Asianet News MalayalamAsianet News Malayalam

ചേലക്കരയിലെ കോൺഗ്രസിലും പൊട്ടിത്തെറി; കോൺഗ്രസ് നേതാവ് എൻകെ സുധീർ അൻവറിന്റെ പാർട്ടി ടിക്കറ്റിൽ മത്സരിച്ചേക്കും

2004 ൽ ആലത്തൂർ പാർലമെന്റ് കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന സുധീർ മുൻ കെപിസിസി സെക്രട്ടറിയായിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ തീരുമാനമെടുത്തിട്ടില്ലെന്ന് സുധീർ വ്യക്തമാക്കി. 

 Congress leader NK Sudheer may contest on pv Anwar mla's party ticket
Author
First Published Oct 16, 2024, 10:14 PM IST | Last Updated Oct 16, 2024, 11:32 PM IST

തൃശൂർ: പാലക്കാട്ടെ കോൺ​ഗ്രസിലെ പൊട്ടിത്തെറിക്ക് പിന്നാലെ ചേലക്കരയിലെ കോൺഗ്രസിലും പൊട്ടിത്തെറി. കോൺഗ്രസ് നേതാവ് എൻകെ സുധീർ അൻവറിന്റെ പാർട്ടി ടിക്കറ്റിൽ മത്സരിച്ചേക്കുമെന്നാണ് റിപ്പോർട്ട്. അൻവറുമായി സുധീർ കൂടിക്കാഴ്ച നടത്തിയതായാണ് വിവരം. സുധീറിന്റെ പേരാമംഗലത്തെ വീട്ടിലെത്തിയാണ് അൻവർ സുധീറിനെ കണ്ടത്. ചേലക്കരയിലെ കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ സുധീറിന്റെ പേരുണ്ടായിരുന്നു. എന്നാൽ സുധീറിനെ തഴഞ്ഞാണ് രമ്യ ഹരിദാസിന് സീറ്റ് നൽകിയത്. 2009 ൽ ആലത്തൂർ പാർലമെന്റ് കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന സുധീർ മുൻ കെപിസിസി സെക്രട്ടറിയായിരുന്നു. അതേസമയം, വിഷയത്തിൽ പ്രതികരണവുമായി സുധീർ രം​ഗത്തെത്തി. അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് സുധീർ പ്രതികരിച്ചു. 

അതേസമയം, പാലക്കാട്ട് കോൺഗ്രസിനോട് ഇടഞ്ഞു നിൽക്കുന്ന പി സരിനെ പിന്തുണക്കാനാണ് സിപിഎം തീരുമാനം. സരിൻ്റെ നീക്കങ്ങൾക്ക് പിന്തുണ നൽകാനാണ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റിൻ്റെ തീരുമാനം. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സരിനെ സ്ഥാനാർത്ഥിയാക്കുന്നത് ഗുണം ചെയ്യുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. കോൺ​ഗ്രസിനോട് ഇടഞ്ഞ സരിൻ സിപിഎം നേതാക്കളുമായി ആശയവിനിമയം നടത്തിയതായാണ്  സൂചന. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സ്ഥാനാർത്ഥിത്വത്തിനെതിരെയാണ് സരിൻ രം​ഗത്തെത്തിയത്. പാർട്ടി തിരുത്തണമെന്നും പുനരാലോചിക്കണമെന്നും സരിൻ പറഞ്ഞിരുന്നു. എന്നാൽ മുതിർന്ന നേതാക്കളുൾപ്പെടെ സരിനെ തള്ളിപ്പറയുന്ന നിലപാടാണ് സ്വീകരിച്ചത്. സരിൻ്റെ തുടർ നീക്കങ്ങൾ നിരീക്ഷിക്കാൻ തീരുമാനിച്ച സിപിഎം നിലവിൽ പോസിറ്റീവായ തീരുമാനത്തിലേക്കാണ് എത്തിയിരിക്കുന്നത്. 

വീണുകിട്ടിയ അവസരം വിദ്യയാക്കാനുള്ള അടവുനയങ്ങളാണ് സിപിഎമ്മിന്‍റെ ആലോചനയിലുള്ളത്. സോഷ്യൽമീഡിയ കൺവീനറെന്ന നിലയിൽ കോൺഗ്രസിന്‍റെ ഉള്ളുകള്ളികൾ എല്ലാമറിയുന്ന ആളെന്ന നിലയിലാണ് പി സരിനെ സിപിഎം കാണുന്നത്. രാഹുൽ മാങ്കൂട്ടത്തിലിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തിൽ പാലക്കാട്ട് പുകയുന്ന അതൃപ്തിക്ക് പുറമെ പി സരിന്‍റെ വിമത സാന്നിധ്യം എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിലായിരുന്നു ആലോചന. നേരത്തെ, ബിജെപി കട്ടക്ക് നിൽക്കുന്ന പാലക്കാട്ടെ ത്രികോണ മത്സരത്തിന് പി സരിനെ പാര്‍ട്ടി പിന്തുണക്കുമോ എന്ന ചോദ്യത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലനും സാധ്യതകളെ തള്ളാതെയാണ് പ്രതികരിച്ചത്. എടുക്കേണ്ട തീരുമാനത്തെക്കുറിച്ച് ഇപ്പോള്‍ പറയാനാകില്ലെന്നും കാത്തിരുന്ന് കാണാമെന്നുമായിരുന്നു എംവി ഗോവിന്ദന്‍റെ പ്രതികരണം. എൽഡിഎഫിന് ജയിക്കാൻ പറ്റുന്ന എല്ലാ സാധ്യതകളെയും ഉപയോഗിക്കുമെന്നും ജനങ്ങള്‍ക്കിടയിൽ നല്ല സ്വീകാര്യതയുള്ളയാളായിരിക്കും സ്ഥാനാര്‍ത്ഥിയെന്നും എകെ ബാലൻ പ്രതികരിച്ചു. 

കെ ബിനുമോളുടെ പേരാണ് പാലക്കാട്ടുള്ളതെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ആകാത്തത് സിപിഎമ്മിനും പി സരിനും ഒരുപോലെ രാഷ്ട്രീയ അടവുനയങ്ങൾക്കുള്ള സാധ്യതകൾ തുറന്നിടുന്നതാണ്. കെ ബിനുമോൾക്ക് പുറമെ മറ്റു പേരുകൾ കൂടി പരിഗണിക്കണമെന്ന അഭിപ്രായം സംസ്ഥാന നേതൃത്വത്തിന് നേരത്തെ തന്നെ ഉണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിൽ സിപിഎം രീതി കണ്ടുപഠിക്കണമെന്ന പി സരിന്‍റെ നിലപാടിലുമുണ്ട് വഴക്കത്തിന്‍റെ സൂചന. നാളെയും മറ്റന്നാളും നേതൃയോഗങ്ങൾ നടക്കുന്നതിനാൽ മുതിര്‍ന്ന നേതാക്കളെല്ലാം ദില്ലിയിലാണ്. ഇടത് സ്ഥാനാര്‍ത്ഥിത്വമോ വിമത സാന്നിധ്യത്തിന് സിപിഎമ്മിന്‍റെ പിന്തുണയോ ഡീലെന്തായാലും പാലക്കാട് ഉപതെരഞ്ഞെടപ്പിൽ നിര്‍ണ്ണായകമാകും.

പാലക്കാട് സിപിഎമ്മിൻ്റെ നിർണായക നീക്കം; 'സരിനെ സ്ഥാനാർത്ഥിയാക്കുന്നത് ഗുണകരമാവും', പിന്തുണക്കാൻ തീരുമാനം

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios