കേരളത്തിൽ 506 കൊവിഡ് കേസുകൾ കൂടി, രോഗമുക്തി 794 പേർക്ക്, കണക്ക് പൂര്‍ണമല്ലെന്ന് മുഖ്യമന്ത്രി

രാജ്യത്താദ്യമായി കേരളത്തിൽ കൊവിഡ് റിപ്പോർട്ട് ചെയ്ത് ആറ് മാസം തികയുന്ന ദിവസമാണ് ഇന്ന്. ഇന്ന് എത്ര കേസുകളുണ്ടാകും എന്നതും ഇനിയെങ്ങോട്ട് ആരോഗ്യകേരളം പോകുന്നു എന്നതും നിർണായകമാണ്.

covid cases in kerala as of 30 july 2020

തിരുവനന്തപുരം: ഇന്ന് ലഭിച്ച റിപ്പോർട്ട് പ്രകാരം 506 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 794 പേർ രോഗമുക്തി നേടി. ഇന്നത്തെ കണക്ക് പൂർണ്ണമല്ല. ഐസിഎംആർ പോർട്ടലുമായി ബന്ധപ്പെട്ട് സാങ്കേതിക ജോലി നടക്കുന്നു. ഉച്ചവരെയുള്ള ഫലമാണ് ഉൾപ്പെടുത്തിയത്.

ഇന്ന് രണ്ട് കൊവിഡ് മരണം സ്ഥിരീകരിച്ചു. കോഴിക്കോട് പള്ളിക്കണ്ടി സ്വദേശി ആലിക്കോയ (77), എറണാകുളം വാഴക്കുളം സ്വദേശി ബീവാത്തു (65) എന്നിവരാണ് മരിച്ചത്.

375 പേർക്ക് ഇന്ന് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി. ഇതിൽ ഉറവിടം അറിയാത്ത 29 പേർ. വിദേശത്ത് നിന്ന് 31 പേർ. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന 40 പേർക്കും 37 ആരോഗ്യപ്രവർത്തർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ജില്ല തിരിച്ചുള്ള കണക്കുകൾ: തൃശ്ശൂർ 83, തിരുവനന്തപുരം 70, പത്തനംതിട്ട 59, ആലപ്പുഴ 55, കോഴിക്കോട് 42, കണ്ണൂർ 39, എറണാകുളം 34, മലപ്പുറം 32, കോട്ടയം 29, കാസർകോട് 28, കൊല്ലം 22, ഇടുക്കി ആറ്, പാലക്കാട് നാല്, വയനാട് മൂന്ന്.

നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം 220, കൊല്ലം 83, പത്തനംതിട്ട 81, ആലപ്പുഴ 20, കോട്ടയം 49, ഇടുക്കി 31, എറണാകുളം 69, തൃശൂർ 68, പാലക്കാട് 36, മലപ്പുറം 12, കോഴിക്കോട് 57, കാസർകോട് നാല്. 24 മണിക്കൂറിനിടെ 21533 സാമ്പിളുകൾ പരിശോധിച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ബലിപെരുന്നാൾ ആശംസകൾ

നാളെ ബലിപെരുന്നാളാണ്. ത്യാഗത്തിന്‍റെയും സമർപ്പണത്തിന്‍റെയും മനുഷ്യ സ്നേഹത്തിന്‍റെയും മഹത്തായ സന്ദേശമാണ് പെരുന്നാൾ നൽകുന്നത്. ഈ മഹത്തായ സന്ദേശം ജീവിതത്തിൽ പുതുക്കുന്നതിന് അവസരമാകട്ടെ. കൊവിഡ് പ്രതിസന്ധിക്കിടയിലാണ് ഈദ് ആഘോഷം. പതിവ് ആഘോഷത്തിന് സാഹചര്യമില്ല. വളരെ കുറച്ച് തീർത്ഥാടകരാണ് ഹജ്ജ് കർമ്മം നിർവഹിക്കുന്നത്. ഇവിടെ പള്ളികളിൽ പെരുന്നാൾ നമസ്കാരം അനുവദിച്ചിട്ടുണ്ട്. ആളുകളുടെ എണ്ണം പരമാവധി കുറയ്ക്കണം. എല്ലാവരും അത് പാലിക്കണം. ഇന്നത്തെ സാഹചര്യത്തിന്‍റെ ഗുരുതര സ്വഭാവം കണക്കിലെടുത്ത് ഇത്തവണ നമസ്കാരം വേണ്ടെന്ന് വച്ച പള്ളിക്കമ്മിറ്റികൾക്ക് അഭിനന്ദനം അറിയിക്കുന്നു.

കൊവിഡിനൊപ്പം ആറ് മാസത്തെ സഞ്ചാരം

കൊവിഡിനൊപ്പം കേരളത്തിന്‍റെ സഞ്ചാരം ആറ് മാസമായി. സർക്കാർ എല്ലാ സംവിധാനവും ഉപയോഗിച്ചാണ് അപരിചിതമായ ഈ സാഹചര്യത്തെ മറികടക്കാൻ ശ്രമിക്കുന്നത്. ജനം കാട്ടുന്ന ജാഗ്രതയും പിന്തുണയും പ്രതിരോധ പ്രവർത്തനത്തിന് ഊർജ്ജമായി.

സർക്കാരിന് കൊവിഡ് പ്രതിരോധത്തിൽ എന്ത് പങ്കെന്ന് ചോദ്യം കേട്ടു. നാൾവഴി പരിശോധിച്ചാൽ ഉത്തരമുണ്ടാകും. ജനുവരി 30-നാണ് രോഗം സ്ഥിരീകരിച്ചത്. പ്രതിരോധ പ്രവർത്തനത്തിന് അതിലേറെ പഴക്കമുണ്ട്. ജനുവരി രണ്ടാം വാരം മുതൽ ആരോഗ്യവകുപ്പ് ഉണർന്ന് പ്രവർത്തിച്ചു. അംഗീകരിക്കപ്പെട്ട പ്രോട്ടോക്കോൾ ഇല്ലാതിരുന്നപ്പോഴും നടപടികളുമായി മുന്നോട്ട് പോയി.

ജനുവരി 30, ഫെബ്രുവരി 2, നാല് തീയതികളിലായി മൂന്ന് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. അതിൽ മാത്രമായി ആദ്യ ഘട്ടം ഒതുങ്ങി. ആദ്യം സ്ഥിരീകരിച്ച രാജ്യങ്ങളിൽ രോഗം പടർന്ന് പിടിച്ചപ്പോൾ നാം വ്യാപനമില്ലാതെ ആദ്യ ഘട്ടം അതിജീവിച്ചു. മാർച്ച് എട്ടിന് വിദേശത്ത് നിന്ന് എത്തിയവർക്ക് രോഗം. ഇതോടെ രണ്ടാം ഘട്ടം തുടങ്ങി. മാർച്ച് 24-ന് കേരളത്തിൽ 105 രോഗികളാണ് ഉണ്ടായിരുന്നത്. മെയ് മൂന്നിന് ചികിത്സയിൽ ഉള്ളവരുടെ എണ്ണം 95 ആയി കുറഞ്ഞു. രണ്ടാം ഘട്ടം പിന്നിട്ടപ്പോൾ 496 പേർക്കാണ് ആകെ രോഗം ബാധിച്ചത്. 165 പേർക്ക് മാത്രമാണ് സമ്പർക്കത്തിലൂടെ രോഗം കണ്ടെത്തിയത്.

