കൊവിഡ് ബാധിച്ച് മരിച്ച കന്യാസ്ത്രീയുമായി സമ്പര്‍ക്കം; കൊച്ചിയില്‍ 18 കന്യാസ്ത്രീകള്‍ക്ക് കൂടി രോഗം
സിസ്റ്റർ ക്ലെയറിന്റെ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന രണ്ട് കന്യാസ്ത്രീകൾക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു
കൊച്ചി: എറണാകുളത്ത് 18 കന്യാസ്ത്രീയ്ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ച സിസ്റ്റർ ക്ലെയറിന്‍റെ സമ്പർക്കത്തിലുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആലുവ ചുണങ്ങംവേലി സെന്റ് മേരീസ് പ്രൊവിൻസിലെ കന്യാസ്ത്രീകളാണ് ഇവര്‍. സിസ്റ്റർ ക്ലെയറിന്റെ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന രണ്ട് കന്യാസ്ത്രീകൾക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു.
ഈ മാസം 17 നാണ് എറണാകുളം കാഞ്ഞൂർ എടക്കാട്ട് സ്വദേശിയായ വൈപ്പിൻ കുഴുപ്പിള്ളി എസ് ഡി കോൺവെന്‍റിലെ സിസ്റ്റർ ക്ലെയർ മരണശേഷം കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ ഉറവിടം വ്യക്തമല്ല. പനിയെ തുടർന്ന് ബുധനാഴ്ച ഉച്ചക്കാണ് സിസ്റ്റർ ക്ലെയറിനെ പഴങ്ങനാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ച രാത്രി ഒൻപതോടെ സിസ്റ്റർ ക്ലെയർ മരിച്ചു. 73 വയസായിരുന്നു. സിസ്റ്റർ ക്ലെയറിന് രോഗം പിടിപെട്ടത് എവിടെ നിന്നാണെന്ന് പരിശോധിച്ച് വരികയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കുഴുപ്പിള്ളി എസ് ഡി മഠത്തിലെ കന്യാത്രീകൾ ഉൾപ്പെടെ 17 പേരും, ചികിത്സിച്ച ഡോക്ടറും നഴ്സുമാരും നിരീക്ഷണത്തിലാണ്.
Also Read: കീം പരീക്ഷക്ക് കുട്ടിയെ എത്തിച്ച രക്ഷിതാവിനും കൊവിഡ്; തലസ്ഥാനത്ത് ആശങ്ക