സ്പ്രിംക്ളർ വിവാദം: ഹൈക്കോടതിയിൽ പറഞ്ഞത് വസ്തുത മാത്രം: മുഖ്യമന്ത്രി

വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഹോം ക്വാറന്‍റൈനിൽ കഴിയുന്ന കാലമത്രയും ആരോഗ്യസ്ഥിതി സ്വയം ഓൺലൈനായി അപ്ഡേറ്റ് ചെയ്യണമെന്നതാണ് സർക്കാരിന്‍റെ ഏറ്റവും പുതിയ തീരുമാനം. ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറി ഇന്നലെ ഉത്തരവിറക്കിയിരുന്നു.

covid 19 sprinkler data controversy facts are stated in high court affidavit says cm pinarayi vijayan

തിരുവനന്തപുരം: സ്പ്രിംക്ളറുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞത് വസ്തുതകൾ മാത്രമാണെന്ന് മുഖ്യമന്ത്രി. ഡാറ്റാ കൈമാറ്റവുമായി ബന്ധപ്പെട്ട് സർക്കാർ പിന്നോട്ടുപോയി എന്ന് വിലയിരുത്തേണ്ടതില്ല. ഇതുമായി ബന്ധപ്പെട്ട് സർക്കാർ കോടതിയെ അറിയിച്ചതെല്ലാം വസ്തുതകളാണ് - വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഹോം ക്വാറന്‍റൈനിൽ കഴിയുന്ന കാലമത്രയും ആരോഗ്യസ്ഥിതി സ്വയം ഓൺലൈനായി അപ്ഡേറ്റ് ചെയ്യണമെന്നതാണ് സർക്കാരിന്‍റെ ഏറ്റവും പുതിയ തീരുമാനം. ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറി ഇന്നലെ ഉത്തരവിറക്കിയിരുന്നു. ഇത് വിലയിരുത്താൻ, വിവിധ വകുപ്പുകളുടെ യോഗം ഐടി സെക്രട്ടറി ശിവശങ്കർ ഇന്ന് വിളിച്ച് ചേർത്തിരുന്നു.

വിവരവിശകലനത്തിന് സ്പ്രിംക്ളറിന്‍റെ സോഫ്റ്റ്‍വെയർ തന്നെയാണ് ഉപയോഗിക്കുക. ക്വാറന്‍റൈനിൽ ഉള്ളവരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ വാർഡ് തല കമ്മിറ്റികൾക്ക് എല്ലാ ഇടത്തുമെത്തി വിവരശേഖരണം നടത്താൻ കഴിയാത്ത സാഹചര്യത്തിലാണ് ദിവസേനയുള്ള ഓൺലൈൻ റിപ്പോർട്ടിംഗ്. ഇത് ചെയ്യാൻ ഒറ്റയ്ക്ക് കഴിയാത്ത ആളുകളുടെ അടുത്ത് മാത്രമേ ആരോഗ്യപ്രവർത്തകർ എത്തി വിവരങ്ങൾ ശേഖരിക്കൂ. വിവരശേഖരണത്തിന് വാട്സാപ്പും ഉപയോഗിക്കും. 

നോർക്ക വഴിയോ കൊവിഡ് ജാഗ്രതാ പോർട്ടൽ വഴിയോ റജിസ്റ്റർ ചെയ്തവരുടെ പ്രാഥമിക വിവരങ്ങൾ സർക്കാരിന്‍റെ സിറ്റിസൺ പോർട്ടലിലുണ്ട്. ഇതിനാൽ പ്രത്യേക റജിസ്ട്രേഷൻ വേണ്ട. മൊബൈൽ നമ്പർ നൽകി ഒടിപി വെരിഫൈ ചെയ്ത് ദിവസവും സിറ്റിസൺ പോർട്ടലിൽ രോഗലക്ഷണങ്ങൾ ഉണ്ടോ ഇല്ലയോ എന്ന് റിപ്പോ‍ർട്ട് ചെയ്യാം. ഭക്ഷണമോ, മരുന്നോ വേണമെങ്കിൽ അതും അറിയിക്കാം. മുൻ റജിസ്ട്രേഷനില്ലെങ്കിൽ സിറ്റിസൺ പോർട്ടലിൽ ക്വാറന്‍റൈനിന്‍റെ ആദ്യദിവസം ഒറ്റത്തവണയായി പ്രാഥമികവിവരങ്ങൾ നൽകണം. ഓൺലൈൻ വിവരങ്ങൾ അതാത് പ്രദേശങ്ങളിലെ പിഎച്ച്സികളാണ് നിരീക്ഷിക്കുക. സ്പ്രിംക്ളർ വഴി തയ്യാറാക്കിയ പ്രത്യേക ഡാഷ് ബോർഡിൽ ഓരോ പ്രദേശത്തെയും ട്രെൻഡ് അറിയാനാകും. വിവരങ്ങൾ നൽകുമ്പോൾ നൽകുന്നവരുടെ അനുമതി പത്രം നേടിയ ശേഷമേ വിവരങ്ങൾ ശേഖരിക്കൂ. 