അൺലോക്ക് ആരംഭിച്ചതോടെ മൂന്നാം ഘട്ടത്തിലേക്ക് കടന്നു. അതിർത്തി കടന്നും വിമാനത്തിലൂടെയും കേരളത്തിലേക്ക് ആളുകൾ വന്നു. 682699 പേർ ഇതുവരെ വന്നു. 419943 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരായിരുന്നു. 262756 പേർ വിദേശത്ത് നിന്നും വന്നവർ.

ഇന്നലെ വരെ 21298 പേർക്കാണ് കൊവിഡ് ബാധിച്ചത്. രോഗബാധിതരായവരിൽ 9099 പേർ കേരളത്തിന് പുറത്ത് നിന്ന് വന്നവരാണ്. 12,199 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ഉണ്ടായി. രോഗികളുടെ എണ്ണത്തിൽ മൂന്നാം ഘട്ടത്തിൽ വർധനവ് പ്രതീക്ഷിച്ചിരുന്നു. രോഗവ്യാപന തോത് പ്രവചിക്കപ്പെട്ട രീതിയിൽ കൂടാതെയാണ് ഇപ്പോഴും മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് കേരളം പിടിച്ച് നിൽക്കുന്നത്.

മറ്റിടങ്ങളിലെ പോലെ രോഗവ്യാപനം കേരളത്തിലില്ല. നാം നടത്തിയ ചിട്ടയായ പ്രവർത്തനമാണ് അപകടത്തിലേക്ക് പോകാതെ കേരളത്തെ രക്ഷിച്ചത്. ആരോഗ്യമേഖലയിൽ കൊവിഡ് പ്രതിരോധത്തിന് ഒറ്റ ദിവസം കൊണ്ട് 276 ഡോക്ടർമാരെ നിയമിച്ചു. കാസർകോട് മെഡിക്കൽ കോളേജ് പ്രവർത്തന സജ്ജമാക്കി. 273 തസ്തിക സൃഷ്ടിച്ചു. 980 ഡോക്ടർമാർക്ക് താത്കാലിക നിയമനം നൽകി. 6700 താത്കാലിക തസ്തികകളിലേക്ക് എൻഎച്ച്എം വഴി നിയമനം നടത്തി. കൊവിഡ് രോഗികൾക്ക് മാത്രമായി ആയിരത്തോളം ആംബുലൻസുകൾ സജ്ജമാക്കി. 50 മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ പ്രവർത്തിക്കുന്നു. ആശുപത്രികളെ വളരെപ്പെട്ടെന്ന് കൊവിഡ് ആശുപത്രികളാക്കി, സൗകര്യം സജ്ജമാക്കി. 105, 95 വയസുള്ള രോഗികളെ വരെ ചികിത്സിച്ച് ഭേദമാക്കി. വാർഡ് തല സമിതി തുടങ്ങി മുകളറ്റം വരെയുള്ള നിരീക്ഷണ സംവിധാനമാണ് സംസ്ഥാനത്തിന്‍റെ കരുത്ത്.

ഒരാൾ പോലും പട്ടിണി കിടക്കരുത്, ഒരു ജീവി പോലും കരുതലിന് പുറത്താകരുത് - ലോക്ക്ഡൗണിലും അൺലോക്കിലും സർക്കാർ നിലപാട് ഇത് തന്നെയായിരുന്നു. ലോക്ക്ഡൗൺ ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ 20000 കോടിയുടെ പാക്കേജ് സംസ്ഥാനം നടപ്പാക്കി. 60 ലക്ഷം പേർക്ക് സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകി. ക്ഷേമപെൻഷൻ കിട്ടാത്ത 15 ലക്ഷം കുടുംബങ്ങൾക്ക് ആയിരം രൂപ വീതം ധനസഹായം നൽകി. വിവിധ ക്ഷേമനിധി അംഗങ്ങൾക്ക് ധനസഹായം നൽകി. കുടുംബശ്രീ വഴി 2000 കോടി രൂപ വിതരണം ചെയ്യാൻ പദ്ധതി തയ്യാറാക്കി. 184474 പേർക്കായി 1742.32 കോടി രൂപ വിതരണം ചെയ്തു.

പൊതുവിതരണ സംവിധാനം വഴി 85 ലക്ഷം കുടുംബങ്ങൾക്ക് ധാന്യം വിതരണം ചെയ്തു. ഫലവ്യഞ്ജന കിറ്റ് സൗജന്യമായി നൽകി. അങ്കൺവാടികളിൽ നിന്ന് കുട്ടികൾക്ക് പോഷകാഹാരം വീടുകളിൽ എത്തിച്ചു. 26 ലക്ഷം വിദ്യാർത്ഥികൾക്ക് സൗജന്യ ഭക്ഷ്യകിറ്റ് നൽകി.

ഇങ്ങിനെയെല്ലാം സാധ്യമായ എല്ലാ ഇടപെടലും ആറ് മാസത്തിൽ കേരളം നടത്തി. കൊവിഡിനൊപ്പം ഇനിയും നാം സഞ്ചരിക്കേണ്ടി വരും. അതിന് സജ്ജമാവുകയാണ് പ്രധാനം.

ജില്ല തിരിച്ചുള്ള വിവരങ്ങൾ

രോഗവ്യാപനം കൂടിയ തിരുവനന്തപുരത്ത് പ്രതിരോധത്തിനായി ശക്തമായ നടപടി ഒരുക്കി. 23 സിഎഫ്എൽടിസികളിൽ 2500 കിടക്കയൊരുക്കി. 1512 പേർ വിവിധ കേന്ദ്രങ്ങളിൽ കഴിയുന്നു. 888 കിടക്കകൾ ഒഴിവുണ്ട്. ഇനിയും കൂടുതൽ സിഎഫ്എൽടിസികൾ സജ്ജമാക്കും. തിരുവനന്തപുരം ജനറൽ ആശുപത്രിയെ പൂർണ്ണ കൊവിഡ് ആശുപത്രിയാക്കും, അടുത്ത ഘട്ടത്തിൽ. ഇവിടെ ചികിത്സയിലുള്ള രോഗികളെ നഗരത്തിലെ സർക്കാർ ആശുപത്രികളിൽ അവശ്യ ക്രമീകരണം ഏർപ്പെടുത്തി.

769 കിടക്കകളാണ് ജനറൽ ആശുപത്രിയിലുള്ളത്. 25 ഐസിയു കിടക്കയും ഉണ്ട്. ജില്ലയിലെ കണ്ടെയ്ൻമെന്‍റ് സോണിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് രാവിലെ ഏഴ് മുതൽ വൈകിട്ട് നാല് വരെ പ്രവർത്തിക്കാം. 

കൊല്ലത്ത് കണ്ടെയ്ൻമെന്‍റ് സോണിൽ ഇളവ് അനുവദിച്ച സ്ഥലത്ത് കശുവണ്ടി ഫാക്ടറികൾ തുറക്കും.

പത്തനംതിട്ടയിൽ പൊലീസിന്‍റെ എആർ ക്യാംപ് കേന്ദ്രീകരിച്ച് ക്ലോസ്ഡ് കമ്യൂണിറ്റി ക്ലസ്റ്റർ രൂപപ്പെട്ടു. ഇവിടെയുള്ള അഞ്ച് പൊലീസുകാർക്കും ക്യാംപ് സന്ദർശിച്ച രണ്ട് പൊലീസുകാർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

മഴ ശക്തി പ്രാപിച്ചു. എറണാകുളത്ത് ദുരിതാശ്വാസ ക്യാംപ് കൊവിഡ് മാനദണ്ഡം പാലിച്ച് പ്രവർത്തിക്കുന്നു. നിരീക്ഷണത്തിലുള്ളവരെ പ്രത്യേക സ്ഥലത്ത് താമസിപ്പിക്കുന്നു.

