Asianet News MalayalamAsianet News Malayalam

വിഴിഞ്ഞം യാഥാര്‍ത്ഥ്യത്തിലേക്ക്; അദാനി പോര്‍ട്ടിന് സർക്കാർ അടിയന്തരമായി നൽകേണ്ടത് 950 കോടി രൂപ

കരാര്‍ പ്രകാരം തുറമുഖത്തിന്‍റെ റവന്യു ഷെയറിംഗ് തുടങ്ങുക 2034 മുതലാണ്

950 crores to be paid by the government to Vizhinjam Adani Port urgently
Author
First Published Jul 7, 2024, 9:54 AM IST | Last Updated Jul 7, 2024, 9:54 AM IST

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക് അടുക്കുമ്പോള്‍ കരാറനുസരിച്ച് അദാനി പോര്‍ട്ടിന് സർക്കാർ അടിയന്തരമായി നൽകേണ്ടത് 950 കോടി രൂപ. സര്‍ക്കാർ ഗ്യാരണ്ടിയോടെ നബാര്‍ഡിൽ നിന്ന് വിഴിഞ്ഞം തുറമുഖ നിര്‍മ്മാണ കമ്പനി വായ്പയെടുക്കും.

അന്താരാഷ്ട്ര തുറമുഖത്തിന്‍റെ പുലിമുട്ട് നിർമിച്ചതിന് സംസ്ഥാന സര്‍ക്കാര്‍ മൂന്ന് ഗഡുക്കളായി അദാനിക്ക് നൽകേണ്ടത് 1300 കോടി രൂപയാണ്. വാണിജ്യാടിസ്ഥാനത്തിൽ തുറമുഖത്തിന് ഇതുവരെ നൽകിയത് രണ്ടാം ഗഡുവിന്‍റെ പകുതി വരെ മാത്രം. ആദ്യഘട്ട കമ്മീഷനിംഗ് പൂര്‍ത്തിയാകും മുൻപ് 1800 കോടി അദാനിക്ക് നൽകേണ്ട സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ കൊടുത്തത് 850 കോടിയാണ്. 950 കോടി കുടിശിക. റെയിൽപാത നിര്‍മ്മാണത്തിനുള്ള 1200 കോടി രൂപ വേറെയും നൽകണമെന്നിരിക്കെ 3600 കോടിയുടെ വായ്പക്കാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണ കമ്പനി ശ്രമിക്കുന്നത്. ഹഡ്കോ പിൻമാറിയ സാഹചര്യത്തിൽ സര്‍ക്കാര്‍ ഗ്യാരണ്ടിയോടെ നബാര്‍ഡിൽ നിന്ന് വായ്പയെടുക്കാനാണ് തീരുമാനം.

കേന്ദ്രം നൽകേണ്ട വയബിലിറ്റി ഗ്യാപ് ഫണ്ട് 817 കോടി രൂപയാണ്. 2019 ൽ തീര്‍ക്കേണ്ട പദ്ധതിയിൽ അദാനി കരാര്‍ വ്യവസ്ഥകൾ മറികടന്നെന്ന് വിസിലും അതിന് കാരണങ്ങളുണ്ടെന്ന് പറഞ്ഞ് അദാനിയും തമ്മിലുണ്ടായിരുന്ന ആര്‍ബിട്രേഷൻ നടപടികൾ ഒത്തു തീര്‍ന്നത് അടുത്തിടെയാണ്. ചുരുങ്ങിയ കാലഘട്ടത്തിൽ വൻ നിക്ഷേപ സാധ്യത എന്ന ലക്ഷ്യം കൂടി മുന്നിൽ കണ്ടാണ് അദാനിയുമായുള്ള കരാര്‍ വ്യവസ്ഥകളിൽ വിട്ടുവീഴ്ച ചെയ്തതെന്നാണ് സര്‍ക്കാര്‍ പറയുന്ന ന്യായം. കരാര്‍ പ്രകാരം തുറമുഖത്തിന്‍റെ റവന്യു ഷെയറിംഗ് തുടങ്ങുക 2034 മുതലാണ്. പുതുക്കി നൽകിയ തിയ്യതി അനുസരിച്ച് വിഴിഞ്ഞം തുറമുഖത്ത് ഒന്നാം ഘട്ടം പൂര്‍ത്തിയാക്കേണ്ടത് ഡിസംബര്‍ മൂന്നിന് ആണ്. 

ആദ്യമെത്തുക ആയിരത്തിലധികം കണ്ടെയ്നറുകളുള്ള കപ്പൽ, മദർഷിപ്പിനെ സ്വീകരിക്കാൻ വിഴിഞ്ഞം സജ്ജം: ദിവ്യ എസ് അയ്യർ

Latest Videos
Follow Us:
Download App:
  • android
  • ios