സർക്കാർ സ്ഥാപനമായ സി-ഡിറ്റിന്‍റെ സെർവറിൽ സ്പ്രിംക്ളറിന്‍റെ സോഫ്റ്റ്‍വെയർ ഉപയോഗിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് സർക്കാർ ഹൈക്കോടതിയിൽ ആവർത്തിച്ചിരുന്നു. സ്പ്രിംക്ളറിന് ഡാറ്റ കൈമാറുന്നില്ല. കമ്പനി ജീവനക്കാർക്ക് ആർക്കും ഡാറ്റ കിട്ടുകയുമില്ലെന്ന് സർക്കാർ സത്യവാങ്മൂലത്തിൽ അറിയിച്ചിരുന്നു. സിഡിറ്റിന്‍റെ ആമസോൺ ക്ലൗഡ് അക്കൗണ്ടിൽ ബിഗ് ഡാറ്റ കൈകാര്യം ചെയ്യാൻ ശേഷിയില്ലാതിരുന്ന സമയത്താണ് സ്പ്രിംക്ലറിന് ഡാറ്റ നൽകിയത്. എന്നാൽ ഇപ്പോൾ സി ഡിറ്റിന്‍റെ അക്കൗണ്ട് അപ്ഗ്രേഡ് ചെയ്തിട്ടുണ്ട്. അതിലാണ് ഇപ്പോൾ സ്പ്രിംക്ളർ സോഫ്റ്റ്‍വെയർ പ്രവർത്തിക്കുന്നത്. ഇതോടെ ഡാറ്റയുടെയും ആപ്ലിക്കേഷന്‍റെയും പൂർണനിയന്ത്രണം സർക്കാരിനാണെന്നും സത്യവാങ്മൂലത്തിലുണ്ട്. എന്തെങ്കിലും ഡാറ്റ ബാക്കിയുണ്ടെങ്കിൽ അത് നശിപ്പിക്കാൻ സ്പ്രിംക്ളറിനോട് പറയുകയും, അത് ചെയ്യാമെന്ന് സ്പ്രിംക്ളർ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. 

കേരളത്തിന്‍റെ ആവശ്യത്തിനുതകുന്ന സംവിധാനമുണ്ടോ എന്ന് ചോദിച്ച് കേന്ദ്ര ഐടി മന്ത്രാലയത്തിനും എൻഐസിക്കും കത്തുകൾ അയച്ചിരുന്നു. എന്നാൽ അതിനൊന്നും പ്രതികരണമുണ്ടായിരുന്നില്ല. സംസ്ഥാനത്തെ ഏജൻസികൾക്കൊന്നും അൺസ്ട്രക്ചേഡ് ബിഗ് ഡാറ്റ കൈകാര്യം ചെയ്യാനുള്ള സാഹചര്യം നിലവിലില്ല. ഡാറ്റ ആർക്കെങ്കിലും കൈമാറേണ്ടി വന്നാൽ അതിൽ ദാതാവിന്‍റെ പേര് വ്യക്തമാക്കാതെ അനോണിമൈസേഷൻ പ്രോട്ടോക്കോൾ പിന്തുടരും. ഡാറ്റയും സോഫ്റ്റ്‍വെയർ പ്രോഗ്രാമും ഇന്ത്യയിലാണ് പ്രവർത്തിക്കുന്നത് എന്നതിനാൽ ഇന്ത്യയിലെ കോടതികളിൽ നടപടി സാധ്യമാണ്. നഷ്ടപരിഹാരം തേടണമെങ്കിൽ അതിന് ന്യൂയോർക്ക് കോടതിയിലും നടപടിയെടുക്കാം - സത്യവാങ്മൂലത്തിൽ സർക്കാർ പറയുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios