Asianet News MalayalamAsianet News Malayalam

എടപ്പാളിലെ സിഐടിയു ആക്രമണം ഭയന്ന് തൊഴിലാളി ചാടി കാലൊടിഞ്ഞ സംഭവം; ന്യായീകരിച്ച് യൂണിയൻ

ചുമട്ട് തൊഴിലാളികളെ ഒഴിവാക്കി അനധികൃതമായി ലോഡ് ഇറക്കിയതിനെ തുടര്‍ന്നുണ്ടായ പ്രശ്നമാണ് എടപ്പാളിലേത് എന്ന് സിഐടിയു ജില്ലാ പ്രസിഡന്‍റ് എം ബി ഫൈസല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

CITU District President response on citu attack on labour in Malappuram Edapally
Author
First Published Jul 6, 2024, 7:14 AM IST | Last Updated Jul 6, 2024, 10:48 AM IST

മലപ്പുറം: എടപ്പാളിൽ സിഐടിയുക്കാരുടെ ആക്രമണം ഭയന്ന് കെട്ടിടത്തിൽ നിന്ന് താഴേയ്ക്ക് ചാടി യുവാവിന്‍റെ രണ്ട് കാലുകളും ഒടിഞ്ഞ സംഭവത്തിൽ ന്യായീകരണവുമായി സിഐടിയു നേതൃത്വം. ചുമട്ട് തൊഴിലാളികളെ ഒഴിവാക്കി അനധികൃതമായി ലോഡ് ഇറക്കിയതിനെ തുടര്‍ന്നുണ്ടായ പ്രശ്നമാണ് എടപ്പാളിലേത് എന്ന് സിഐടിയു ജില്ലാ പ്രസിഡന്‍റ് എം ബി ഫൈസല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് വീഴ്ച്ചയുണ്ടായോയെന്ന് പരിശോധിക്കും. തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ സിഐടിയു തിരുത്തുമെന്നും അദ്ദേഹം പറയുന്നു.

സംഭവത്തിൽ 10 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കരാർ തൊഴിലാളികളെ സംഘം ചേർന്ന് ഫൈബർ ട്യൂബ് ലൈറ്റുകൊണ്ടും കൈകൊണ്ടും അടിച്ച് പരിക്കേൽപ്പിച്ചെന്നാണ് എഫ്ഐആറിലുള്ളത്. എടപ്പാൾ ടൗണില്‍ പുതുതായി നിര്‍മിക്കുന്ന ഷോപ്പിങ് കോംപ്ലക്സിനായി കെട്ടിട സാമഗ്രികളുടെ ലോഡ് ഇറക്കിയതിനെ ചൊല്ലിയാണ് പ്രശ്നം ഉണ്ടായത്. രാത്രി സമയമായതിനാൽ സിഐടിയു തൊഴിലാളികളെ കിട്ടാത്തതിനാലാണ് സ്വയം ഇറക്കിയതെന്നാണ് കെട്ടിട ഉടമയും കരാറുകാരനും വിശദീകരിക്കുന്നു. പിന്നീട് സിഐടിയു തൊഴിലാളികളെത്തി പ്രശ്നമുണ്ടാക്കിയപ്പോൾ നോക്കുകൂലി നൽകാൻ തയ്യാറായതാണെന്നും എന്നിട്ടും തൊഴിലാളികളെ ക്രൂരമായി മർദ്ദിച്ചു എന്നും ഇവർ പറയുന്നു. ഗുരുതരമായി പരിക്കേറ്റ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള ഫയാസ് ഷാജഹാനെ അടുത്ത ദിവസം ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും.

എടപ്പാൾ ടൗണില്‍ പുതുതായി നിര്‍മിക്കുന്ന ഷോപ്പിങ് കോംപ്ലക്സില്‍ സ്ഥാപിക്കാനുള്ള ഇലക്ട്രിക് ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള കെട്ടിട സാമഗ്രികളുടെ ലോഡ് ഇറക്കിയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സിഐടിയു അക്രമത്തിലേക്ക് നയിച്ചത്. രാത്രി ലോഡ് എത്തിയപ്പോള്‍ ഇറക്കുന്നതിനായി സിഐടിയു തൊഴിലാളികള്‍ ആരും പരിസരത്ത് ഉണ്ടായിരുന്നില്ല. ഈ സമയത്ത് കരാറുകാരനായ സുരേഷ് സ്വന്തം തൊഴിലാളികളെ ഉപയോഗിച്ച് സാമഗ്രികള്‍ ഇറക്കി. വിവരം അറിഞ്ഞെത്തിയ സിഐടിയു തൊഴിലാളികള്‍ അക്രമം അഴിച്ചുവിട്ടതോടെ തൊഴിലാളികള്‍ ചിതറിയോടി. ഇതിനിടയില്‍ രക്ഷപ്പെടാന്‍ പത്തനാപുരം സ്വദേശി ഫയാസ്  ഷാജഹാന്‍ കെട്ടിടത്തിന് മുകളിലേക്ക് ഓടി. പിന്തുടര്‍ന്ന് എത്തിയ സിഐടിയുകാരന്‍ അടിക്കുമെന്ന് ഉറപ്പായതതോടെ ഷാജഹാന്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് മറ്റൊരു ഉയരം കുറഞ്ഞ കെട്ടിടത്തിലേക്ക് ചാടി. ഫയാസിന്‍റെ രണ്ട് കാലുകളും ഒടിയുകയായിരുന്നു. 

പ്രാണരക്ഷാർത്ഥം കെട്ടിടത്തിൽ നിന്ന് ചാടിയപ്പോഴാണ് ഫയാസിന്റെ കാലുകളൊടിഞ്ഞതെന്നും മദ്യപിച്ച് എത്തിയ സംഘമാണ് മർദിച്ചതെന്നും സുരേഷ് വിശദമാക്കി. രണ്ട് കാലുകളും ഒടിഞ്ഞ ഫയാസ് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. 'സിഐടിയുക്കാർ വളഞ്ഞിട്ട് തല്ലി. സ്വന്തം പണിക്കാരെ വെച്ച് ലോഡിറക്കിയതിനാണ് സിഐടിയുക്കാർ വളഞ്ഞിട്ട് തല്ലിയത്. രാത്രി സിഐടിയുക്കാർ ഇല്ലാത്തത് കാരണമാണ് സ്വന്തം പണിക്കാരെ വെച്ച് ലോഡിറക്കിയത്. ആവശ്യമുള്ള പണം തരാമെന്ന് പറഞ്ഞിട്ടും ഇവർ മർദനം തുടർന്നതായും സുരേഷ് പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios