റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചില്ല, കേന്ദ്രം പ്രവചിച്ചതിലും അധികം മഴ പെയ്‌തു: അമിത് ഷാക്കെതിരെ മുഖ്യമന്ത്രി

മുന്നറിയിപ്പ് നൽകേണ്ട കേന്ദ്ര ഏജൻസികളായ കാലാവസ്ഥാ കേന്ദ്രവും ജല കമ്മീഷനും ജിയോളജിക്കൽ സര്‍വേ വിഭാഗവും ദുരന്തമുണ്ടാകുമെന്ന് പ്രവചിച്ചില്ല

CM Pinarayi against Amit Shah on Wayanad Landslide warning accusations

തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തിയ കേന്ദ്ര മന്ത്രി അമിത് ഷാക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രം പ്രവചിച്ചതിലധികം മഴ പെയ്തുവെന്നും കേന്ദ്ര കാലാവസ്ഥാ കേന്ദ്രം റെഡ് അലര്‍ട്ട് വയനാട്ടിൽ പ്രഖ്യാപിച്ചത് ദുരന്തം നടന്ന ശേഷമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ മറുപടി.

ഈ പറയുന്ന മുന്നറിയിപ്പ് കാലാവസ്ഥാ മുന്നറിയിപ്പാണ്. ഇങ്ങനെയൊരു മുന്നറിയിപ്പ് നല്‍കിയിരുന്നു, എന്നിട്ട് കേരളം എന്താണ് ചെയ്തത് എന്നൊരു ചോദ്യമാണ് കേന്ദ്ര ആഭ്യന്തരമന്ത്രി പാർലമെൻ്റിൽ  ചോദിച്ചിട്ടുള്ളത്. വസ്തുതകള്‍ എല്ലാവര്‍ക്കും അറിയാവുന്നതാണ്. ദുരന്തം ഉണ്ടായ പ്രദേശങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് ആണ് ആ ഘട്ടത്തില്‍ നിലനിന്നിരുന്നത്. 115 നും  204 മില്ലിമീറ്ററിനും ഇടയില്‍  മഴ പെയ്യും എന്നായിരുന്നു കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. എന്നാല്‍ എത്ര മഴയാണ് പെയ്തത് ? ആദ്യത്തെ 24 മണിക്കൂറിനുള്ളില്‍ 200 മില്ലി മീറ്ററും  അടുത്ത 24 മണിക്കൂറിനുള്ളില്‍  372 മില്ലിമീറ്റര്‍ മഴയാണ് ഈ പ്രദേശത് ആകെ പെയ്തത്. 48 മണിക്കൂറിനുള്ളില്‍ 572 മില്ലിമീറ്റര്‍ മഴയാണ് ആകെ പെയ്തത്. മുന്നറിയിപ്പ് നല്കിയതിലും എത്രയോ അധികമായിരുന്നു അത്. ദുരന്തം ഉണ്ടാകുന്നതിന് മുമ്പ് ഒരുതവണ പോലും ആ പ്രദേശത്ത് റെഡ് അലര്‍ട്ട് നല്‍കിയിട്ടുണ്ടായിരുന്നില്ല. എന്നാല്‍ അപകടം ഉണ്ടായതിനുശേഷം രാവിലെ ആറുമണിയോടുകൂടിയാണ് റെഡ് അലര്‍ട്ട് ഈ പ്രദേശത്ത് മുന്നറിയിപ്പായി നല്‍കുന്നത്.

ഇനി മറ്റൊരു കാര്യം, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വയനാട്ടില്‍ ഉരുൾപൊട്ടൽ മുന്നറിയിപ്പ് സംവിധാനം സ്ഥാപിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്‍റെ ഉടമസ്ഥതത്തിലുള്ള സ്ഥാപനമാണത്. ജൂലൈ 23 മുതല്‍ ജൂലൈ 28 വരെ ഓരോ ദിവസവും കേന്ദ്ര കാലാവസ്ഥ വകുപ്പ് കേരളത്തിന് നല്‍കിയ മഴ മുന്നറിയിപ്പ് പരിശോധിച്ചാല്‍ അതില്‍ ഒരു ദിവസം പോലും അതിശക്തമായ മഴ സാധ്യതയായ ഓറഞ്ച് അലേര്‍ട് പോലും നല്‍കിയിട്ടില്ല. ജൂലായ്   29 ന് ഉച്ചക്ക് 1 മണിക്ക് നല്‍കിയ മുന്നറിയിപ്പില്‍ പോലും വയനാട് ജില്ലക്ക് ഓറഞ്ച് അലേര്‍ട് മാത്രമാണ് നല്‍കിയത്. വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ നടന്നതിന് ശേഷം ജൂലൈ 30 ന് അതിരാവിലെ 6 മണിക്ക് മാത്രമാണ് വയനാട്ടില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയും റെഡ് അലേര്‍ട്ടും പ്രഖ്യാപിക്കുന്നത്. ഇതേ ദിവസം  ജിയോളജിക്കല്‍    സര്‍വ്വേ  ഓഫ്  ഇന്ത്യ  ഉച്ചക്ക് 2 മണിക്ക് നല്കിയ മണ്ണിടിച്ചില്‍/ഉരുള്‍ പൊട്ടല്‍ സംബന്ധിച്ച വയനാട് ജില്ലയ്ക്കുള്ള 30ആം തീയതിക്കും 31ആം തീയതിക്കും ഉള്ള മുന്നറിയിപ്പില്‍ പച്ച അലേര്‍ട്ട് ആണ് നല്കിയത്. പച്ച എന്ന ചെറിയ മണ്ണിടിച്ചില്‍/ഉരുള്‍ പൊട്ടല്‍ ഉണ്ടാകുവാന്‍ ഉള്ള സാധ്യത എന്നാണ് അര്‍ത്ഥം. എന്നാല്‍ അപ്പോഴേക്കും അതിതീവ്ര മഴ ലഭിക്കുകയും അപകടം സംഭവിക്കുകയും ചെയ്ത് കഴിഞ്ഞിരുന്നു.

