തെരഞ്ഞെടുപ്പില്‍ വീഴ്ചയുണ്ടായെന്ന് ബിജെപി; ബിഡിജെഎസിനും വിമര്‍ശനം, തോല്‍വി പഠിക്കാന്‍ സമിതി

ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ രാജ്യം ഭരിക്കുന്ന പാർട്ടിക്ക് കിട്ടിയത് വൻ പ്രഹരമാണ്. കയ്യിലുള്ള നേമം പോയതിന്‍റെ കനത്ത തിരിച്ചടിക്കപ്പുറമാണ് ഇടിഞ്ഞുതാണ വോട്ട് ശതമാനം. 

BJP will make a new group to study election failure

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വി പഠിക്കാന്‍ സമിതി രൂപീകരിക്കാന്‍ ബിജെപി. ഓണ്‍ലൈനായി ചേര്‍ന്ന കോര്‍ കമ്മിറ്റി യോ​ഗത്തിലാണ് തീരുമാനം. തെരഞ്ഞെടുപ്പില്‍ വീഴ്ച ഉണ്ടായെന്നാണ് ബിജെപി വിലയിരുത്തല്‍. ബിഡിജെഎസിനെതിരെയും യോ​ഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. ബിഡിജെഎസ് തെരഞ്ഞെടുപ്പില്‍ മുന്നേറ്റം ഉണ്ടാക്കിയില്ലെന്നാണ് വിലയിരുത്തല്‍.

കയ്യിലുള്ള നേമം പോയതിന്‍റെ കനത്ത തിരിച്ചടിക്കപ്പുറം ബിജെപിയുടെ  വോട്ട് ശതമാനവും ഇത്തവണ ഇടിഞ്ഞുതാണു. സീറ്റെണ്ണം ചോദിക്കുമ്പോഴോക്കെ വോട്ട് വളർച്ച പറഞ്ഞായിരുന്നു ഇതുവരെ സുരേന്ദ്രനും നേതാക്കളും പിടിച്ചുനിന്നത്. ദേശീയനേതാക്കൾ പറന്നിറങ്ങിയിട്ടും മോദിയുടെ പേരിൽ വോട്ട് തേടിയിട്ടും ഇത്തവണ ബിജെപിയുടെ വോട്ട് വിഹിതം 11.30 ശതമാനം മാത്രമായി. 2016 ഇൽ ഇത് 15.01 ശതമാനമായിരുന്നു.

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കിട്ടിയത് 15.53 ശതമാനമാണ്. ഇക്കഴിഞ്ഞ തദ്ദേശപ്പോരിൽ ലഭിച്ചത് 15.56 ശതമാനവും. സമീപകാലത്തെ എല്ലാ തെര‍ഞ്ഞെടുപ്പിനെക്കാളും കുറഞ്ഞുവോട്ടുകളാണിത്. രണ്ടാം കക്ഷിയായ ബിഡിജെഎസിനും മത്സരിച്ച എല്ലായിടത്തും വോട്ട് ഇടിഞ്ഞു. കോന്നിയില്‍ ഉപതെരഞ്ഞെടുപ്പിനെക്കാൾ 6975 വോട്ടുകൾ കുറഞ്ഞാണ് കെ സുരേന്ദ്രൻ ദയനീയമായി മൂന്നാമതെത്തിയത്. 

സംപൂജ്യരായതിനൊപ്പം വോട്ട് ശതമാനത്തിലെ കുറവും എങ്ങിനെ ദേശീയ നേതൃത്വത്തോട് വിശദീകരിക്കുമെന്ന ആശങ്കയിലാണ് സംസ്ഥാന നേതൃത്വം. പാർട്ടിയിൽ അഴിച്ചുപണിക്കുള്ള ആവശ്യം മുറുകുകയാണ്. കഴക്കൂട്ടത്ത് പാർട്ടി വേണ്ടത്ര സഹായിച്ചില്ലെന്ന പരാതി ശോഭാ സുരേന്ദ്രനുണ്ട്. പക്ഷെ പാർട്ടിയോഗങ്ങൾ തീരാതെ ആരും പരസ്യപ്രതികരണത്തിന് തയ്യാറല്ല. നാളെയോ മറ്റന്നാളോ കോർ കമ്മിറ്റി ചേരും. 

ബിജെപി പ്രതീക്ഷവെച്ച മണ്ഡലങ്ങളിൽ ജയസാധ്യതയുള്ള എതിർസ്ഥാനാർത്ഥികൾക്കായി ന്യൂനപക്ഷവോട്ട് ഏകീകരണമുണ്ടായെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. ഒപ്പം കഴിഞ്ഞ തവണ ബിഡിജെഎസ് വഴി കിട്ടിയ ഈഴവവോട്ടുകൾ ഇടതിലേക്ക് തിരിച്ചുപോയതും ആഘാതമായി. വമ്പൻ തോൽവിയിൽ സുരേന്ദ്രനുള്ള ഏക ആശ്വാസം പാർട്ടിയിൽ കരുനീക്കം നടത്തേണ്ട കൃഷ്ണദാസും ശോഭയുമെല്ലാം കൂട്ടത്തോടെ തോറ്റു എന്നത് മാത്രം.

 

Latest Videos
Follow Us:
Download App:
  • android
  • ios