പന്തളത്ത് അയ്യപ്പധർമ സംരക്ഷണ സമിതിക്കാർ സിപിഎമ്മിൽ, അന്തംവിട്ട് ബിജെപി
വരുന്ന തെരഞ്ഞെടുപ്പിൽ ശബരിമല യുവതീ പ്രവേശം ആളിക്കത്തിച്ച് എൽഡിഎഫിനെ കടന്നാക്രമിക്കാൻ യുഡിഎഫും ബിജെപിയും ഒരുക്കം തുടങ്ങിയതിനിടെയാണ് ആചാരണ സംരക്ഷണ സമരത്തിന്‍റെ മുന്നിൽ നിന്ന് ഇടത് സർക്കാരിനെ വിമർശിച്ച എസ് കൃഷ്ണകുമാറിന്‍റെയും ഒപ്പം നിന്നവരുടെയും ഇടത്തേക്കുള്ള മലക്കംമറിച്ചിൽ.
പത്തനംതിട്ട: അയ്യപ്പ ധർമ്മ സംരക്ഷണ സമിതി ചെയർമാൻ എസ് കൃഷ്ണകുമാറടക്കം 25 ബിജെപി പ്രവർത്തകർ പന്തളത്ത് സിപിഎമ്മിൽ ചേർന്നു. ശബരിമല നാമജപ ഘോഷയാത്രക്ക് നേതൃത്വം നൽകിയ ആളാണ് എസ് കൃഷ്ണകുമാർ. അതേസമയം സിപിഎമ്മിലേക്ക് പോയവർക്ക് പാർട്ടിയുമായി ബന്ധമില്ലെന്നാരോപിച്ച് ബിജെപിയും രംഗത്തെത്തി.
വരുന്ന തെരഞ്ഞെടുപ്പിൽ ശബരിമല യുവതീ പ്രവേശം ആളിക്കത്തിച്ച് എൽഡിഎഫിനെ കടന്നാക്രമിക്കാൻ യുഡിഎഫും ബിജെപിയും ഒരുക്കം തുടങ്ങിയതിനിടെയാണ് ആചാരണ സംരക്ഷണ സമരത്തിന്‍റെ മുന്നിൽ നിന്ന് ഇടത് സർക്കാരിനെ വിമർശിച്ച എസ് കൃഷ്ണകുമാറിന്‍റെയും ഒപ്പം നിന്നവരുടെയും ഇടത്തേക്കുള്ള മലക്കംമറിച്ചിൽ.
''പാർട്ടിക്കുള്ള വലിയ പ്രശ്നം, ഞാനും വിളക്കും എന്ന മനോഭാവമാണ്. ബാക്കിയുള്ളവർ വിറകുവെട്ടുകാരും വെള്ളംകോരികളുമാണെന്നാണ് അവരുടെ കരുതൽ. അവരങ്ങനെ മാറിയിരിക്കുന്നു. ഇതാണ് കേരളത്തിലെ ബിജെപി ഇപ്പോഴനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്നം'', എന്ന് എസ് കൃഷ്ണകുമാർ പറയുന്നു.
ശബരിമല പ്രതിഷേധങ്ങൾക്കിടെ മരിച്ച കർമ്മ സമിതി പ്രവർത്തകൻ ചന്ദ്രൻ ഉണ്ണിത്താന്‍റെ മരണത്തെ തുടർന്ന് സിപിഎം പന്തളം ഏരിയ കമ്മിറ്റി ഓഫീസ് ആക്രമിച്ച കേസിലെ രണ്ടാം പ്രതിയാണ് കൃഷ്ണകുമാർ. ഈ കേസിൽ 21 ദിവസം ജയിൽ വാസം അനുഭവിച്ച കൃഷ്ണകുമാർ അതേ പാർട്ടി ഓഫീസിലേക്ക് തന്നെ എത്തുമ്പോൾ സിപിഎം നൽകുന്നത് വലിയ സ്വീകരണം. ഒപ്പം തദ്ദേശ തെരഞ്ഞെടുപ്പിൽ പന്തളത്ത് ഉണ്ടായ ക്ഷീണത്തിനെതിരായ പ്രചരണവും.
''ആർഎസ്എസ്സിന്‍റെയും ബിജെപിയുടെയും കാപട്യം തിരിച്ചറിഞ്ഞപ്പോഴാണ് അതിന്‍റെ മുൻനിരനേതാക്കളായിരുന്നവർ സിപിഎമ്മാണ് ശരിയെന്ന ബോധ്യത്തിന്‍റെ അടിസ്ഥാനത്തിൽ തിരികെ വരുന്നത്'', എന്ന് സിപിഎം നേതാവ് പി ബി ഹർഷകുമാർ.
വിഷയത്തിൽ ബിജെപി പ്രതികരണം ഇങ്ങനെ: ''ബിജെപിയുമായി ബന്ധപ്പെട്ട് നിലവിൽ ചുമതല വഹിക്കുന്ന ഒരാളും സിപിഎമ്മിലേക്ക് പോയിട്ടില്ല'', എന്ന് പറഞ്ഞൊഴിയുന്നു ബിജെപി നേതാവ് അശോകൻ കുളനട.
അയ്യപ്പധർമസംരക്ഷണസമിതി നേതാക്കൾ കൂടിയായ ബിജെപി പ്രവർത്തകർക്കൊപ്പം പന്തളത്ത് നിന്നുള്ള ഡിസിസി അംഗം അടക്കം 20 കോൺഗ്രസ് പ്രവർത്തകരും സിപിഎമ്മിൽ ചേർന്നുവെന്നതും പന്തളത്ത് പാർട്ടിക്ക് നേട്ടമാണ്.