കേരളം ഇന്ത്യയ്ക്ക് പുറത്തോ? കേന്ദ്ര സര്‍ക്കാരിനെതിരെ മുഖ്യമന്ത്രി; ആത്മകഥ വിവാദത്തിൽ ഇപിയ്ക്ക് പൂര്‍ണ പിന്തുണ

ആത്മകഥ വിവാദം ഉണ്ടാക്കിയത് യുഡിഎഫിനെ സഹായിക്കാനാണെന്ന് മുഖ്യമന്ത്രി. വയനാട് ഉരുള്‍പൊട്ടലിൽ ധനസഹായം വൈകുന്നതിൽ കേന്ദ്രത്തിനെതിരെയും മുഖ്യമന്ത്രി അതിരൂക്ഷ വിമര്‍ശനം ഉന്നയിച്ചു. 

cm pinarayi vijayan supports e p jayarajan in autobiography book controversy highly criticizes central government on wayanad landslide relief delay

ആലപ്പുഴ: വയനാട് ഉരുള്‍പൊട്ടൽ ദുരന്തത്തിൽ കേന്ദ്ര സഹായം വൈകുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആലപ്പുഴ കഞ്ഞിക്കുഴിയിൽ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനിടെയാണ് മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്. ആത്മകഥ വിവാദത്തിൽ ഇപി ജയരാജനെ പൂര്‍ണമായി പിന്തുണച്ചുകൊണ്ടും മുഖ്യമന്ത്രി രംഗത്തെത്തി. പി സരിനെ ഇപി ജയരാജന് അറിയുക പോലുമില്ലായിരുന്നുവെന്ന് പിണറായി വിജയൻ പറഞ്ഞു.

വിവാദം ഉണ്ടാക്കിയത് മാധ്യമങ്ങളാണെന്നും അത് യുഡിഎഫിനെ സഹായിക്കാനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രസംഗത്തിൽ രാഹുൽ ഗാന്ധിക്കെതിരെയും പിണറായി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിൽ ധനസഹായം വൈകുന്നതിൽ പ്രതിഷേധിച്ച് യുഡിഎഫും എൽഡിഎഫും 19ന് ഹര്‍ത്താൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാരിനെതിരെ തുറന്നടിച്ചുകൊണ്ട് പിണറായി വിജയൻ രംഗത്തെത്തിയത്.


പ്രളയം വന്നപ്പോൾ സഹായിച്ചില്ല. ലഭിക്കേണ്ട സഹായം മുടക്കി. നാട് നശിക്കട്ടെ എന്നായിരുന്നു കേന്ദ്രത്തിന്‍റെ നിലപാട്. ഇതിനെതിരെ കോൺഗ്രസ് മിണ്ടിയില്ല. വയനാട് ദുരന്തം ഇന്ത്യ കണ്ട വലിയ ദുരന്തങ്ങളിലൊന്നാണ്. അതിൽ നമ്മൾ ചെയ്യേണ്ടത് നമ്മൾ  ചെയ്തു. എന്നാൽ, കേന്ദ്രം മറ്റു സംസ്ഥങ്ങള്‍ക്ക് സഹായം നല്കി. എന്നിട്ടും കേരളത്തിന് സഹായമില്ല. നമ്മൾ എന്താ ഇന്ത്യക്ക് പുറത്തുള്ളവർ ആണോയെന്നും പിണറായി വിജയൻ ചോദിച്ചു. വലതുപക്ഷ മാധ്യമങ്ങളും ചർച്ചക്കാരും പറഞ്ഞത്, കേരളം കൊടുത്തത് കള്ള കണക്ക് ആണെന്നാണ്. ഇതാണോ നാടിന് വേണ്ടിയുള്ള മാധ്യമ പ്രവർത്തനമെന്നും പിണറായി വിമര്‍ശിച്ചു.


മോദിയെക്കാളും അമേരിക്കയെ പ്രീണിപ്പിക്കുന്ന നയമാണ് രാഹുൽ ഗാന്ധിയുടെത്. രാഹുൽ അമേരിക്ക സന്ദർശിച്ചപ്പോൾ അതാണ് ചെയ്തത്. ഇതാണ് കോൺഗ്രസിന്‍റെ പൊതു സമീപനം. അമേരിക്കൻ അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്. അമേരിക്കൻ അനുകൂല നിലപാട് ഇപ്പോൾ ബി ജെ പി സ്വീകരിക്കുന്നു. ഇത് കോൺഗ്രസ് തുടർന്ന് വന്ന നയമാണ്. ഇവിടെയും അനുഭവങ്ങളിൽ നിന്ന് പാഠം പഠിക്കുന്നില്ല

ഇപിയെ പിന്തുണച്ച് ഡിസി ബുക്സിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി

