കൊവിഡ് സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുടെ രോഗ ഉറവിടം വ്യക്തമല്ല, വ്യാപക സമ്പര്‍ക്കം; ആശങ്കയോടെ തലസ്ഥാനം
അതേസമയം കാട്ടാക്കടയിൽ രോഗം സ്ഥിരീകരിച്ച ആശ വർക്കറുടെ ഒരു പരിശോധന ഫലം നെഗറ്റീവ് ആയി. ഒരു ഫലം കൂടി നെഗറ്റീവ് ആയാൽ ഇവർക്ക് ആശുപത്രി വിടാം.
തിരുവനന്തപുരം: തിരുവനന്തപുരത്ത് സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുടെ രോഗ ഉറവിടം വ്യക്തമല്ലാത്തത് ആശങ്കയുയർത്തുന്നു. ഇയാൾ ജില്ലയിൽ വ്യാപകമായി യാത്ര ചെയ്യുകയും നിരവധി പേരുമായി സന്പർക്കത്തിൽ ഏർപ്പെടുകയും ചെയ്തിട്ടുണ്ട്. ഇയാളുടെ സമ്പർക്കപട്ടിക രേഖപ്പെടുത്തുന്നത് ശ്രമകരമാകുമെന്നാണ് സൂചന. ഓട്ടോ ഡ്രൈവറുടെ ഭാര്യക്കും മകൾക്കും രോഗം കണ്ടെത്തിയിട്ടുണ്ട്. മറ്റൊരു മകൾക്കും രോഗലക്ഷണങ്ങൾ ഉളളതായാണ് വിവരം.
അതേസമയം കാട്ടാക്കടയിൽ രോഗം സ്ഥിരീകരിച്ച ആശ വർക്കറുടെ ഒരു പരിശോധന ഫലം നെഗറ്റീവ് ആയി. ഒരു ഫലം കൂടി നെഗറ്റീവ് ആയാൽ ഇവർക്ക് ആശുപത്രി വിടാം. ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പുതിയ ഡിസിപിയെ നിയമിച്ചു. ഡോക്ടർ കൂടിയായ ഐപിഎസ് ഓഫീസർ ദിവ്യ ഗോപിനാഥിനെയാണ് ഡിസിപിയായി നിയമിച്ചത്. കൊവിഡ് രോഗബാധയുടെ പ്രതിരോധ ചുമതലയും ഡിസിപിക്ക് നൽകിയിട്ടുണ്ട്. ആര്‍.നിശാന്തിനിയാണ് പുതിയ റെയില്‍വെ എസ് പി. നിലവിലെ ഡിസിപി കറുപ്പസ്വാമിയെ ഇടുക്കി എസ്‌പിയായി നിയമിച്ചു.