'മുഖ്യമന്ത്രിയുടേത് പിടിവാശി, അംഗീകരിക്കില്ല', ലോക്ഡൗൺ ഇളവുകളിൽ രൂക്ഷ വിമര്‍ശനവുമായി കോൺഗ്രസ്
'കൊവിഡ് സമയമായതിനാല്‍ എസ്എസ്എല്‍സി-പ്ലസ് ടു പരീക്ഷകള്‍ മാറ്റി വെക്കണം. കുട്ടികളുടെ ജീവന്‍ വെച്ച് പന്താടരുത്. മുഖ്യമന്ത്രിയുടേത് ദുര്‍വാശിയാണ്. അത് അംഗീകരിക്കാൻ കഴിയില്ല'
തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ലോക്ഡൗൺ ഇളവുകളിലും സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോൺഗ്രസ്. സംസ്ഥാനത്തെ ബസ് ചാർജും വൈദ്യുതി നിരക്കും വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ജനങ്ങളെ ബുദ്ധിമുട്ടിലാക്കുകയാണ്. വ്യക്തതയും കൃത്യതയുമില്ലാത്തതാണ് വൈദ്യുതി നിരക്ക്. കൊവിഡ് ദുരിത കാലം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൊയ്ത്തുകാലമായി മാറ്റുകയാണെന്നും കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു.
കൊവിഡ് സമയമായതിനാല്‍ എസ്എസ്എല്‍സി-പ്ലസ് ടു പരീക്ഷകള്‍ മാറ്റി വെക്കണം. കുട്ടികളുടെ ജീവന്‍ വെച്ച് പന്താടരുത്. മുഖ്യമന്ത്രിയുടേത് ദുര്‍വാശിയാണ്. അത് അംഗീകരിക്കാൻ കഴിയില്ല. പരീക്ഷകൾ നിശ്ചയിച്ച തീയതി മാറ്റാത്തത് 13 ലക്ഷം കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാണ്. ബാറുകളുകള്‍ തുറക്കുന്നതിലും അഴിമതിയുണ്ട്. കേന്ദ്ര നിർദ്ദേശം ലംഘിച്ചാണ് സംസ്ഥാനത്ത് ബാറുകൾ തുറക്കുന്നത്. 38 വർഷത്തിന് ശേഷം മദ്യമേഖല സ്വകാര്യവത്ക്കരിക്കുകയാണ്. ഇതിൽ അഴിമതിയുണ്ട്. കേരളം നാളെ മുതൽ മദ്യശാലയാകും. ബാറുകളിലെ പാഴ്സൽ വില്‍പ്പനയില്‍ സമഗ്ര അന്വേഷണം വേണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
അതേ സമയം സര്‍ക്കാര്‍ തുടർ നടപടികൾ പ്രതിപക്ഷവുമായി ആലോചിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിച്ചു ചേര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രവാസികളെയും രാജ്യത്ത് പല ഭാഗത്തും കുടുങ്ങിയവരെയും തിരികെ കൊണ്ടു വരുന്നതിൽ ഗുരുതര വീഴ്ച ഉണ്ടായതായി ഉമ്മൻ ചാണ്ടിയും ആരോപിച്ചു. കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി എന്നിവര്‍ സംയുക്തമായാണ് വാര്‍ത്താസമ്മേളനം നടത്തിയത്.