ജീവന്‍ അപഹരിച്ച് കൊവിഡ്; സംസ്ഥാനത്ത് ഇന്ന് മാത്രം അഞ്ച് മരണം

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ശ്വാസംമുട്ടലിനെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ച യൗസേഫ് ജോർജിന് (83) കൊവിഡ് ആണെന്ന് ഇന്നാണ് സ്ഥിരീകരിച്ചത്.

covid 19 death kerala updates

കോഴിക്കോട്: സംസ്ഥാനത്ത് കൊവിഡ് വൈറസ് രോഗബാധാ ആശങ്ക അകലുന്നില്ല. ഇന്ന് മാത്രം ഇതുവരെ അഞ്ച് കൊവിഡ് മരണം സ്ഥിരീകരിച്ചു. കോഴിക്കോട് സ്വദേശി ഷാഹിദ, കോട്ടയം ചുങ്കം സിഎംഎസ് കോളേജ് ഭാഗം നടുമാലിൽ യൗസേഫ് ജോർജ്, മലപ്പുറം തിരൂരങ്ങാടി സ്വദേശി അബ്ദുൾ ഖാദർ, കുമ്പള ആരിക്കാടി സ്വദേശി അബ്ദുൾ റഹ്മാൻ, ഇരിങ്ങാലക്കുട കൂത്തുപറമ്പ് പള്ളൻ വീട്ടിൽ വർഗ്ഗീസ് പളളൻ എന്നിവരാണ് മരിച്ചത്. ഔദ്യോഗിക കണക്കുകൾ പ്രകാരം സംസ്ഥാനത്ത് മരണസംഖ്യ 59 ആണെങ്കിലും ഇന്നത്തെ 5 മരണം കൂടിയായതോടെ 64 പേരാണ് ഇതുവരെ കൊവിഡിന് കീഴടങ്ങിയത്. 

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ശ്വാസംമുട്ടലിനെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ച യൗസേഫ് ജോർജിന് (83) കൊവിഡ് ആണെന്ന് ഇന്നാണ് സ്ഥിരീകരിച്ചത്. കോട്ടയം ജില്ലയിലെ ആദ്യ കൊവിഡ് മരണമാണ് ഇത്. നേരത്തെ മെഡിക്കൽ കോളേജ് മൈക്രോബയോളജി വിഭാഗത്തിൽ നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. വീണ്ടും പരിശോധനയ്ക്ക് അയച്ച ശേഷം ആണ് ഔദ്യോഗികമായി സ്ഥിരീകരണമുണ്ടായത്. 

കോഴിക്കോട്ട് കഴിഞ്ഞ ദിവസം മരിച്ച ഷാഹിദയ്ക്കും കൊവിഡ് എന്ന് സ്ഥിരീകരിച്ചു. അർബുദ രോഗിയായിരുന്ന ഇവരുടെ മാതാവ് റുഖിയാബിയും കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.

തിരൂരങ്ങാടി സ്വദേശി അബ്ദുൾ ഖാദര്‍ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 71 വയസ്സുണ്ട്. 
പനിയും ചുമയും അടക്കം ലക്ഷണങ്ങളുമായി ജില്ലാ ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത്. ശ്വാസ തടസം ഉണ്ടായതിനെ തുടര്‍ന്ന് പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 19 ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. പ്ലാസ്മ തെറാപ്പിയടക്കം ചികിത്സ നൽകിയിരുന്നു. പക്ഷെ ഫലമുണ്ടായില്ലെന്നാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ വിശദീകരണം. എവിടെ നിന്നാണ് ഇദ്ദേഹത്തിന് രോഗം ബാധിച്ചതെന്ന് വ്യക്തമായിട്ടില്ല. അബ്ദുൾ ഖാദറുമായി സമ്പര്‍ക്കത്തിൽ ഏര്‍പ്പെട്ടവരെ കണ്ടത്തി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ച കാസര്‍കോട്  കുമ്പള ആരിക്കാടി സ്വദേശി അബ്ദുൾ റഹ്മാനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന് 70 വയസ്സുണ്ട്. വൃക്ക സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സ തേടിയിരുന്നതായാണ് വിവരം. ഇതോടെ കാസർകോട്ടുമാത്രം കൊവിഡ് മരണം അഞ്ചായി. രോഗ വ്യാപനം അതിരൂക്ഷമായ കാസര്‍കോട്ട് കടുത്ത നിയന്ത്രണങ്ങളാണ് നിലവിലുള്ളത് അഞ്ചിടത്ത് നിരോധനാജ്ഞ നിലവിലുണ്ട്. 

ഇരിങ്ങാലക്കുട കൂത്തുപറമ്പ് പള്ളൻ വീട്ടിൽ വർഗ്ഗീസ് പള്ളൻ റിട്ട. കെഎസ്ഇ ജീവനക്കാരനായിരുന്നു.  ഇയാളെ ജൂലൈ 18 നാണ് കൊവിഡ് ബാധിച്ച് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലായിരുന്ന വർഗ്ഗീസ്  രാവിലെയാണ് മരിച്ചത്. പട്ടണത്തിൽ കൊറിയർ സ്ഥാപനം നടത്തി വരികയായിരുന്നു. കെഎസ്ഇ ക്ലസ്റ്ററിൽ നിന്നുള്ള മരണ വാര്‍ത്ത ആരോഗ്യ വകുപ്പ് അധികൃതരെ ആശങ്കയിലാക്കുന്നുണ്ട്. മകനും ഭാര്യയും കൊവിഡ് ബാധിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നുണ്ട്. 

Latest Videos
Follow Us:
Download App:
  • android
  • ios