മറ്റൊരു കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയായ കേന്ദ്ര ജലകമ്മീഷന്‍ ആണ് പ്രളയമുന്നറിയിപ്പ് നല്‍കാന്‍ ഉത്തരവാദിത്വപ്പെട്ട സ്ഥാപനം. എന്നാല്‍ ജൂലൈ 23 മുതല്‍ 29 വരെയുള്ള ഒരു ദിവസം പോലും കേന്ദ്ര ജലകമ്മീഷന്‍ ഇരുവഴിഞ്ഞി പുഴയിലോ ചാലിയാറിലോ പ്രളയമുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. ഇതെല്ലാമാണ് വസ്തുത. അപ്പോള്‍ പാര്‍ലമെന്‍റില്‍ പറഞ്ഞകാര്യങ്ങള്‍ വസ്തുത വിരുദ്ധമായ കാര്യങ്ങളായാണ് വരുന്നത്. കേരളം മുന്‍കൂട്ടി ആവശ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തില്‍ മഴക്കാലം തുടങ്ങുമ്പോള്‍ തന്നെ എന്‍ ഡി ആര്‍ എഫ്  സംഘത്തെ ലഭ്യമാക്കിയിരുന്നു. 9 എന്‍.ഡി.ആര്‍.എഫ് സംഘം വേണമെന്ന ആവശ്യമാണ് കേരളം ഉന്നയിച്ചത്.  വയനാട് ജില്ലയില്‍ ഇതില്‍ ഒരു സംഘത്തെ സര്‍ക്കാര്‍ മുന്‍കൂറായി തന്നെ വിന്യസിക്കുകയും ചെയ്തിരുന്നു. 

കാലവര്‍ഷം ആരംഭിച്ച ദിവസം മുതല്‍ വിവിധ തരത്തിലുള്ള കാലാവസ്ഥ മുന്നറിയിപ്പുകള്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ ഭാഗമായി ലഭിക്കുന്നുണ്ട്. അതിനനുസരിച്ചുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഓരോ പ്രദേശത്തും ഒരുക്കിയിട്ടുമുണ്ട്. ഇന്നലെ സൂചിപ്പിച്ചതുപോലെ സമീപത്തുള്ള എല്ലാ സ്ഥലങ്ങളിലും പ്രത്യേകിച്ച് റെഡ് സോണിന്‍റെ ഭാഗമായിട്ടുള്ള ഇടങ്ങളില്‍ മുന്നറിയിപ്പുകള്‍ നല്‍കുകയും ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. അവിടെ മാത്രമല്ല പ്രളയ സാധ്യതയും ഉരുള്‍പൊട്ടല്‍ അടക്കമുള്ള മറ്റു പ്രകൃതിക്ഷോഭങ്ങള്‍ക്കും സാധ്യതയുണ്ടെന്ന് മുന്‍കൂട്ടി വിവരം ലഭിച്ച പ്രദേശങ്ങളിലെല്ലാം ഇത്തരം മുന്നൊരുക്കങ്ങള്‍  നടത്തിയിട്ടുണ്ട്. അതിന്‍റെ ഭാഗമായി കുറേ അപകടം ഒഴിവാക്കാനായിട്ടുണ്ട്. എന്നാല്‍ ഈ ദുരന്തം ആരംഭിച്ച പ്രഭവ കേന്ദ്രം അവിടെ നിന്ന് ആറേഴ് കിലോമീറ്റര്‍ ഇപ്പുറത്താണ്. അത്തരമൊരു സ്ഥലത്ത് ഇത്തരം ദുരന്തം സാധാരണ ഗതിയില്‍ ആരും പ്രതീക്ഷിക്കുന്നില്ല. അവരെ ഒഴുവാക്കുകയെന്നുള്ളതും സാധാരണ ഗതിയില്‍ ചിന്തിക്കുന്ന കാര്യമല്ല. അതാണ് സംഭവിച്ചത്. 

കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഭാഗമായി വന്ന മാറ്റങ്ങളുണ്ട്. ആ മാറ്റങ്ങള്‍ പൂര്‍ണമായി ഉള്‍ക്കൊള്ളാനും പ്രതിരോധിക്കാനുമുള്ള നടപടികളിലേക്ക് നമ്മള്‍ കടക്കണം. ഇങ്ങനെയെല്ലാം പ്രശ്നം ഉണ്ടാകുമ്പോള്‍ ആരുടെയെങ്കിലും പെടലിക്കിട്ട് അതിന്‍റെ ഉത്തരവാദിത്വം ഞങ്ങള്‍ക്കല്ല എന്നു പറഞ്ഞ് ഒഴിഞ്ഞു മാറിയത് കൊണ്ട് കാര്യങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയുമോ ? കേന്ദ്ര ഗവണ്‍മെന്‍റും ഇക്കാര്യം ഗൗരവമായി ആലോചിക്കണം. കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഭാഗമായി വന്നുകൊണ്ടിരിക്കുന്ന ദുരന്തങ്ങള്‍ പ്രതിരോധിക്കുന്നതിന് ആവശ്യമായ ഫലപ്രദമായ നടപടികളിലേക്കാണ് കടക്കേണ്ടത്.  ഇതൊന്നും സാധാരണ രീതിയില്‍  പഴിചാരേണ്ട ഘട്ടമല്ല. ഇപ്പോള്‍ ദുരന്തമുഖത്താണ് നമ്മള്‍. ആ ഹതാശരായ ജനങ്ങള്‍ നിരാലംബരായി കഴിയുകയാണ്. അവരെ സഹായിക്കുക, രക്ഷിക്കേണ്ടവരെ രക്ഷിക്കുക, മണ്ണിനടിയില്‍ കിടക്കുന്നവരെയടക്കം കണ്ടെത്തുക, അതിന് കൂട്ടായ ശ്രമം നടത്തുക, ആ പ്രദേശത്തെ വീണ്ടെടുക്കാനാവശ്യമായ കാര്യങ്ങള്‍ ചെയ്യുക, അവിടെ നഷ്ടപ്പെട്ടു പോയ ഗ്രാമത്തെ വീണ്ടെടുക്കുക. ഇതിനെല്ലാം ഒരുമിച്ചു നില്‍ക്കുകയാണ് ഈ ഘട്ടത്തില്‍ പരമപ്രധാനം. ഇതിനാണ് സംസ്ഥാന സര്‍ക്കാര്‍ മുന്‍തുക്കം കൊടുക്കുന്നത്. അതിന് എല്ലാവരും സഹകരിക്കണമെന്നാണ് പറയാനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അമിത് ഷാ പറഞ്ഞത്

സാധ്യമായ എല്ലാ ഇടപെടലും വയനാട്ടിൽ നടത്തുമെന്ന് അമിത് ഷാ പറഞ്ഞു. രാജ്യത്ത് നിലവിലുള്ളത് എറ്റവും ആധുനികമായ മുന്നറിയിപ്പ് സംവിധാനമാണ്. ഒരാഴ്ച മുമ്പ് മുന്നറിയിപ്പ് നൽകാനാകുന്നതാണ് രാജ്യത്തെ സംവിധാനം. മോദി പ്രധാനമന്ത്രിയായ ശേഷം ദുരന്തനിവാരണ മേഖലയിൽ വലിയ ശ്രദ്ധ നൽകുന്നുണ്ട്. കേരളത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു. ജൂലൈ 18 നും 23 നും മുന്നറിയിപ്പ് നൽകി. ദുരന്തത്തിന് മുൻപ് അതിശക്തമായ മഴ പെയ്തു. ദുരന്ത സാധ്യത കണ്ട് തന്നെയാണ് എൻഡിആർഎഫിൻ്റെ 9 സംഘങ്ങളെ കേരളത്തിലേക്ക് അയച്ചത്. ഗുജറാത്തിൽ നൽകിയ ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ അവർ ഗൗരവത്തോടെ കണ്ടത് കൊണ്ട് അവിടെ  ജീവഹാനി ഉണ്ടായില്ല. ഏഴ് ദിനം മുൻപ് മുന്നറിയിപ്പ് നൽകിയിട്ടും കേരളം എന്ത് ചെയ്തു? എത്ര ജീവനുകൾ രക്ഷിക്കാമായിരുന്നു. രക്ഷാപ്രവർത്തനത്തിലും, പുനരധിവാസത്തിലും കേന്ദ്രം ഒപ്പം ഉണ്ടാകുമെന്നും അമിത് ഷാ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios