Asianet News MalayalamAsianet News Malayalam

പേ വിഷബാധയേറ്റ് തൃശൂരിലും മരണം

പെരിഞ്ഞനം കോവിലകം സ്വദേശി പതുക്കാട്ടിൽ ഉണ്ണികൃഷ്ണൻ (60) ആണ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഉണ്ണികൃഷ്ണൻ വാക്സീന്‍ എടുത്തിരുന്നില്ല.

60 year old man dies of rabies in thrissur
Author
Thrissur, First Published Jun 30, 2022, 7:23 PM IST | Last Updated Jun 30, 2022, 7:23 PM IST

തൃശൂര്‍: പേ വിഷബാധയേറ്റ് തൃശൂരിലും മരണം. പെരിഞ്ഞനം കോവിലകം സ്വദേശി പതുക്കാട്ടിൽ ഉണ്ണികൃഷ്ണൻ (60) ആണ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഉണ്ണികൃഷ്ണൻ വാക്സീന്‍ എടുത്തിരുന്നില്ല.

മൂന്ന് മാസം മുൻപാണ് നായക്കുട്ടിയുടെ കടിയേറ്റത്. നായ പിന്നീട് ചാവുകയും ചെയ്തു. മൂന്ന് ദിവസം മുമ്പ് അസ്വസ്ഥത തോന്നിയ ഉണ്ണികൃഷ്ണനെ ആദ്യം ഇരിങ്ങാലക്കുട ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു.  പരിശോധനയിൽ പേ വിഷബാധ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇന്നലെ ഉച്ചയോടെ ഉണ്ണികൃഷ്ണന്‍ മരിച്ചതായി വാർത്ത പരന്നിരുന്നു. സംസ്കാര ചടങ്ങുകൾക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതിന് പിന്നാലെ മരണം സംഭവിച്ചില്ലെന്ന വിവരം മെഡിക്കല്‍ കോളേജ് അറിയിച്ചു.  ഇന്ന് വൈകിട്ട് 4.50 ഓടെ മരണം സംഭവിക്കുകയായിരുന്നു.

അതേസമയം, പാലക്കാട് പേ വിഷബാധയേറ്റ് കോളേജ് വിദ്യാർത്ഥിനി മരിച്ച സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. പാലക്കാട് ജില്ലാ സര്‍വയലന്‍സ് ഓഫീസറുടെ നേതൃത്വത്തില്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം രൂപീകരിച്ചാണ് വിശദമായ അന്വേഷണം നടത്തുക.

പേവിഷ ബാധയേറ്റ് ചികിത്സയിലായിരുന്ന പാലക്കാട് മങ്കര സ്വദേശിനി ശ്രീലക്ഷ്മി ആണ് ഇന്ന് മരിച്ചത്. മെയ് 30 നാണ് ശ്രീലക്ഷ്മിയെ അയൽ വീട്ടിലെ വളർത്ത് നായ കടിച്ചത്. തുടര്‍ന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ലക്ഷണം കാണിച്ച് തുടങ്ങിയതോടെ ശ്രീലക്ഷ്മിക്ക് റാബീസ് വാക്‌സിൻ എടുത്തിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Also Read: 'ശ്രീലക്ഷ്മി 4 ഡോസ് വാക്സീനും എടുത്തിരുന്നു', പേവിഷ ബാധയേറ്റ് മരിച്ച പെണ്‍കുട്ടിയുടെ പിതാവ്

പേവിഷ ബാധയ്ക്ക് ആരോഗ്യവകുപ്പ് നിര്‍ദേശിച്ച നാല് വാക്സീനുകളും ശ്രീലക്ഷ്മി സ്വീകരിച്ചിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. പേവിഷബാധയുടെ യാതൊരു ലക്ഷണങ്ങളും ഇതുവരെ ശ്രീലക്ഷ്മിക്ക് ഉണ്ടായിരുന്നില്ല. രണ്ട് ദിവസം മുൻപാണ് ചില ലക്ഷണങ്ങൾ ശ്രീലക്ഷ്മി കാണിച്ചത്. ഇതേ തുടര്‍ന്ന് ശ്രീലക്ഷ്മിയെ തൃശ്ശൂര്‍ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിക്കുകയും പരിശോധനകളിൽ പേവിഷബാധയേറ്റതായി സ്ഥിരീകരിക്കുകയും ചെയ്തു. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ ശ്രീലക്ഷ്മി മരണപ്പെടുകയായിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios