വരുമാനം 'ലോക്കാ'യി, നഷ്ടം 200 കോടി! വിളക്കും ഓട്ടുപാത്രങ്ങളും വിൽക്കാൻ തിരു. ദേവസ്വം ബോർഡ്
ലോക്ക്ഡൗണിൽ അമ്പലങ്ങളിൽ ഭക്തരില്ല, നടവരവില്ല, വഴിപാടില്ല, പണമില്ല. കടുത്ത പ്രതിസന്ധിയിലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ്. മുപ്പതോളം വലിയ ക്ഷേത്രങ്ങളിലെ വരുമാനം കൊണ്ടാണ് ചെലവുകൾ നടത്തിയിരുന്നത്. അത് നിന്നു.
തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയെത്തുടർന്നുണ്ടായ ലോക്ക്ഡൗണിൽ കേരളത്തിലെ ക്ഷേത്രങ്ങളുടെയും ദേവസ്വങ്ങളുടെയും വരുമാനത്തിന് കൂടിയാണ് താഴ് വീണത്. തിരുവിതാംകൂർ ദേവസ്വംബോർഡിന്‍റെ മാത്രം വരുമാനനഷ്ടം കഴിഞ്ഞ രണ്ട് മാസത്തെ ലോക്ക്ഡൗണിൽ 200 കോടി കവിഞ്ഞു. അതായത് ഓരോ മാസവും ശരാശരി നൂറ് കോടിയുടെ നഷ്ടമെന്നർത്ഥം. പ്രതിസന്ധി മറികടക്കാൻ ക്ഷേത്രങ്ങളിൽ അധികമുള്ള വിളക്കുകളും ഓട്ടുപാത്രങ്ങളും വിൽക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കുകയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഇതിനായി ഹൈക്കോടതിയുടെ അനുമതി തേടുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് എൻ വാസു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കൊവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിലാണ് രാജ്യത്തെമ്പാടും, കേരളത്തിലും ആരാധനാലയങ്ങളെല്ലാം അടച്ചിടാൻ കേന്ദ്ര, സംസ്ഥാനസർക്കാരുകൾ തീരുമാനിച്ചത്. രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ ഇതിലൊരു ഇളവ് അടുത്ത കാലത്തൊന്നും പ്രതീക്ഷിക്കേണ്ടതുമില്ല. അമ്പലങ്ങളോ പള്ളികളോ പോലുള്ള ആരാധനാലയങ്ങളോ, അവിടേക്ക് ഭക്തരുടെ പ്രവേശനമോ, വഴിപാടുകളോ അനുവദിക്കാൻ ഇനിയും മാസങ്ങളെടുത്തേക്കാം. ഇവിടെയാണ് വരുമാനം കൊണ്ട് ചെലവ് കഴിഞ്ഞിരുന്ന ദേവസ്വംബോർഡ് അടക്കം പ്രതിസന്ധിയിലാകുന്നത്.
തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിൽ ആയിരത്തി ഇരുന്നൂറോളം ക്ഷേത്രങ്ങളാണുള്ളത്. ഇതിൽ ശബരിമല അടക്കം മുപ്പതോളം വലിയ ക്ഷേത്രങ്ങളിലെ വരുമാനം കൊണ്ടാണ് ചെലവുകൾ നടത്തുന്നത്. ശമ്പളം, പെൻഷൻ എന്നീ ഇനങ്ങൾക്കായി പ്രതിമാസം വേണ്ട ചെലവ് ഏതാണ്ട് 50 കോടിയോളം രൂപയാണ്. ഈ ചെലവ് പ്രധാനമായും വഹിക്കുന്നത് ഈ വലിയ ക്ഷേത്രങ്ങളിലെ വരുമാനം കൊണ്ടാണ്. ഇത് നിന്നതോടെ വൻ വരുമാനനഷ്ടമാണ് ദേവസ്വം ബോർഡ് നേരിടുന്നത്.
