സംസ്ഥാനത്ത് കൂടുതല്‍ കുട്ടികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച ദിനം; ആശങ്ക

പാലക്കാട് ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ച അഞ്ച് പേരില്‍ ഏഴ് മാസം പ്രായമായ ആൺകുഞ്ഞുണ്ട്. മുംബൈയില്‍ നിന്ന് കുടുംബത്തോടൊപ്പം നാട്ടിലെത്തിയതാണ് കുട്ടി.

Covid 19 Kerala updates 3 child positive

കണ്ണൂര്‍: സംസ്ഥാനത്ത് കൂടുതല്‍ കുട്ടികള്‍ക്ക് കൊവിഡ് 19 രോഗബാധ സ്ഥിരീകരിക്കുന്നത് ആശങ്ക കൂട്ടുന്നു. കണ്ണൂരിൽ മുംബൈയിൽ നിന്നുള്ള രണ്ട് വയസുകാരനും ദുബായിൽ നിന്നുവന്ന നാല് വയസുകാരിക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ച അഞ്ച് പേരില്‍ ഏഴ് മാസം പ്രായമായ ആൺകുഞ്ഞുമുണ്ട്. മുംബൈയില്‍ നിന്ന് കുടുംബത്തോടൊപ്പം നാട്ടിലെത്തിയതാണ് കുട്ടി. ഒരുദിവസം ഇത്രയധികം കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചത് ഇതാദ്യമാണ്. 

മുന്നറിയിപ്പുമായി മുഖ്യമന്ത്രി

കുട്ടികളെയും വയോജനങ്ങളെയും കൂട്ടി വീടിന് പുറത്തിറങ്ങുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. 'വയോധികർക്കും കുട്ടികൾക്കും വൈറസ് ബാധ ഉണ്ടാകാതിരിക്കാനാണ് റിവേഴ്‌സ് ക്വാറന്റൈൻ സംവിധാനം ഒരുക്കിയിരിക്കുന്നത്. അവരെ സുരക്ഷിതരായി വീടുകളിൽ ഇരുത്തേണ്ടവർ അത് മറക്കരുത്. ഇതൊന്നും നിർബന്ധപൂർവ്വം അടിച്ചേൽപ്പിക്കേണ്ടതല്ല, സ്വയം ചെയ്യേണ്ടതാണ്. ഇത് മറക്കുമ്പോഴാണ് കേസെടുക്കേണ്ടി വരുന്നത്' എന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് 42 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഏറ്റവും അധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച ദിവസമാണ് ഇതെന്ന ആമുഖത്തോടെയാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം തുടങ്ങിയത്. രണ്ട് പേര്‍ക്ക് കൂടി മാത്രമാണ് രോഗം ഭേദമായത്. മുംബൈയിൽ നിന്നെത്തിയ ചാവക്കാട് സ്വദേശി ഖദീജയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു. 

Latest Videos
Follow Us:
Download App:
  • android
  • ios