അട്ടപ്പാടി മധു കേസ്; സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എവിടെയെന്ന് കോടതി
മണ്ണാർക്കാട് എസ് സി/ എസ് ടി പ്രത്യേക കോടതിയാണ് ചോദ്യമുന്നയിച്ചത്. ഇന്ന് കേസ് പരിഗണിച്ചപ്പോൾ മധുവിനായി ആരും ഹാജരായിരുന്നില്ല.
പാലക്കാട്: അട്ടപ്പാടി മധു കേസിലെ (Madhu Case) സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എവിടെയെന്ന് കോടതി. മണ്ണാർക്കാട് എസ് സി/ എസ് ടി പ്രത്യേക കോടതിയാണ് ചോദ്യമുന്നയിച്ചത്. ഇന്ന് കേസ് പരിഗണിച്ചപ്പോൾ മധുവിനായി ആരും ഹാജരായിരുന്നില്ല.
കേസിൽ നിന്നും ഒഴിയാൻ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഡിജിപിയ്ക്ക് നേരത്തെ കത്ത് നൽകിയിരുന്നു. സർക്കാർ നിയോഗിച്ച വി ടി രഘുനാഥാണ് സ്ഥാനമൊഴിയാൻ സന്നദ്ധത അറിയിച്ചത്. ഇക്കാരണത്താൽ ഇന്ന് അദ്ദേഹം കോടതിയിൽ ഹാജരായിരുന്നില്ല. കേസ് ഫെബ്രുവരി 26 ലേക്ക് മാറ്റി.
2018 ഫെബ്രുവരി 22-നാണ് കേരള മനസാക്ഷിയെ ഞെട്ടിപ്പിച്ച മധുവിൻ്റെ കൊലപാതകം നടന്നത്. മാനസിക അസ്വാസ്ഥ്യമുള്ള അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവാണ് ആൾക്കൂട്ട കൊലപാതകത്തിന് ഇരയായത്. മോഷണക്കുറ്റം ആരോപിച്ച് കെട്ടിയിട്ട് മധുവിനെ ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ചത്. മധുവിനെ മർദ്ദിക്കുന്നതിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ വൻ പ്രതിഷേധമാണുയർന്നത്.
ലോകത്തിന് മുൻപിൽ കേരളം തല താഴ്ത്തി നിന്നനാളുകളായിരുന്നു അത്. പ്രതികളായ പതിനാറു പേരെയും പൊലീസ് അറസ്റ്റു ചെയ്തു. 2018 മെയ് മാസം പൊലീസ് കുറ്റപത്രം സമർപ്പിച്ചെങ്കിലും വിചാരണ നടപടികൾ വൈകുകയാണ്. പ്രതികളെല്ലാം ഇപ്പോൾ ജാമ്യത്തിലാണ്.