നഷ്ടം നേരിടാൻ നടപടികളടങ്ങിയ ഒരു പദ്ധതിയിലേക്കാണ് തിരുവിതാംകൂർ ദേവസ്വം കടക്കുന്നത്. ഇതിലൊന്ന് ക്ഷേത്രങ്ങളിൽ അധികമുള്ള വിളക്കുകളും ഓട്ടുപാത്രങ്ങളും വിൽക്കുക എന്നതാണ്. ഇതിനായുള്ള കണക്കെടുപ്പ് പുരോഗമിക്കുകയാണെന്ന് ദേവസ്വം ബോർഡ് സ്ഥിരീകരിക്കുന്നു.
എന്നാൽ ഇതിനോട് എതിർപ്പുമായി ചില സംഘടനകളും രംഗത്ത് വന്നിട്ടുണ്ട്. ക്ഷേത്രങ്ങളുടെ സ്വത്ത് വിറ്റുമുടിക്കുകയാണെന്നാണ് ഇവരുടെ ആരോപണം. ഇക്കാര്യമുന്നയിച്ച് ദേവസ്വം ബോർഡ് ആസ്ഥാനത്തേക്ക് മാർച്ചും നടന്നു. എന്നാൽ ഈ ആരോപണങ്ങളെല്ലാം തള്ളിക്കളയുകയാണ് ദേവസ്വംബോർഡ്.
സാമ്പത്തിക പ്രതിസന്ധി നേരിട്ടേ തീരൂ. ക്ഷേത്രജീവനക്കാരുടെ ശമ്പളം മുടങ്ങരുത്. പെൻഷനും കൃത്യമായി നൽകണം. ഇതിനായി, സദുദ്ദേശപരമായ നടപടികൾ മാത്രമാണ് സ്വീകരിക്കുന്നതെന്നാണ് ദേവസ്വംബോർഡിന്‍റെ വിശദീകരണം.
ശബരിമല യുവതീപ്രവേശന വിധിയെ തുടര്‍ന്ന് ഉണ്ടായ പ്രതിഷേധങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ, ക്ഷേത്രത്തിലേക്കുള്ള നടവരവ് അടക്കമുള്ള വരുമാനത്തിൽ വൻ നഷ്ടമാണുണ്ടായത്. ശബരിമല തീർത്ഥാടകസീസൺ തുടങ്ങിയാൽ അതിൽ നിന്ന് വലിയ ലാഭം പ്രതീക്ഷിച്ചിരുന്ന ദേവസ്വംബോർഡിന് ഇത് വലിയ തിരിച്ചടിയുമായിരുന്നു. ഈ വരുമാന നഷ്ടം പരിഹരിക്കാന്‍ കഴിഞ്ഞ ബജറ്റില്‍ സംസ്ഥാനസർക്കാർ ദേവസ്വം ബോര്‍ഡിന് 100 കോടി രൂപ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ 40 കോടി മാത്രമാണ് ഇതുവരെ നല്‍കിയത്. ഈ മാസം ഒരു വിഹിതം പ്രതീക്ഷിക്കുന്നുണ്ട്. കരുതല്‍ ഫണ്ടും ചേർത്ത് ഈ മാസം ശമ്പളം മുടങ്ങാതെ വിതരണം ചെയ്യുമെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കുന്നുണ്ട്.
- Covid 19
- Covid 19 India
- Covid 19 Kerala
- Covid 19 Live Updates
- Covid 19 Lock Down
- Covid 19 Pandemic
- India Lock Down Updates
- Lock Down India
- Lock Down Kerala
- കൊറോണവൈറസ്
- കൊറോണവൈറസ് തത്സമയം
- കൊറോണവൈറസ് വാർത്തകൾ
- കൊവിഡ് 19
- കൊവിഡ് 19 ഇന്ത്യ
- കൊവിഡ് 19 കേരളം
- കൊവിഡ് 19 തത്സമയം
- കൊവിഡ് 19 മഹാമാരി
- കൊവിഡ് 19 ലോക് ഡൗൺ
- ലോക്ക് ഡൗൺ ഇന്ത്യ
- ലോക്ക് ഡൗൺ കേരളം