സംസ്ഥാനത്ത് കൊവിഡ് സമൂഹവ്യാപനമെന്ന് ഐഎംഎ; ഇപ്പോഴത്തെ ചുറ്റുപാടിൽ രോഗത്തെ അതിജീവിക്കാൻ കഴിയില്ല
സാമൂഹിക അകലം ഒരിടത്തും പാലിക്കുന്നില്ല. ഇപ്പോഴത്തെ ചുറ്റുപാടിൽ രോഗത്തെ അതിജീവിക്കാൻ കഴിയില്ല. അത്ര മോശമായ സാഹചര്യമാണ് നിലവിലുള്ളത്. ഇത് ജനങ്ങൾ ഉൾക്കൊള്ളുന്നില്ല.
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് സമൂഹവ്യാപനത്തിലേക്ക് കടന്നു എന്നു വേണം മനസ്സിലാക്കാനെന്ന് ഐഎംഎ. വളരെ അപകടകരമായ സാഹചര്യമാണിത്. ഇപ്പോഴത്തെ ചുറ്റുപാടിൽ രോഗത്തെ അതിജീവിക്കാൻ കഴിയില്ലെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ എബ്രഹാം വർഗീസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കൊവിഡ് ലക്ഷണങ്ങൾ ഇല്ലാത്ത രോഗികൾ കൂടുന്നു. കൊവിഡ് പ്രതിരോധ രംഗത്ത് പ്രവർത്തിക്കാത്തവർക്ക് രോഗം വരുന്നു. ഇവിടെ നിന്നും മറ്റു സംസ്‌ഥാനങ്ങളിൽ എത്തുന്നവർക്ക് രോഗം സ്‌ഥിരീകരിക്കുന്നു. ഇതൊക്ക കൊവിഡ് സമൂഹവ്യാപനത്തിലേക്ക് കടന്നതിന്റെ ലക്ഷണങ്ങളാണ്.
മുമ്പിൽ വരുന്ന ഓരോരുത്തരും പോസിറ്റീവ് ആണെന്ന് കരുതി മുൻകരുതൽ എടുക്കണം. രോഗവ്യാപനം വളരെ അധികം കൂടുകയാണ്. എന്നിട്ടും,ലോക്ക് ഡൌൺ ഇളവുകൾ ആളുകൾ ദുരുപയോഗം ചെയ്തു. സാമൂഹിക അകലം ഒരിടത്തും പാലിക്കുന്നില്ല. ഇപ്പോഴത്തെ ചുറ്റുപാടിൽ രോഗത്തെ അതിജീവിക്കാൻ കഴിയില്ല. അത്ര മോശമായ സാഹചര്യമാണ് നിലവിലുള്ളത്. ഇത് ജനങ്ങൾ ഉൾക്കൊള്ളുന്നില്ല.
കൊവിഡ് ഇല്ലാത്തവരെ ചികിത്സിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് രോഗം ബാധിക്കുന്നത് ഗുരുതരമായ സാഹചര്യമാണ്. കൊവിഡ് പരിശോധനകളുടെ എണ്ണം വർധിപ്പിക്കണം. രോഗവ്യാപനത്തിന്റെ കണക്ക് അറിയാൻ അത് വേണമെന്നും എബ്രഹാം വർഗീസ് പറഞ്ഞു.
Read Also: രാജ്യത്ത് 27000ത്തിലധികം പുതിയ കൊവിഡ് കേസുകൾ; രോഗബാധിതരുടെ എണ്ണം എട്ട് ലക്ഷം കടന്നു...