പ്രതിഷേധം നേരിട്ട 101 പൊലീസുകാര്‍ക്ക് കൊവിഡ്; സമരങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി

ലോകാരോഗ്യ സംഘടനയടക്കം കൊവിഡ് പ്രതിരോധത്തിന്‍റെ ഏറ്റവും വലിയ മാര്‍ഗ്ഗമായി പറഞ്ഞത് സാമൂഹ്യ അകലമാണ്. അതെല്ലാം കാറ്റില്‍പ്പറത്തിയാണ് ഇപ്പോള്‍ സമരങ്ങള്‍ അരങ്ങേറുന്നത്. 

chief minister pinarayi vijayan criticism against opposition protest on pandemic

തിരുവനന്തപുരം: തലസ്ഥാനത്ത് കൊവിഡ് വ്യാപനം ശക്തമാകുമ്പോള്‍ നടക്കുന്ന സമരങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. കൊവിഡ് പ്രതിരോധത്തെ തകിടം മറിക്കുന്ന രീതിയിലാണ് പ്രതിപക്ഷ സംഘടനകള്‍ ആള്‍ക്കൂട്ടങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെ നടത്തുന്നത് എന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കൊവിഡ് കണക്കുകള്‍ പുറത്തുവിട്ടുകൊണ്ടുള്ള വാര്‍ത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഈ കാര്യം വ്യക്തമാക്കിയത്.

ലോകാരോഗ്യ സംഘടനയടക്കം കൊവിഡ് പ്രതിരോധത്തിന്‍റെ ഏറ്റവും വലിയ മാര്‍ഗ്ഗമായി പറഞ്ഞത് സാമൂഹ്യ അകലമാണ്. അതെല്ലാം കാറ്റില്‍പ്പറത്തിയാണ് ഇപ്പോള്‍ സമരങ്ങള്‍ അരങ്ങേറുന്നത്. വൈറസിനൊപ്പം ജീവിക്കുക എന്ന രീതിയില്‍ വിദ്യാഭ്യാസ രീതിയും, വിവാഹങ്ങളും, പൊതുചടങ്ങുകളും അടക്കം മാറുമ്പോഴാണ് ഈ ആള്‍ക്കൂട്ട സമരങ്ങള്‍ നടക്കുന്നത്. വലിയ മാധ്യമ ശ്രദ്ധ ലഭിക്കും എന്നതാണ് ഇത്തരം സമരം നടത്താന്‍ പ്രചോദനമാകുന്നത്. ഇതിനെക്കുറിച്ച് മാധ്യമങ്ങളും ഗൌരവമായി ചിന്തിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സമരങ്ങളുടെ ഫലമായി ഇത് നേരിടുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരും പൊലീസുകാരും കൊവിഡ് ബാധിതരാകുകയാണ്. ഇത്തരത്തില്‍ സംസ്ഥാനത്ത് പ്രതിഷേധങ്ങള്‍ തടയാന്‍ നിയോഗിക്കപ്പെട്ട 101 പൊലീസുകാര്‍ക്കാണ് കൊവിഡ് ബാധയുണ്ടായത്. 171 പൊലീസുകാര്‍ നിരീക്ഷണത്തിലാണ്.

"

പൊലീസുകാര്‍ ക്വറന്‍റീനിലാകുന്നത് കൊവിഡിനെതിരെ പ്രവര്‍ത്തിക്കേണ്ട സര്‍ക്കാറിന് തടസ്സം സൃഷ്ടിക്കും. കൊവിഡ് പ്രോട്ടോകോള്‍ സമരക്കാര്‍ പാലിക്കുന്നില്ല. എല്ലാ പാര്‍ട്ടിക്കാരും ഈ കാര്യത്തില്‍ ഉത്തരവാദിത്വത്തോടെ പെരുമാറണം. കൊവിഡ് പ്രതിരോധത്തിന് ആക്ഷീണം പ്രയത്നിക്കുന്നവരാണ് പൊലീസുകാര്‍ അവര്‍ക്ക് പ്രത്യുപകാരമായി രോഗം നല്‍‍കണോ എന്ന് എല്ലാവരും ചിന്തിക്കണം.

ജനാധിപത്യത്തില്‍ പ്രതിഷേധിക്കാനുള്ള അവകാശം നിഷേധിക്കാനാവില്ല. എന്നാല്‍ പ്രതിഷേധക്കാര്‍ സമൂഹത്തെ അപകടപ്പെടുത്തുന്നതില്‍ നിന്നും പിന്‍മാറണം. മറ്റെന്തെല്ലാം മാര്‍ഗ്ഗങ്ങളുണ്ട്. അക്രമണം നടത്തിയാലെ മാധ്യമ ശ്രദ്ധകിട്ടുവെന്ന ധാരണ മാറിയാല്‍ ഈ പ്രശ്നം ഒഴിവാകും -മുഖ്യമന്ത്രി പറഞ്ഞു. 
 

Latest Videos
Follow Us:
Download App:
  • android
  • ios