രാഹുൽ ഗാന്ധിയെ മഹാരാഷ്ട്ര പ്രചാരണത്തിൽ നിന്ന് വിലക്കണമെന്ന് ബിജെപി; നുണ പ്രചരിപ്പിക്കുന്നുവെന്ന് പരാതി
നിയമമന്ത്രി അർജുൻ റാം മേഘ്‌വാളിൻ്റെ നേതൃത്വത്തിലുള്ള സംഘം നേരിട്ടെത്തിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് രാഹുൽ ഗാന്ധിക്കെതിരെ പരാതി നൽകിയത്
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ വിലക്കണമെന്ന് ബിജെപി. രാഹുൽ ഗാന്ധി നുണ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി പരാതി നൽകി. ബിജെപി ഭരണഘടന തകർക്കുമെന്നും ആരോപിക്കുന്നുവെന്ന് പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്. നിയമമന്ത്രി അർജുൻ റാം മേഘ് വാളിൻ്റെ നേതൃത്വത്തിലുള്ള സംഘം നേരിട്ടെത്തിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.
ഇന്ന് തന്നെ രാഹുൽ ഗാന്ധിക്കെതിരെ മറ്റൊരു ആരോപണവും ബിജെപി ശക്തമായി ഉയർത്തിക്കൊണ്ടുവന്നിരുന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്നയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ രാഹുൽ ഗാന്ധി പങ്കെടുക്കാത്തതാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ ചർച്ചയാക്കിയത്. സഞ്ജീവ് ഖന്നയുടെ അമ്മാവനും മുൻ ജഡ്ജിയുമായ എച്ച്.ആർ ഖന്ന ഇന്ദിരാ ഗാന്ധിക്കെതിരെ വിധി പറഞ്ഞതു കൊണ്ടാണ് പരിപാടിയിൽ നിന്നും രാഹുൽ ഗാന്ധി വിട്ടു നിന്നതെന്നാണ് പ്രചാരണം. വയനാട്ടിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നു ഇന്ന് രാഹുൽ ഗാന്ധി. പ്രിയങ്ക ഗാന്ധി മത്സരിക്കുന്ന വയനാട്ടിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ കലാശക്കൊട്ടിലടക്കം രാഹുൽ ഗാന്ധി പങ്കെടുത്തിരുന്നു. ഇന്ന് രാവിലെയാണ് സഞ്ജീവ് ഖന്ന സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്.