ചെക്ക്‌പോസ്റ്റുകളിലെ പൊലീസുകാരെ പരിശോധനയില്ലാതെ മറ്റിടങ്ങളില്‍ ഡ്യൂട്ടി ചെയ്യിക്കുന്നതായി ആരോപണം
ഇടുക്കിയിലെ കുമളി, കമ്പംമെട്ട്, ബോഡിമേട്ട്, ചിന്നാര്‍ ചെക്ക് പോസ്റ്റുകളില്‍ അവിടുത്തെ സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥര്‍ക്ക് പുറമെ, എആര്‍ ക്യാമ്പില്‍ നിന്നുള്ള പൊലീസുകാരെയാണ് ഡ്യൂട്ടിക്കിട്ടിരിക്കുന്നത്.
തൊടുപുഴ: അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളിലുണ്ടായിരുന്ന പൊലീസുകാരെ പരിശോധനയോ നിരീക്ഷണമോ ഇല്ലാതെ മറ്റിടങ്ങളില്‍ ഡ്യൂട്ടിക്കിടുന്നതായി പരാതി. കൊവിഡ് രോഗിയുമായി സമ്പര്‍ക്കമുണ്ടായിരുന്നവര്‍ പോലും ഇക്കൂട്ടത്തിലുണ്ട്. എതിര്‍പ്പുണ്ടെങ്കിലും പ്രതികാര നടപടി ഭയന്ന് പരസ്യമായി രംഗത്ത് വരാന്‍ പൊലീസുകാര്‍ മടിക്കുകയാണ്.
ഇടുക്കിയിലെ കുമളി, കമ്പംമെട്ട്, ബോഡിമേട്ട്, ചിന്നാര്‍ ചെക്ക് പോസ്റ്റുകളില്‍ അവിടുത്തെ സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥര്‍ക്ക് പുറമെ, എആര്‍ ക്യാമ്പില്‍ നിന്നുള്ള പൊലീസുകാരെയാണ് ഡ്യൂട്ടിക്കിട്ടിരിക്കുന്നത്. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരെയും, ചരക്കുലോറികളിലുള്ളവരെയും പരിശോധിക്കുകയാണ് ഇവരുടെ ചുമതല. എന്നാല്‍ ആ ഡ്യൂട്ടി കഴിയുമ്പോള്‍ പരിശോധനയോ, നിരീക്ഷണമോ ഒന്നുമില്ല. കഴിഞ്ഞദിവസം കമ്പംമെട്ടിലൂടെ ചരക്കുലോറിയില്‍ വന്നയാള്‍ക്ക് കൊവിഡ് സ്ഥീരികരിച്ചിരുന്നു. ഇയാളുമായി സമ്പര്‍ക്കത്തില്‍ വന്ന പൊലീസുകാരന്‍ ഇപ്പോഴും മറ്റൊരിടത്ത് ഡ്യൂട്ടിയിലാണ്.
സഹപ്രവര്‍ത്തകര്‍ ഇക്കാര്യം എആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും ഒരു നടപടിയുമുണ്ടായില്ല. അപകടം വിളിച്ചുവരുത്തുന്ന നടപടിയാണ് ഉദ്യോഗസ്ഥരുടെതെന്നാണ് ഇവര്‍ക്ക് പറയാനുള്ളത്. പ്രതികാരനടപടിയുണ്ടാവുമെന്ന് ഭയന്ന് പരാതി നല്‍കാനും ഭയം. അതേമയം രോഗം ലക്ഷണമുണ്ടെങ്കില്‍ മാത്രം നിരീക്ഷണത്തില്‍ വിട്ടാല്‍ മതിയെന്ന രീതിയാണ് ഇപ്പോള്‍ അവലംബിക്കുന്നതെന്നാണ് എആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥരില്‍ നിന്നുള്ള വിശദീകരണം.