൻ്റിലേറ്ററുകളും ഉപയോഗത്തിലൂണ്ട്
ജില്ലയിലെ പ്രധാന ക്ലസ്റ്ററായ ആലുവയിൽ രോഗവ്യാപനം ശക്തമായി തുടരുന്നു. സമീപപഞ്ചായത്തുകളിലും രോഗം വ്യാപിക്കുന്നു. ജില്ലയിൽ ആകെ 109 പ്രാഥമിക ചികിത്സാകേന്ദ്രങ്ങളിലായി 5897 പൊസീറ്റീവ് കേസുകൾ അഡ്മിറ്റ് ചെയ്യാൻ സൗകര്യം ഉണ്ട്. 21 സ്വകാര്യ ആശുപത്രികൾ ഇതിനോടകം കൊവിഡ് ചികിത്സയ്ക്ക് സജ്ജമാണ്.