മലപ്പുറത്ത് കൊണ്ടോട്ടിയിൽ 137 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

കോഴിക്കോട് സ്വകാര്യ ആശുപത്രികളടക്കം അഞ്ച് കേന്ദ്രങ്ങളിൽ കൊവിഡ് ചികിത്സാ സൗകര്യം ഒരുക്കും. ബീച്ചാശുപത്രി കൊവിഡ് ആശുപത്രിയാക്കും. തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിൽ കരുതൽ കെയർ സെന്‍റർ ആരംഭിച്ചു.

വയനാട്ടിലെ പെരിയ,. പാൽച്ചുരം,കുറ്റിയാടി ചുരങ്ങളിൽ ചരക്ക്- മെഡിക്കൽ ഗതാഗതം മാത്രമേ അനുവദിക്കൂ. എവിടെയും 20-ൽ കൂടുതൽ പേർ വിവാഹത്തിൽ പങ്കെടുക്കരുത്. വിവാഹ ചടങ്ങ് മൂന്ന് മണിക്കൂറിൽ കൂടരുത്.

ലക്ഷണമില്ലാത്ത രോഗബാധിതർക്ക് വീട്ടിൽ പരിചരണം

ഹോം കെയർ ഐസൊലേഷൻ കേരളത്തിൽ നടപ്പാക്കും. കൊവിഡ് ബാധിച്ച ഭൂരിപക്ഷം പേർക്കും രോഗലക്ഷണം ഇല്ല. ഇവർക്ക് വലിയ ചികിത്സ വേണ്ട. മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാനാണ് സിഎഫ്എൽടിസികളിൽ ഇവരെ കിടത്തുന്നത്. വീട്ടിൽ കിടത്തിയാൽ പ്രശ്നമുണ്ടാകില്ല. ഒരു കാരണവശാലും മുറി വിട്ട് പുറത്തിറങ്ങരുത്. ലക്ഷണം ഇല്ലാത്തവർക്ക് ഹോം കെയർ ഐസൊലേഷൻ അനുവദിക്കും.

ത്രിതല മോണിറ്ററിങ് സംവിധാനം ഏർപ്പെടുത്തി. ജെപിഎച്ച്എൻ, ആശ വർക്കർ, വളണ്ടിയർ എന്നിവർ നിശ്ചിത ദിവസം രോഗികളെ സന്ദർശിക്കും. ആരോഗ്യനിലയിൽ ബുദ്ധിമുട്ടുണ്ടായാൽ ആശുപത്രിയിലെത്തിക്കും. സിഎഫ്എൽടിസികളിൽ കഴിയുന്നവർ പലരും വീട്ടിൽ പൊയ്‍ക്കോളാം, രോഗലക്ഷണം ഉണ്ടെങ്കിൽ അറിയിക്കാമെന്ന് പറയുന്നു. പരീക്ഷണ അടിസ്ഥാനത്തിൽ ആദ്യം ആരോഗ്യ പ്രവർത്തകർക്കാണ് ഹോം കെയർ ഐസൊലേഷൻ അനുവദിക്കുന്നത്.

എന്നാൽ ആരെയും നിർബന്ധിച്ച് ഹോം ഐസൊലേഷനിൽ വിടില്ല. താത്പര്യമുള്ളവർ സത്യവാങ്മൂലം നൽകണം. ഹോം ക്വാറന്‍റീൻ പരീക്ഷിച്ച് വിജയിച്ചതാണ്. ശൗചാലയ സൗകര്യമുള്ള മുറിയിൽ ഒറ്റയ്ക്ക് കഴിയണം. ഇതിന് കഴിയാത്തവർക്ക് സർക്കാർ കേന്ദ്രത്തിൽ കഴിയാം. ബഹുഭൂരിപക്ഷത്തിനും വീട്ടിലുള്ള മറ്റുള്ളവർക്ക് രോഗത്തെക്കുറിച്ച് അവബോധമുണ്ട്. വളരെ കുറച്ച് പേരാണ് കൊവിഡ് പ്രോട്ടോക്കോൾ ക്വാറന്‍റീൻ നിർദ്ദേശം ലംഘിച്ചത്.

ഹോം ക്വാറന്‍റീൻ നടപ്പിലാക്കിയപ്പോഴും പ്രതിപക്ഷം സർക്കാരിനെ വിമർശിച്ചു. മിറ്റിഗേഷൻ രീതി നടപ്പിലാക്കണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. അവസാനം കേരളം നടപ്പിലാക്കിയ ഹോം ക്വാറന്‍റീൻ രീതി ലോകം അംഗീകരിച്ചു. മറ്റ് സംസ്ഥാനങ്ങളും കേരളത്തെ മാതൃകയാക്കി. സ്വയം ചികിത്സിക്കുന്ന അവസ്ഥയിലേക്ക് രോഗികളെ തള്ളിവിടുന്നുവെന്ന പ്രതിപക്ഷത്തിന്‍റെ പരിഹാസം ജനം പരിശോധിക്കട്ടെ.

സംസ്ഥാനത്ത് 176 സ്ഥാപനങ്ങളിലായി 25536 കിടക്കകൾ കൊവിഡ് രോഗികൾക്കായി സജ്ജീകരിച്ചിട്ടുണ്ട്. രോഗികളുടെ എണ്ണം വർധിച്ചാൽ ആശങ്കപ്പെടേണ്ട. കൊവിഡ് പ്രതിരോധത്തിന് വിജിലൻസ് അടക്കം എല്ലാ പൊലീസ് സംവിധാനത്തിലെയും ഉദ്യോഗസ്ഥരെയും നിയോഗിക്കും.

ലോക്ക്ഡൗൺ നിയന്ത്രണം തീരുന്നത് വരെ ജാഥയും യോഗങ്ങളും പാടില്ല. കെഎസ്ആർടിസി ദീർഘദൂര യാത്ര പുനരാരംഭിക്കും. കൊവിഡ് മാനദണ്ഡം പാലിക്കും. മാസ്ക് ധരിക്കാത്ത 5821 സംഭവങ്ങൾ ഇന്ന് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. ആറ് പേർ ക്വാറന്‍റീൻ ലംഘിച്ചു.

മഹാമാരിക്ക് പിന്നാലെ പേമാരിയും

രണ്ട് ദിവസമായി വ്യാപക മഴയാണ്. ഇതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് ഉണ്ടായി. കോട്ടയം, വൈക്കം കുമരകം, ചേർത്തല, എറണാകുളം, കണ്ണൂർ, വെള്ളാനിക്കര, കൊച്ചി, കക്കയം മേഖലയിൽ 150 മി.മീ-ലധികം അധികം മഴയുണ്ടായി. ചിലയിടത്ത് വെള്ളക്കെട്ടുമുണ്ടായി.

ഇന്നും നാളെയും കൂടി ചില ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രവചിച്ചു. ആഗസ്റ്റ് നാലോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. മുൻവർഷങ്ങളിൽ കേരളത്തിൽ അതിതീവ്ര മഴയുണ്ടായത് ഇത്തരം സാഹചര്യത്തിലാണ്. എന്നാൽ അതിതീവ്ര മഴ സാധ്യത പ്രവചിച്ചിട്ടില്ല. എന്നാൽ തയ്യാറെടുപ്പുകൾ തുടങ്ങി. ക്യാംപുകൾക്ക് കെട്ടിടം സജ്ജീകരിച്ചു. ന്യൂനമർദ്ദത്തിന്‍റെ രൂപീകരണവും വികാസവും സൂക്ഷ്മമായി നിരീക്ഷിക്കും.

