Asianet News MalayalamAsianet News Malayalam

വൈദ്യുതി ബന്ധം വിച്ഛേദിച്ച് കെഎസ്ഇബിയുടെ പ്രതികാര നടപടി: മെഴുകുതിരി കത്തിച്ച് പ്രതിഷേധവുമായി ഉപഭോക്താക്കൾ

അജ്മലിൻ്റെ പിതാവ് റസാഖിന്റെ പേരിലുള്ളതാണ് വൈദ്യുതി കണക്ഷൻ. അക്രമികളുടെ വീട്ടിലേക്കുള്ള വൈദ്യുതിയാണ് വിച്ഛേദിച്ചതെന്നാണ് കെഎസ്ഇബി പറയുന്നത്

candle light protest against KSEB at Thiruvambadi
Author
First Published Jul 6, 2024, 8:16 PM IST | Last Updated Jul 6, 2024, 8:16 PM IST

മലപ്പുറം: തിരുവമ്പാടി കെഎസ്ഇബി ഓഫീസ് ആക്രമിച്ചവരുടെ വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനെതിരെ പ്രതിഷേധം. തിരുവമ്പാടി ഉള്ളാട്ടിൽ റസാഖും ഭാര്യയുമായി തിരുവമ്പാടി കെഎസ്ഇബി ഓഫീസിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കുന്നത്. ഇവര്‍ വീടിനകത്തും മെഴുകുതിരി കത്തിച്ചു. കെഎസ്ഇബി പകതീര്‍ക്കുകയാണെന്ന് റസാഖും ഭാര്യയും പറഞ്ഞു. മകൻ ചെയ്ത തെറ്റിന് വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചത് എന്തിനെന്നും ഇവര്‍ ചോദിക്കുന്നു. കെഎസ്ഇബി എംഡി ബിജു പ്രഭാകറിന്റെ ഉത്തരവിനെ തുടർന്നാണ് ഇവരുടെ വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചത്.

വീട്ടുകാര്‍ വൈദ്യുതി ബില്ല് അടക്കാത്തതിനെ തുടർന്ന് ഈ വ്യാഴാഴ്ച വൈദ്യതി ബന്ധം വിച്ഛേദിച്ചിരുന്നു. ഓൺലൈനായി ബില്ലടച്ച റസാഖിൻ്റെ മകൻ അജ്‌മൽ ഉടൻ വൈദ്യുതി പുനഃസ്ഥാപിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ഇന്നലെയാണ് ജീവനക്കാര്‍ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ ഉദ്യോഗസ്ഥര്‍ എത്തിയത്. ജീവനക്കാര്‍ വൈദ്യുതി പുനഃസ്ഥാപിക്കാൻ വൈകിയതുമായി ബന്ധപ്പെട്ട് അജ്‌മലും ഉദ്യോഗസ്ഥരും തമ്മിൽ തര്‍ക്കമുണ്ടായി. സംഭവത്തിൽ ജീവനക്കാര്‍ പൊലീസിൽ പരാതിയും നൽകിയിരുന്നു.

പൊലീസ് കേസെടുത്തതിൽ പ്രകോപിതനായ അജ്മൽ ഇന്ന് രാവിലെ സഹോദരനൊപ്പം കെഎസ്ഇബി ഓഫീസിലെത്തി ആക്രമണം അഴിച്ചുവിട്ടു. ഓഫീസിലെ കമ്പ്യൂട്ടറുകളും ഉപകരണങ്ങളും തകർത്തു. ജീവനക്കാരുടെ ദേഹത്ത് ഭക്ഷണ സാധനങ്ങൾ അഴുകിയ മാലിന്യവും ഒഴിച്ചു. അസിസ്റ്റന്റ് എൻജിനിയർ ഉൾപ്പടെ ചില ജീവനക്കാർക്ക് പരിക്കേറ്റു.  ആക്രമണത്തിൽ മൂന്ന് ലക്ഷം രൂപയുടെ നാശ നഷ്ടം ഉണ്ടായെന്നാണ് ബോർഡിന്റെ റിപ്പോർട്ട്.

പിന്നാലെയാണ് ബോര്‍ഡ് ചെയര്‍മാൻ വൈദ്യുതി ബന്ധം വീണ്ടും വിച്ഛേദിക്കാൻ ഉത്തരവിട്ടത്. അജ്മലിൻ്റെ പിതാവ് റസാഖിന്റെ പേരിലുള്ളതാണ് വൈദ്യുതി കണക്ഷൻ. അക്രമികളുടെ വീട്ടിലേക്കുള്ള വൈദ്യുതിയാണ് വിച്ഛേദിച്ചതെന്നാണ് കെഎസ്ഇബി പറയുന്നത്. നഷ്ടം നികത്തിയ ശേഷം വൈദ്യുത ബന്ധം പുനഃസ്ഥാപിക്കുന്ന കാര്യം പരിഗണിക്കാമെന്നാണ് ബോർഡിന്റെ നിലപാട്. ജീവനക്കാരുടെ പരാതിയിൽ അജ്മലിനും സഹോദരൻ ഫഹ്ദാനും എതിരെ കേസ് എടുത്തിട്ടുണ്ട്. യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവാണ് അജ്മൽ. കെഎസ്ഇബി നീക്കം പ്രതികാര നടപടിയാണെന്നും നിയമപരമായി നേരിടുമെന്നും യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios