ജൂനിയര്‍ ഡോക്ടർമാരുടെ രാജിക്കത്ത്; പുനഃപരിശോധന നടത്തില്ലെന്ന് മുഖ്യമന്ത്രി, നഴ്സുമാരുടെ സമരം പരിഗണിക്കും
സ്റ്റൈപെന്റ് വര്‍ദ്ധന ആവശ്യപ്പെട്ട് ജൂനിയര്‍ നഴ്സുമാർ നടത്തുന്ന സമരത്തിൽ ആരോഗ്യവകുപ്പ് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം: സാലറി കട്ടുമായി ബന്ധപ്പെട്ട് 868 ജൂനിയർ ഡോക്ടർമാർ രാജിക്കത്ത് നൽകിയതിൽ പുനഃപരിശോധന ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവരുടെ താല്പര്യത്തിന് അനുസരിച്ചാണ് കാര്യങ്ങള്‍ ചെയ്യുന്നതെന്നും അതിൽ സര്‍ക്കാരിന് ഒന്നും ചെയ്യാനുണ്ടാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
അതേസമയം, സ്റ്റൈപെന്റ് വര്‍ദ്ധന ആവശ്യപ്പെട്ട് ജൂനിയര്‍ നഴ്സുമാർ നടത്തുന്ന സമരത്തിൽ ആരോഗ്യവകുപ്പ് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് ബാധിതരെ ചികിത്സിക്കാനുള്ള സിഎഫ്എൽടിസികളിൽ നിയമിക്കപ്പെട്ട ജൂനിയർ ഡോക്ടർമാരിൽ 868 പേർ 10ന് രാജിവയ്ക്കുമെന്നാണ് സർക്കാരിനെ അറിയിച്ചിരിക്കുന്നത്. സാലറി ചലഞ്ചിന്റെ ഭാഗമായി ശമ്പളത്തിൽ നിന്ന് 20% തുക പിടിച്ചതിൽ പ്രതിഷേധിച്ചാണ് രാജി.
സ്റ്റാഫ് നഴ്സുമാരുടെ അടിസ്ഥാന വേതനം ജൂനിയർ നഴ്സുമാർക്ക് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ജൂനിയർ നഴ്സുമാരുടെ സമരം. നിലവിൽ 13, 900 രൂപയാണ് ജൂനിയർ നഴ്സുമാർക്ക് ലഭിക്കുന്ന ശമ്പളം. ഇത് 27,800 ആക്കണമെന്നാണ് ജൂനിയർ നഴ്സുമാര്‍ ആവശ്യമുയര്‍ത്തിയിരിക്കുന്നത്.