'പുതുപ്പള്ളി പള്ളിയിലെ എല്ലാ ശക്തിയും ഞങ്ങളുടെ കൂടെയുണ്ട്'; ലോട്ടറി കച്ചവടക്കാർക്കിത് സുവര്‍ണകാലം
ഇവിടുന്ന് ലോട്ടറി എടുത്താൽ അടിക്കുമെന്ന തോന്നൽ ആളുകൾക്കുണ്ടെന്നും കച്ചവടക്കാര്‍.
കോട്ടയം: പുതുപ്പള്ളിയിൽ തെരഞ്ഞെടുപ്പ് ചൂട് കൊടുമ്പിരി കൊണ്ടിരിക്കെ, ലോട്ടറി കച്ചവടവും പൊടിപൊടിക്കുന്നു. പാർട്ടി പ്രവർത്തകർ, പള്ളിയിൽ എത്തുന്ന തീർത്ഥാടകർ തുടങ്ങി ഒട്ടനവധി പേരാണ് പ്രദേശത്തെ കച്ചവടക്കാരിൽ നിന്നും ഭാഗ്യപരീക്ഷണം നടത്തുന്നത്. ഓണം ബമ്പർ കാലം ആയതുകൊണ്ട് തന്നെ ഈ ടിക്കറ്റ് ആണ് കൂടുതലും വിറ്റു പോകുന്നതെന്നും ദിവസേനയുള്ള ലോട്ടറി ടിക്കറ്റുകളും ഭേദപ്പെട്ട രീതിയിൽ തന്നെയാണ് വിറ്റ് പോകുന്നതെന്നും കച്ചവടക്കാർ പറയുന്നു.
"നല്ല രീതിയിൽ കച്ചവടം നടക്കുന്നുണ്ട്. ഉമ്മൻ ചാണ്ടി സാറിന്റെ കല്ലറ കാണാൻ ഒട്ടനവധി ആൾക്കാരാണ് ഇവിടെ എത്തുന്നത്. അതനുസരിച്ച് കച്ചവടവും നടക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് ഒരു ഭാഗ്യപരീക്ഷണം എന്ന് പറയാൻ പറ്റില്ല. ഓരോരുത്തർ ചെയ്തതിന്റെ ഫലം അവരവർക്ക് തന്നെ കിട്ടും", എന്നാണ് ഒരു കച്ചവടക്കാരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്.
ഇവിടുന്ന് ലോട്ടറി എടുത്താൽ അടിക്കുമെന്ന തോന്നൽ ആളുകൾക്കുണ്ടെന്നും പുതുപ്പള്ളി പള്ളിയിലെ എല്ലാ ശക്തിയും ഞങ്ങളുടെ കൂടെയുണ്ടെന്നുമാണ് ഒരു മധ്യവയസ്കയായ ലോട്ടറി വിൽപ്പനക്കാരി പറയുന്നത്. എന്തായാലും തെരഞ്ഞെടുപ്പ് കാലം പുതുപ്പള്ളിയിലെ ലോട്ടറി കച്ചവടക്കാർക്ക് സുവർണകാലമാണെന്ന് നിസംശയം പറയാം.
അതേസമയം, ഈ വര്‍ഷത്തെ തിരുവോണം ബമ്പര്‍ വില്‍പ്പന മികച്ച രീതിയില്‍ മുന്നേറുകയാണ്. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയായ 25 കോടിയാണ് ഒന്നാം സമ്മാനം. കഴിഞ്ഞ ദിവസം വരെയുള്ള കണക്ക് പ്രകാരം പാലക്കാട് ജില്ലയാണ് ബമ്പര്‍ വില്‍പ്പനയില്‍ ഒന്നാമത്. 3,80,000 ടിക്കറ്റുകള്‍ ആണ് ഇവിടെ വിറ്റഴിഞ്ഞത്. ഇതിലൂടെ ഏകദേശം 15.20 കോടി രൂപ ജില്ല നേടി. 2022ല്‍ ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റഴിഞ്ഞതും പാലക്കാട് ആയിരുന്നു. തിരുവനന്തപുരം ആണ് രണ്ടാം സ്ഥാനത്ത്.
'ഒന്നിച്ചഭിനയിക്കാൻ കാത്തിരിക്കുന്നു' എന്ന് യോഗി ബാബു; ഏത് പടത്തിലും റെഡിയെന്ന് ദുൽഖർ