ഡിജിറ്റൽ വിദ്യാഭ്യാസരീതി ദേശീയമാതൃക

കേരള സർക്കാർ നടപ്പിലാക്കിയ ഡിജിറ്റൽ വിദ്യാഭ്യാസ രീതി ദേശീയ തലത്തിൽ ശ്രദ്ധേയമായി. തീർച്ചയായും അഭിമാനിക്കാവുന്ന നേട്ടമാണിത്. ഇന്ത്യയിലെ വിദൂര വിദ്യാഭ്യാസ മുന്നേറ്റം സംബന്ധിച്ച് എംഎച്ച്ആർഡി റിപ്പോർട്ടിലാണ് കേരളത്തെ രാജ്യത്തിലെ ഏറ്റവും നല്ല മാതൃകയായി അവതരിപ്പിച്ചിരിക്കുന്നത്.

എംഎച്ച്ആർഡി നിർദ്ദേശിച്ച 16 മാനദണ്ഡങ്ങളിൽ 15-ഉം കേരളം നേടി. ഇതോടൊപ്പം മറ്റൊരു കാര്യവും നാം ശ്രദ്ധിക്കണം. ഇത് പൊതുവിദ്യാലങ്ങളുടെ ഭാഗമായ കാര്യമാണ്.

'സ്വകാര്യവിദ്യാലയങ്ങളിൽ ചിലതിലെ ഓൺലൈൻ ക്ലാസ് സമ്മർദ്ദമുണ്ടാക്കുന്നു'

പൊതുവിദ്യാലയങ്ങളല്ലാത്ത സ്ഥാപനങ്ങളിൽ അഞ്ച് മണിക്കൂർ വരെ നീളുന്ന ക്ലാസുകൾ ഓൺലൈനിൽ നടക്കുന്നു. ചിലർക്ക് രണ്ട് മണിക്കൂർ നീളുന്ന ട്യൂഷനും ഉണ്ട്. ഇതെല്ലാം ചേർത്ത് ഏഴ് മണിക്കൂർ വരെ നീളുന്ന ഒരു ഓൺലൈൻ ക്ലാസ് കുട്ടിക്ക് പ്രശ്നമുണ്ടാകും. ശാരീരിക അസ്വാസ്ഥ്യം മാത്രമല്ല ഇത് കുട്ടിയിൽ, മാനസിക സമ്മർദ്ദം, ഉത്കണ്ഠ, വികൃതി, ദേഷ്യം, ആത്മവിശ്വാസക്കുറവ് - ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കും.

ഇത് പാടില്ല. പൊതുവിദ്യാലങ്ങൾ ചെയ്യുന്നത് പോലെ നിശ്ചിത സമയം മാത്രം ക്ലാസ് നൽകുക. എല്ലാ ഓൺലൈൻ ക്ലാസും ലൈവായി നടത്തണം. പരസ്പര ആശയവിനിമയത്തിന് അവസരം ഉണ്ടാകണം. ഒരു സെഷൻ അര മണിക്കൂറോളം ദൈർഘ്യമുള്ളതാകണം. സെഷനുകൾക്കിടയിൽ ഇടവേള വേണം. കുട്ടികളുടെ പ്രായം കണക്കിലെടുക്കണം. ഓൺലൈൻ ക്ലാസിന്‍റെ സമയം നിജപ്പെടുത്തണം. അഞ്ച് മണിക്കൂർ വരെ നീളുന്ന തരത്തിൽ ഓൺലൈൻ ക്ലാസ് ഭാരമാകും. രാവിലെയും, ഉച്ചയ്ക്ക് ശേഷവും എന്ന വിധത്തിൽ ഇടവേളയിട്ട് ക്ലാസ് നടത്തണം. ഗൃഹപാഠം, അസൈൻമെന്‍റ് എന്നിവ കുറച്ച് മാത്രമേ നൽകാവൂ.

ഇപ്പോൾ കൊവിഡ് മഹാമാരി നീണ്ടുനിൽക്കുന്ന സാഹചര്യമാണ്. ഓൺലൈൻ പഠനരീതി എങ്ങിനെ വേണം എന്നത് സംബന്ധിച്ച് കൃത്യമായ തീരുമാനം വേണം. അതിന് പ്രത്യേക പാഠ്യപദ്ധതി ആവിഷ്കരിക്കണം. 

സംസ്ഥാനത്ത് ട്രോളിങ് നിരോധനം അവസാനിക്കുകയാണ്. ആഗസ്റ്റ് അഞ്ച് മുതൽ പ്രോട്ടോക്കോൾ പാലിച്ച് നിയന്ത്രിത മത്സ്യബന്ധനം അനുവദിക്കും. രജിസ്ട്രേഷൻ നമ്പറിന്‍റെ അടിസ്ഥാനത്തിൽ ഒന്നിടവിട്ട ദിവസങ്ങളിൽ മത്സ്യബന്ധനത്തിൽ ഏർപ്പെടാം. ലഭ്യമാകുന്ന മത്സ്യം അതത് സോണിൽ വിൽക്കണം. കണ്ടെയ്ൻമെന്‍റ് സോണിന് പുറത്ത് പോകരുത്. അധിക മത്സ്യം സഹകരണ സംഘങ്ങൾ വഴി വിപണിയിലെത്തിക്കും. മത്സ്യം പിടിച്ച ശേഷം പുറപ്പെട്ടതല്ലാതെ വേറൊരു കടവിൽ അടുക്കരുത്.

ഫായിസിന് ഹൃദയാഭിവാദ്യം

എത്ര വലിയ പ്രശ്നത്തിന് നടുവിലും തളരാതെ മുന്നോട്ട് പോകാൻ സമൂഹത്തിന് ശുഭാപ്തി വിശ്വാസം ഇന്ധനമാകണം. പ്രതീക്ഷ ഉയർത്തിപ്പിടിച്ച് നിശ്ചയദാർഢ്യത്തോടെ വെല്ലുവിളികളെ അതിജീവിക്കണം. ഈ ഉത്തരവാദിത്തം കുഞ്ഞുങ്ങൾ ഏറ്റെടുക്കുന്നു. അതിലെ സന്തോഷം അനിർവചനീയം. മുഹമ്മദ് ഫായിസ് എന്ന കൊച്ചുമിടുക്കന്‍റെ വാക്കുകൾ നമ്മൾ സ്വീകരിച്ച് ഹൃദയത്തോട് ചേർത്തില്ലേ? പരാജയത്തിന് മുന്നിൽ കാലിടറാതെ മുന്നോട്ട് പോകാൻ ഓർമ്മിപ്പിക്കുന്ന കുഞ്ഞിന്‍റെ നിഷ്കളങ്കമായ വാക്കുകൾ സമൂഹത്തിന് ഊർജ്ജമായി.

ഫായിസ് ഒരു മാതൃകയാണ് മുന്നോട്ടുവച്ചത്. ഫായിസിന് മിൽമ നൽകിയ സമ്മാനത്തുകയിലെ ഒരു വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. മലപ്പുറം കളക്ടർ അതേറ്റു വാങ്ങി. ബാക്കി തുക ഒരു നിർധന കുടുംബത്തിലെ പെൺകുട്ടിയുടെ വിവാഹത്തിന് നൽകി. ഉദാത്തമായ സാമൂഹിക ബോധമാണ് ആ കൊച്ചുകുട്ടി പകർന്നത്. പ്രതീക്ഷയും ദയാാവായ്പുമാണ് നമ്മളെ നയിക്കേണ്ടത്. ഫയാസിനെയും കു‍ഞ്ഞിനെ പിന്തുണച്ച രക്ഷിതാക്കളെയും ഹൃദയംഗമമായി അഭിനന്ദിക്കുന്നു.

Updating... Please Refresh The Page...

VZI

Latest Videos
Follow Us:
Download App:
  • android
  • ios