കെഎസ്ആർടിസി സര്‍വീസ് പുനരാരംഭിച്ചു; യാത്രക്കാര്‍ എത്തിത്തുടങ്ങി
രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെയാണ് കെഎസ്ആർടിസിയുടെ ജില്ലകൾക്കുള്ളിലെ ഓർഡിനറി സർവീസ്. കെഎസ്ആർടിസിയുടെ ക്യാഷ്‍ലെസ് ടിക്കറ്റ് സംവിധാനമായ ചലോ കാർഡ് ഇതോടെ നിലവിൽ വരും.
തിരുവനന്തപുരം: കൊവിഡ് 19 ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുവന്നതോടെ സംസ്ഥാനത്ത് ജില്ലകൾക്കുള്ളിൽ കെഎസ്ആർടിസി സര്‍വീസ് പുനരാരംഭിച്ചു. രണ്ട് മാസത്തെ ഇളവേളക്ക് ശേഷമാണ് സംസ്ഥാനത്ത് ബസുകൾ ഓടിത്തുടങ്ങുന്നത്. രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെയാണ് കെഎസ്ആർടിസിയുടെ ജില്ലകൾക്കുള്ളിലെ ഓർഡിനറി സർവീസ്. ഒരു ബസിൽ മൊത്തം സീറ്റിന്‍റെ പകുതി യാത്രക്കാരെയാണ് അനുവദിക്കുക.
തിരക്കുള്ള സമയത്ത് മാത്രം കൂടുതൽ സർവീസ് നടത്തും. കെഎസ്ആർടിസിയുടെ ക്യാഷ്‍ലെസ് ടിക്കറ്റ് സംവിധാനമായ ചലോ കാർഡ് ഇതോടെ നിലവിൽ വരും. പരീക്ഷണ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ-തിരുവനന്തപുരം, നെയ്യാറ്റിന്‍കര-തിരുവനന്തപുരം റൂട്ടിലാണ് ചലോ കാർഡ് നടപ്പിലാക്കുന്നത്.
കെഎസ്ആർടിസി കോട്ടയത്ത് ഇന്ന് 102 ഓർഡിനറി സർവീസുകൾ നടത്തും. ഏറ്റവും കൂടുതൽ സർവീസ് ചങ്ങാനാശേരിയിൽ നിന്നാണ്(21). കോട്ടയം ബസ് സ്റ്റാൻറിൽ യാത്രക്കാർ എത്തിത്തുടങ്ങി. ആദ്യ സർവീസ് ഈരാറ്റുപേട്ടയിലേക്കും മെഡിക്കൽ കോളേജിലേക്കുമാണ്.
എന്നാൽ, തിരക്ക് കൂടിയാൽ നിയന്ത്രിക്കാൻ ബുദ്ധിമുട്ടുണ്ടാകുമെന്നാണ് സർവീസ് സംഘടനകളുടെ മുന്നറിയിപ്പ്. ഇതിനിടെ 50 ശതമാനം അധികനിരക്ക് കൊണ്ട് പ്രയോജനമില്ലെന്ന നിലപാടിലാണ് സ്വകാര്യബസുടമകൾ. ഇന്ധനനിരക്കിൽ ഇളവില്ലാതെ സ്വകാര്യബസുകൾ സർവീസ് നടത്തില്ലെന്നാണ് ഉടമകൾ.
ഇന്നലത്തെ ശുചീകരണ പ്രവർത്തനങ്ങൾക്ക് ശേഷം ബാർബർ ഷോപ്പുകളും നിയന്ത്രണങ്ങളോടെ ഇന്ന് പ്രവർത്തിച്ച് തുടങ്ങും.
ലോട്ടറി വിൽപന നാളെ പുനരാരംഭിക്കും. ലോട്ടറി ഏജന്‍റുമാരുടെ സംഘടനാ പ്രതിനിധികളുമായി ധനമന്ത്രി തോമസ് ഐസക്ക് ചർച്ച നടത്തിയതിന് പിന്നാലെയാണ് തീരുമാനം. കഴിഞ്ഞ മാർച്ച് 25ന് നറുക്കെടുപ്പ് നടക്കേണ്ട ടിക്കറ്റുകളാണ് ആദ്യ ഘട്ടത്തിൽ വിൽപന നടത്തുക. 67 ലക്ഷം ടിക്കറ്റുകളാണ് വിൽക്കാതെ ബാക്കിയുള്ളത്. ആദ്യ നറുക്കെടുപ്പ് ജൂണ്‍ ഒന്നിന് നടത്താനാണ് സാധ്യത.