'ജയരാജന്റെ പുസ്തക പ്രകാശനം മാറ്റി വയ്ക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു'; വി ഡി സതീശൻ
ഇപി ജയരാജനെ പാലക്കാട് പ്രചാരണത്തിന് എത്തിച്ചിട്ടും കാര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഏഷ്യാനെറ്റ് ന്യൂസിനോട്.
തിരുവനന്തപുരം: ഇപി ജയരാജനെ പാലക്കാട് പ്രചാരണത്തിന് എത്തിച്ചിട്ടും കാര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഏഷ്യാനെറ്റ് ന്യൂസിനോട്. ഇപി ജയരാജൻ സരിനെതിരെ പറയാനുള്ളതൊക്കെ പറഞ്ഞു കഴിഞ്ഞെന്നും ഇനി തിരുത്തി പറഞ്ഞിട്ടും കാര്യമില്ലെന്നും വിഡി സതീശൻ പറഞ്ഞു. പാർട്ടി പറഞ്ഞതു കൊണ്ടു മാത്രമാണ് ഇപി പാലക്കാട്ടെത്തുന്നത്. സരിനെ പറ്റി ഇ.പി പറഞ്ഞത് യാഥാർത്ഥ്യം മാത്രമാണെന്ന് വ്യക്തമാക്കിയ സതീശൻ സരിനെ സ്ഥാനാർത്ഥിയാക്കിയതിൽ സി പി എമ്മിനകത്ത് അതൃപ്തിയുണ്ടെന്നും ചൂണ്ടിക്കാട്ടി. ഇപി അക്കാര്യം തുറന്നുപറഞ്ഞെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
ജയരാജന്റെ പുസ്തകത്തിൻ്റെ പ്രകാശനം നീട്ടിവെച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ സമ്മർദ്ദം കാരണമെന്നും വിഡി സതീശൻ ആരോപിച്ചു. പാലക്കാട് മത്സരം യുഡിഎഫും ബിജെപിയും തമ്മിലാണെന്നായിരുന്നു മുരളീധരനെ തള്ളിക്കൊണ്ടുള്ള സതീശന്റെ അഭിപ്രായം. സരിൻ സ്ഥാനാർത്ഥിയായതോടെ എൽഡിഎഫ് മൂന്നാം സ്ഥാനത്ത് തന്നെ തുടരുമെന്നും പാലക്കാട് യുഡിഎഫ് പതിനായിരം വോട്ടിന് മുകളിൽ ഭൂരിപക്ഷം നേടുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.