Asianet News MalayalamAsianet News Malayalam

എഡിഎമ്മിന്റെ മരണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചില്ല, പ്രതികരിച്ചുമില്ല; എന്തുകൊണ്ടെന്ന് വി ഡി സതീശൻ

പ്രശാന്തന്‍ ഏത് സി.പി.എം നേതാവിന്റെ ബിനാമിയാണെന്ന് അന്വേഷിക്കണമെന്ന് വി.ഡി സതീശൻ ആവശ്യപ്പെട്ടു. 

Chief Minister Pinarayi Vijayan did not respond to the death of ADM Naveen Babu says V D Satheesan
Author
First Published Oct 19, 2024, 3:42 PM IST | Last Updated Oct 19, 2024, 3:52 PM IST

കൽപ്പറ്റ: എ.ഡി.എം നവീൻ ബാബുവിന്റെ മരണം കേരളം മുഴുവന്‍ ചര്‍ച്ച ചെയ്യുമ്പോഴും മുഖ്യമന്ത്രി അനുശോചിക്കുകയോ പ്രതികരിക്കുകയോ ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് വി.‍ഡി സതീശൻ. എ.ഡി.എം അഴിമതിക്കാരനെന്നു വരുത്തി തീര്‍ക്കാന്‍ സി.പി.എം ശ്രമിച്ചത് കൊന്നതിനേക്കാള്‍ വലിയ ക്രൂരതയാണെന്നും പ്രശാന്തന്‍ ഏത് സി.പി.എം നേതാവിന്റെ ബിനാമിയാണെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം കൽപ്പറ്റയിൽ പറഞ്ഞു. 

എ.ഡി.എം ആത്മഹത്യ ചെയ്ത സംഭവമുണ്ടായത് മുഖ്യമന്ത്രിയുടെ ജില്ലയിലായിട്ടും ഇതുവരെ മുഖ്യമന്ത്രിയോ മുഖ്യമന്ത്രിയുടെ ഓഫീസോ പ്രതികരിക്കാത്തത് വിസ്മയകരമാണെന്ന് വി.ഡി സതീശൻ പറഞ്ഞു. കേരളത്തെ ഞെട്ടിച്ച മരണമുണ്ടായിട്ടും ഒരു അനുശോചന കുറിപ്പ് പോലും നല്‍കിയില്ല. മുഖ്യമന്ത്രിയുടെ പാര്‍ട്ടിയില്‍പ്പെട്ട നേതാവ് പങ്കാളിയായ മരണം കേരളം മുഴുവന്‍ ചര്‍ച്ച ചെയ്യുമ്പോഴും ഒരു പത്രക്കുറിപ്പ് പോലും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും വരുന്നില്ലെന്നത് അദ്ഭുതപ്പെടുത്തുന്നതാണ്. മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും പ്രതിയായ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ രക്ഷിക്കാനാണ് ശ്രമിക്കുന്നത്. എ.ഡി.എം മരിച്ചിട്ടും പ്രതിയെ രക്ഷിക്കാന്‍ വേണ്ടി കൈക്കൂലി നല്‍കിയെന്ന വ്യാജ രേഖ സി.പി.എം സൃഷ്ടിച്ചെന്നും അത് വ്യാജരേഖയാണെന്ന് തെളിഞ്ഞെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. 

പ്രശാന്തന്‍ ഉണ്ടാക്കിയിരിക്കുന്ന പാട്ടക്കാരാറിലെയും പരാതിയിലെയും പേരും ഒപ്പും രണ്ടാണെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. വ്യാജമായി രേഖയുണ്ടാക്കി എ.ഡി.എം അഴിമതിക്കാരനാണെന്ന് വരുത്തി തീര്‍ത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ രക്ഷിക്കാനുള്ള നീക്കമാണ് നടന്നത്. ഇക്കാര്യത്തില്‍ കളക്ടറുടെ പങ്ക് എന്താണെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം എന്തുകൊണ്ടാണ് കളക്ടര്‍ മൗനം പാലിച്ചതെന്ന് ചോദിച്ചു. ഡിപ്പാര്‍ട്ട്‌മെന്റ് സംഘടിപ്പിച്ച യാത്ര അയപ്പ് പരിപാടിയില്‍ ക്ഷണിക്കപ്പെടാത്ത അതിഥിയായാണ് വന്നതെന്ന് പറഞ്ഞ ജില്ലാ പ്രസിഡന്റ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കളക്ടര്‍ ക്ഷണിച്ചിട്ട് വന്നതെന്നാണ് പറയുന്നത്. കളക്ടര്‍ കൂടി പ്രതിക്കൂട്ടിലായിരിക്കുകയാണ്. എ.ഡി.എമ്മിനെ അപമാനിക്കുന്നതിന് വേണ്ടി വലിയ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും അല്ലാതെ വെറുതെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അതുവഴി പോയപ്പോള്‍ വന്ന് പ്രസംഗിച്ചതല്ലെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു.  

ഗൂഢാലോചന നടത്തി വീഡിയോഗ്രാഫറുമായി എത്തി എ.ഡി.എമ്മിനെ അപമാനിക്കുന്നതിന് വേണ്ടിയുള്ള ആസൂത്രിത ശ്രമത്തിന് സി.പി.എമ്മും കൂട്ടു നിന്നെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. കൊന്നതിനേക്കാള്‍ വലിയ ക്രൂരകൃത്യമാണ് മരിച്ചതിനു ശേഷം എ.ഡി.എം അഴിമതിക്കാരനാണെന്ന് വരുത്തി തീര്‍ക്കുന്നതിനു വേണ്ടി നടത്തുന്ന ശ്രമം. നവീന്‍ ബാബുവിനെ മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബത്തെ കൂടിയാണ് അപമാനിക്കുന്നത്. കേസ് അന്വേഷണം പ്രതിപക്ഷം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. അന്വേഷണത്തില്‍ വെള്ളം ചേര്‍ക്കാന്‍ ശ്രമിച്ചാല്‍ ശക്തമായി എതിര്‍ക്കുമെന്ന് വി.ഡി സതീശൻ വ്യക്തമാക്കി. പരിയാരം മെഡിക്കല്‍ കോളജില്‍ ജോലി ചെയ്യുന്ന പ്രശാന്തന് പെട്രോള്‍ പമ്പിന് വേണ്ടി നാലര കോടി മുടക്കാനുള്ള പണം എവിടെ നിന്നാണ് ലഭിച്ചതെന്ന് ചോ​ദിച്ച അദ്ദേഹം പ്രശാന്തന്‍ ഏതു സി.പി.എം നേതാവിന്റെ ബിനാമിയാണെന്നു കൂടി അന്വേഷിച്ചേ മതിയാകൂവെന്നും വ്യക്തമാക്കി. 

READ MORE: മലപ്പുറം തിരൂരങ്ങാടിയിൽ ലോറി താഴ്ച്ചയിലേക്ക് മറിഞ്ഞു; ലോറി തലകീഴായി മറിയുന്ന ദൃശ്യങ്ങൾ പുറത്ത്

Latest Videos
Follow Us:
Download App:
  • android
  • ios