ഒരാള്‍ പുസ്തകം എഴുതിയാൽ പ്രകാശനത്തിന് അയാള്‍ വേണ്ടെയെന്ന് മുഖ്യമന്ത്രി ചോദിച്ചു. താനൊരു ആത്മകഥ എഴുതുന്നുണ്ട് എന്നത് ശരിയാണെന്നും എന്നാൽ ആർക്കും പ്രസിദ്ധീകരിക്കാൻ കൊടുത്തിട്ടില്ലെന്നുമാണ് ഇപി വ്യക്തമാക്കിയത്. ആരെയും പ്രസിദ്ധീകരിക്കാൻ അദ്ദേഹം ഏൽപ്പിച്ചിട്ടുമില്ല. ഒരു പ്രസിദ്ധീകരണശാലയുമായി കരാർ ഒപ്പിട്ടുമില്ല. എഴുതുന്നതറിഞ്ഞ് ചില പ്രസിദ്ധീകരണശാലകൾ ബന്ധപ്പെട്ടിരുന്നു. എഴുതി തീരട്ടെ നമുക്ക് ആലോചിക്കാമെന്നാണ് ഇപി മറുപടി നൽകിയത്. എഴുതിയ ആളില്ലാതെ ഒരു പ്രകാശനം സാധാരണ നടക്കുമോ? എഴുതിയ ആൾക്ക് മറ്റെന്തെങ്കിലും സംഭവിച്ചാൽ നടക്കുമായിരിക്കും. പുസ്തകം വായനക്കുള്ളതാണ്. വായനക്കുള്ള പുസ്തകം നേരെ വാട്സാപ്പ് സന്ദേശമായി ആരെങ്കിലും കൊടുക്കുമോയെന്നും പിണറായി വിജയൻ ചോദിച്ചു.

പ്രസിദ്ധീകരണശാല ആ പുസ്തകത്തിന്‍റെ സാധാരണ രീതിയിലുള്ള പ്രസാധനമല്ല ഉദ്ദേശിച്ചതെന്ന് ഡിസിയെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് പിണറായി വിജയൻ പറഞ്ഞു. വിവാദമായ വിഷയങ്ങൾ താൻ ആ പുസ്തകത്തിൽ എഴുതിയിട്ടുമില്ല. എഴുതാൻ ഉദ്ദേശിക്കുന്നുമില്ലെന്നാണ് ഇപി പറഞ്ഞത്. സരിനെന്ന് പറഞ്ഞയാളെ ഇപിക്ക് അറിയാമോയെന്ന് ഞങ്ങൾ ചോദിച്ചു.സരിൻ പുതുതായി വന്നയാളാണ് മിടുക്കനാണ്. നേരത്തെ സരിൻ മറ്റൊരു ചേരിയിലായിരുന്നല്ലോ. സരിനെ തനിക്കറിയില്ലെന്നും അറിയാത്ത ആളെക്കുറിച്ച് താൻ എഴുതേണ്ട ആവശ്യമില്ല എന്നുമാണ് ഇപി പറഞ്ഞത്. സരിനെക്കുറിച്ച് യാതൊന്നും പുസ്തകത്തിൽ പരാമർശിച്ചിട്ടില്ല.

അറിയാത്ത കാര്യം പരാമർശിക്കേണ്ട പ്രശ്നം  മുന്നിൽ വരുന്നില്ലല്ലോ എന്നായിരുന്നു ഇപി ജയരാജന്‍റെ മറുപടി. ഏതെല്ലാം തരത്തിലാണ് വിവാദങ്ങൾ ഉണ്ടാക്കാൻ നോക്കുന്നത്. കൂട്ടത്തിൽ ജയരാജൻ, ജാവദേക്കറുടെ കാര്യവും പറഞ്ഞു.ഒന്നര വർഷം മുൻപാണ് ജാവദേക്കറെ കണ്ടത്. പാർലമെന്‍റ് തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം അന്ന് ജാവദേക്കർ വന്ന് കണ്ടതുപോലെയാണ് വാർത്ത വന്നത്.  ഇപ്പോ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ആ ദിവസം നോക്കി സൂക്ഷ്മമായി വാർത്ത മെനഞ്ഞെടുക്കുകയാണ്. ഇതല്ലേ വിവാദ പണ്ഡിതൻമാർ ചെയ്യുന്ന കാര്യം.

എല്ലാത്തിനും ചില വ്യക്തമായ ഉന്നങ്ങളുണ്ട്. ഇതെല്ലാം ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ടു കൊണ്ടിരിക്കുന്ന യുഡിഎഫിനെ സഹായിക്കാനാണ് ബിജെപിയെ കഴിയുന്നത്ര സഹായിക്കാനാണിത്. ഇതാണ് വിവാദങ്ങളുടെ ഉന്നം. അത്തരത്തിൽ കേരളത്തെ അപകീർത്തിപ്പെടുത്തും വിധം വയനാട് ദുരന്തത്തെക്കുറിച്ച് കൊടുത്ത വാർത്ത മേൽ ഹൈക്കോടതിയുടെ ശക്തമായ വിമർശനം ഉണ്ടായതെന്നും പിണറായി വിജയൻ പറഞ്ഞു.

യുഡിഎഫിന് പിന്നാലെ എൽഡിഎഫും: കേന്ദ്ര അവഗണനക്കെതിരെ വയനാട്ടിൽ ഹർത്താൽ പ്രഖ്യാപിച്ചു

'ആത്മകഥ ബോംബ് ഒരു തരത്തിലും ബാധിച്ചിട്ടില്ല, ഇപിയെ പാർട്ടി വിശ്വസിക്കുന്നു'; ഇപിയെ പിന്തുണച്ച് എംവി ഗോവിന്ദൻ

 

Latest Videos
Follow Us:
Download App:
  • android
  • ios